ലിങ്ക്ഡ്ഇന്‍ എന്ന അവസരങ്ങളുടെ വാതായനം
November 08,2018 | 11:08:40 am

 

ഫേസ്ബുക്ക്,ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമമാണ് ലിങ്ക്ഡ് ഇന്‍.കോം. തൊണ്ണൂറു ശതമാനം റിക്രൂട്ടര്‍മാരും ആശ്രയിക്കുന്ന സമൂഹമാധ്യമാണ് ലിങ്ക്ഡ്ഇന്‍ എന്ന് സൊസൈറ്റി ഓഫ് ഹ്യൂമന്‍ റിസര്‍ച് മാനേജ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റീഡ് ഹോഫ്മാനും സുഹൃത്തുക്കളായ അലന്‍ ബ്ലൂ, കോണ്‍സ്റ്റാന്‍ടിന്‍ ഗുരിക്കെ, എറിക് ലെ, ജീന്‍ ലുക്-വൈലന്റ് എന്നിവരോടൊപ്പം 2002 ലാണ് ലിങ്ക്ഡ്ഇന്‍.കോമിന് തുടക്കം കുറിച്ചത്.

തൊഴില്‍ തേടുന്നവര്‍ക്കും ഒട്ടധികം ഉപകാരപ്പെടുന്ന ഒരു സംവിധാനമാണ് ലിങ്ക്ഡ്ഇന്‍.കോം. ലോകത്തെമ്പാടുമുള്ള തൊഴില്‍ സാധ്യതകളുടെ ഒരു വിശാല ലോകം തന്നെ തുറന്നിട്ടുകൊു ലിങ്ക്ഡ്ഇന്‍ വന്‍വിപ്ലവമാണ് കാഴ്ചവെക്കുന്നത്. ലോകത്തിന്റെ എല്ലാ കോണിലുമുള്ള പലതരം പ്രൊഫഷണല്‍ ജോലികളുടെയും അറിയിപ്പും നമുക്കിഷ്ടമുള്ള സ്ഥല-തൊഴില്‍ തിരഞ്ഞെടുത്ത് തൊഴില്‍ സാധ്യതകള്‍ അറിയാനുമുള്ള ഒരു വേദികൂടിയാണ് ലിങ്ക്ഡ്ഇന്‍.കോം.

2003 മെയ് 5ന് ഔദ്യോദികമായി ആരംഭിച്ച ലോകത്തെ ആദ്യത്തെ പ്രൊഫഷണല്‍ കൂട്ടായ്മയില്‍ ആദ്യത്തെ മാസാവനത്തോടെ തന്നെ 4500 പേര്‍ ലിങ്ക്ഡ് ഇന്നിന്റെ ഭാഗമായി. പ്രൊഫഷണലുകള്‍, കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നുതുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാസമ്പന്നരായവര്‍ക്കും മറ്റും തങ്ങള്‍ക്ക് താത്പര്യമുള്ള മേഖലയെപ്പറ്റിയുള്ള വിവരങ്ങളും മറ്റും അറിയാനും അതിലൂടെ കൂടുതല്‍ പേരുമായും ലിങ്ക് ചെയ്യുവാനും സാധിക്കുന്നു ലിങ്ക്ഡ്ഇന്‍.കോമിലൂടെ. അംഗത്വം തികച്ചും സൗജന്യമാണെങ്കിലും, വരിസംഖ്യ ഈടാക്കിയുള്ള പ്രീമിയം മെമ്പര്‍ഷിപ്പുള്ളവര്‍ക്കു കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാണ്. ഇത് കൂടാതെ ടാലെന്റ്‌റ് സൊല്യൂഷന്‍സ്, മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് എന്നീ മേഖലയിലെ സേവനങ്ങളിലൂടെയും മറ്റുമാണ് ലിങ്ക്ഡ്ഇന്‍.കോം എന്ന ആഗോള പ്രസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകള്‍. ലോകത്തിലെ എല്ലാ മുക്കിലും മൂലയിലുമുള്ള രാജ്യങ്ങളില്‍ നിന്നെല്ലാം അംഗങ്ങള്‍ ഉള്ള ഈ ആഗോള പ്രസ്ഥാനത്തില്‍ പതിനായിരത്തോളം മുഴുവന്‍ സമയ ജീവനക്കാരുണ്ട്.

