ചെറുകിട സംരംഭങ്ങളും കുടുംബശ്രീയും
May 09,2018 | 02:06:46 pm

ചെറുകിട സംരംഭങ്ങള്‍

ഉല്‍പ്പന്നങ്ങളോ, സേവനങ്ങളോ ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് ലാഭം ലഭിക്കുന്നതിനായി മൂലധനം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന പ്രക്രിയയാണ് സംരംഭം. കുടുംബശ്രീ സൂക്ഷ്മ സംരംഭ വികസനത്തിന്‌ പ്രാമുഖ്യം നല്‍കി അതിലൂടെ സാമ്പത്തിക ശാക്തീകരണത്തിന് ലക്ഷ്യമിടുന്നു.

ഗ്രാമീണ സൂക്ഷ്മസംരംഭം പദ്ധതി (RME)

കുടുംബശ്രീ അംഗം/കുടുംബാംഗമായ 18-55 വയസ്സുവരെയുള്ള വനിതകള്‍ക്കും മാത്രം ഒറ്റക്കോ കൂട്ടമായോ ചെയ്യാവുന്ന മേഖലയാണ് ആര്‍.എം.ഇ. ഗ്രേഡിംഗ് പൂര്‍ത്തീകരിച്ച അയക്കൂട്ടത്തില്‍ അംഗത്വമെടുത്ത് ചുരുങ്ങിയത് 6 മാസം കഴിഞ്ഞ ആര്‍ക്കും വിവിധ ഘട്ടങ്ങളില്‍ അനുശാസിക്കുന്ന പരിശീലനം പൂര്‍ത്തീകരിച്ച് ഇതിന്‍റെ ഗുണഫലം അനുഭവിക്കാവുന്നതാണ്. ഇതില്‍ വ്യക്തിഗത പദ്ധതിയ്ക്ക് പ്രൊജക്റ്റ്‌ കോസ്റ്റിന്റെ പരമാവധി 30% അല്ലെങ്കില്‍ 7,500, രൂപ ഗ്രൂപ്പ് സംരംഭത്തിന് പദ്ധതി തുകയുടെ 50% അല്ലെങ്കില്‍ പരമാവധി 1,00,000 ഏതാണോ കുറവ് അത് അനുവദിക്കും.

യുവശ്രീ (50 K)

കുടുംബശ്രീ അംഗം/കുടുംബാംഗമായ അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണ് യുവശ്രീ. പ്രായപരിധി 18-45. ഈ പദ്ധതിയ്ക്ക് അംഗീകാരം നല്‍കുന്നതിനു കുടുംബശ്രീ ജില്ലാ ഓഫീസിനു അധികാരമുണ്ടായിരിക്കും. വ്യക്തിഗത സംരംഭത്തിന് പരമാവധി പദ്ധതികളുടെ 30% അല്ലെങ്കില്‍ പരമാവധി 7500/- രൂപ ഗ്രൂപ്പ് സംരംഭത്തിന് തുകയുടെ 50% അല്ലെങ്കില്‍ പരമാവധി 1,00,000 രൂപ ഏതാണോ കുറവ് അത് അനുവദിക്കും.

റിവോള്‍വിംഗ് ഫണ്ട്‌

പ്രവര്‍ത്തന മൂലധനത്തിന്റെ അപര്യാപ്തത മൂലം സംരംഭത്തിനു ബുദ്ധിമുട്ട നേരിടുമ്പോള്‍ നല്‍കുന്ന അധിക ധനസഹായമാണ് റിവോള്‍വിംഗ് ഫണ്ട്‌. മൃഗസംരക്ഷണ മേഖല ഒഴികെയുള്ള ഗ്രൂപ്പ് സംരംഭങ്ങള്‍ ചുരുങ്ങിയത് 6 മാസമെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇതിനായി അപേക്ഷിക്കാവുന്നതാണ്. ചുരുങ്ങിയത് 3 പേരെങ്കിലും അപേക്ഷിക്കുന്ന സമയത്ത് സംരംഭത്തില്‍ ഉണ്ടായിരിക്കണം. പദ്ധതി തുകയുടെ 15% അല്ലെങ്കില്‍ 35,000/- രൂപ ഏതാണോ കുറവ് അത് അനുവദിക്കും. കുടുംബശ്രീ ജില്ലാ ഓഫീസിനു ഇതിനായി അനുമതി നല്‍കാവുന്നതാണ്.

ടെക്നോളജി ഫണ്ട്‌

പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കുവാനും മെഷിനറി വാങ്ങിക്കുവാനും ഈ ഫണ്ട്‌ ഉപയോഗിക്കാവുന്നതാണ്. ഇതിനു സ്ഥലം/കെട്ടിടം എന്നിവ ഒഴികെയുള്ള സ്ഥിരമൂലധനത്തിന്റെ 40% അല്ലെങ്കില്‍ 2,50,000/- ഏതാണോ കുറവ് അത് അനുവദിക്കും. സംസ്ഥാന മിഷന്‍ ഇതിനു അംഗീകാരം നല്‍കുന്നതും ആയിരിക്കും.

രണ്ടാം ഘട്ട ധനസഹായം

സംരംഭം പ്രവര്‍ത്തനം തുടങ്ങി പ്രവര്‍ത്തനം വിപുലീകരിക്കാനോ മേഖല മാറ്റാനോ ഇത് അനുവദിക്കുന്നതാണ്. ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും സംരംഭം പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. പരമാവധി 2,50,000 വരെ സംസ്ഥാന മിഷന്‍ ഇതിനു അനുവദിക്കുന്നതാണ്. കൂടാതെ BPL കുടുംബത്തിലെ 18-35 വരെ പ്രായമുള്ള യുവാക്കള്‍ക്ക് തൊഴില്‍ മേഖലയില്‍ അവസരം കണ്ടെത്തുന്നതിനായി വിദഗ്ദ്ധ പരിശീലനം നല്‍കുന്നു.

കൂടുതൽ വിവരങ്ങൾക്ക് http://www.kudumbashree.org/

 
� Infomagic - All Rights Reserved.