ഗവി കാണാം,കാനന സൗന്ദര്യം നുകരാം ; ടൂര്‍പാക്കേജുമായി കുടുംബശ്രീ
July 07,2018 | 02:27:07 pm

മുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരമുള്ള പ്രകൃതിമനോഹരമായ പ്രദേശമാണ് ഗവി. ഗവി തേടി ഗവിയുടെ മനോഹാരിത തേടി വിദേശ സഞ്ചാരികളടക്കം യാത്രാപ്രേമികളൊക്കെ ഒരിക്കലെങ്കിലും അവിടെയെത്തും. സ്ത്രീകളടക്കമുള്ള സഞ്ചാരിസംഘം പലപ്പോഴും ഇന്ത്യയിലെ ടൂറിസം മേഖലകളില്‍ വെച്ച് ആക്രമിക്കപ്പെടുന്നത് പതിവായതോടെ വിദേശ സഞ്ചാരികളുടെ വരവും കുറഞ്ഞുവരികയാണ്.

എന്നാല്‍ ഗവി കാണാനും വന്യസൗന്ദര്യം ആസ്വദിച്ചുള്ള ട്രക്കിങ്ങിനുമൊക്കെയായി എത്തുന്നവര്‍ക്ക് സുരക്ഷിത ബോധത്തോടെ സഞ്ചരിക്കാനും തങ്ങാനുമൊക്കെ പറ്റിയ ഒരു ഏജന്‍സിയുണ്ട്. അതാണ് പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്‍. ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങളും ബിസിനസുമൊക്കെയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഒരു പുതിയ പ്രതീക്ഷ കൂടിയാണിവര്‍.

വിനോദസഞ്ചാരമേഖലയിലേക്കുള്ള ഇവരുടെ കടന്നുവരവ് വിദേശ സഞ്ചാരികള്‍ക്കടക്കം സഹായകരമാണ്. ഗവിയും കാടും വന്യമൃഗ-പക്ഷി നിരീക്ഷണവുമൊക്കെ അടക്കം നല്ലൊരു പാക്കേജാണ് കുടുംബശ്രീ ഒരുക്കുന്നത്. ഇതിനായി ദിനേന രണ്ട് മിനി ബസ് സര്‍വീസും ഇവരുടെ വകയുണ്ട്. 

അടൂരില്‍ നിന്ന് തുടങ്ങി കൊടുമണ്‍,കോന്നി, തണ്ണിത്തോട്, ചിറ്റാര്‍, ആങ്ങമൂഴി, കൊച്ചു പമ്പ വഴി ഗവിയിലേക്കാണ് ഒരു ട്രിപ്പ്. സമാന്തരമായി മറ്റൊരെണ്ണം തേക്കടിയില്‍ നിന്ന് തുടങ്ങി കുമളി, മുണ്ടക്കയം വഴി തിരികെ അടൂരിലെത്തും. ഒരു ദിവസത്തെ ഈ ട്രിപ്പിന് ഒരാള്‍ക്ക് 2000 രൂപയാണ് ചാര്‍ജ്.

രണ്ടാമത്തെ മിനി ബസ് ആദ്യ ദിവസം തേക്കടിയില്‍ തങ്ങി അടുത്ത ദിവസം കുമരകം, ആലപ്പുഴ യാത്രയ്ക്കു ശേഷം അടൂരിലെത്തും ഒന്നിടവിട്ട ദിവസങ്ങളിലും അടൂരില്‍ നിന്നും സര്‍വീസ് നടത്തും.
രണ്ട് ദിവസത്തെ യാത്രയില്‍ ഗവി കൂടാതെ തേക്കടി,കുമരകം-ആലപ്പുഴ എന്നീ സ്ഥലങ്ങളും സന്ദര്‍ശിക്കാം. ഈ പാക്കേജിലാണ് കാനന സഫാരിയും വന്യമൃഗ നിരീക്ഷണവും ട്രക്കിങ്ങുമൊക്കെയുള്ളത്.ഇതിന് ഒരാള്‍ക്ക് നാലായിരം രൂപയാണ് ചാര്‍ജ്.

കൊടുമണ്ണിലും ആങ്ങമൂഴിയിലും കൊച്ചുപമ്പയിലും എത്തുന്ന സഞ്ചാരികള്‍ക്കായി കുടുംബശ്രീയുടെ കൈപുണ്യം പകരാന്‍ റസ്റ്റോറന്റുകളും റെഡിയാകുന്നുണ്ട്. പദ്ധതികള്‍ ഓഗസ്റ്റ് മാസത്തോടെ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. 

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയ്ക്കായി പട്ടികജാതി വികസന വകുപ്പ് അനുവദിച്ച 89 ലക്ഷം രൂപ ചിലവഴിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട ജോലികളുടെ
75 ശതമാനവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 25 ശതമാനം മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുമായിരിക്കും നല്‍കുക. കുടുബശ്രീ അംഗങ്ങള്‍ക്കോ, കുടുംബശ്രീ കുടുംബാഗങ്ങള്‍ക്കോ മാത്രമായിരിക്കും പദ്ധതിയില്‍ ജോലി നല്‍കുക.

അപ്പോള്‍ യാത്ര പോകാന്‍ റെഡിയാകുമ്പോള്‍ കുടുംബശ്രീയുടെയും ഡിടിപിസിയുടെയും വെബ് സൈറ്റില്‍ കയറി യാത്ര ബുക്ക് ചെയ്യാം.

 

 
� Infomagic - All Rights Reserved.