ഇംഗ്ലീഷ് കൂടാതെ 23 ഭാഷകളില്‍ ലിങ്ക്ഡ്ഇന്‍.കോം പ്രചാരത്തിലുണ്ട്. പോളിഷ്, പോര്‍ച്ചുഗിസ്, റൊമാനിയന്‍, റഷ്യന്‍, സ്പാനിഷ്, സ്വീഡിഷ്, അറബിക്, സിംപ്ലിഫൈഡ് ചൈനീസ്, ട്രഡീഷണല്‍ ചൈനീസ്, ചെക്, ഡാനിഷ്‌ക, ഡച്ച്, ടാഗലോഗ്, തായ്, ടര്‍ക്കിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, മലയ, നോര്‍വെജിന്‍ എന്നിവയാണ് പ്രയോഗത്തിലുള്ള മറ്റു ലിങ്ക്ഡ്ഇന്‍.കോം ഭാഷകള്‍. ലോകത്തെമ്പാടുമായി നാല് കോടിയിലേറെ വിദ്യാര്‍ഥികള്‍ ലിങ്ക്ഡ്ഇന്‍.കോമിലെ അംഗങ്ങളാണ്. ഏതൊരു വിദ്യാര്‍ത്ഥിക്കും ഇന്ത്യയിലെ ഏതൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ അധികാരികളുമായി ബന്ധപ്പെടാനും അവരുടെ സ്വപ്നത്തിലെ ജോലി തരപ്പെടുത്താനും ലിങ്ക്ഡ് ഇന്‍ സഹായിക്കുന്നു. 'ഇന്‍ഫ്‌ലുവെന്‍സേര്‍സ്' എന്ന മറ്റൊരു സവിശേഷമായ ഉത്പന്നത്തിലൂടെ ലിങ്ക്ഡ്ഇന്‍.കോം ലോകത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളെ അവതരിപ്പിക്കുകയും അവരെ പിന്തുടരുന്നവരുടെ (ഫോള്ളോവെര്‍സ്) കൂട്ടായ്മയും ഒരുക്കിയിരിക്കുന്നു. കോര്‍പ്പറേറ്റ് രംഗത്ത് വേര്‍ജിന്‍ ഗ്രൂപ്പ് മേധാവി റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സണും മൈക്രോസോഫ്റ്റിന്റെ ബില്‍ ഗെയ്ട്‌സും അടക്കമുള്ള അതികായകന്മാരും, നരേന്ദ്രമോദിയടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരും കായിക-കലാ- സാഹിത്യ രംഗത്തെ വ്യക്തികളും അടക്കം ആയിരകണക്കിന് പ്രമുഖര്‍ ലിങ്ക്ഡ്ഇന്‍.കോമില്‍ 'ഇന്‍ഫ്‌ളുന്‍സര്‍സ്' ആണ്.

നമ്മുടെ കൂടെ ജോലി ചെയ്യുന്നവരുടെയും ചെയ്തവരുടെയും പഠിച്ചവരുടെയും സമാന മേഖലയില്‍ മറ്റു കമ്പനികളില്‍ ജോലി നോക്കുന്നവര്‍ എന്നുതുടങ്ങി പലരില്‍ നിന്നും നമ്മളെക്കുറിച്ച് നമ്മുടെ 'പ്രൊഫൈലില്‍' റെക്കമെന്‍ഡേഷന്‍സ് എഴുതി വാങ്ങി ചേര്‍ക്കാവുന്നതാണ്. അതുപോലെ തന്നെ നമുക്കും മറ്റുള്ളവര്‍ക്ക് വേണ്ടി അത്തരത്തില്‍ റെക്കമെന്‍ഡേഷന്‍ നല്കാവുന്നതുമാണ്. സമാന മേഖലയിലോ, ഒരേ കമ്പനിയിലോ ജോലി ചെയ്തവരും ചെയ്യുന്നവരും ഒരേ കോളേജിലോ യൂണിവേഴ്‌സിറ്റിയിലോ പഠിച്ചവര്‍,സമാന ജോലി ചെയ്യുന്നവര്‍, എന്ന് വേണ്ട ഏത് തരത്തിലുള്ള പ്രൊഫഷണല്‍ കൂട്ടായ്മയും സാധ്യമാക്കുന്ന ബഹുവിധ ഗ്രൂപ്പുകളും ലിങ്ക്ഡ്ഇന്‍.കോമിലുണ്ട്. അങ്ങനെ സാധ്യതകളുടെ ഒരു വിശാല വാതായനം തുറന്നിട്ട് ഓരോരുത്തരെയും കാത്തിരിക്കുകയാണ് ലിങ്ക്ഡ് ഇന്‍.കോം.

 
� Infomagic- All Rights Reserved.