മെറ്റനോയ; ഒന്നര ലക്ഷം രൂപയുടെ പ്രകൃതി സൗഹാര്‍ദ 'റിസോര്‍ട്ട്'
March 08,2019 | 10:28:02 am

മെട്രോ നഗരമായ കൊച്ചിയുടെ തിരക്കുകള്‍ ഒഴിഞ്ഞു നില്‍ക്കുന്ന അമ്പലമേടെന്ന കൊച്ചു ഗ്രാമത്തില്‍ പരിസ്ഥിതി സൗഹൃദമായ ഒരു വീടുണ്ട്. വീട്ടുടമ ഇതിനെ റിസോര്‍ട്ടെന്നാണ് വിളിക്കുന്നത്. മെറ്റനോയ എന്ന പ്രകൃതി സൗഹൃദ റിസോര്‍ട്ട്. എട്ട് പണിക്കാര്‍ എട്ട് ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്റെ ഉടമയാണ് അരുണ്‍ തഥാഗത്. പ്രകൃതി ജീവിതത്തിന്റെ ആഡംബര ഭവനമെന്ന് മെറ്റനോയയെ വിശേഷിപ്പിക്കാം. ആര്‍ക്കും ഇവിടെ വരാം, റിസോര്‍ട്ടിന്റെ സൗഹൃദം ആസ്വദിക്കാം.

മൂന്നു നിലയുള്ള ഓലപ്പുരയാണ് മെറ്റനോയ. 1400 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. കവുങ്ങും ഓലയും മുളയുമൊക്കെയാണ് വീടുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു നിലയുള്ള വീടിന്റെ താഴെ നില കരിങ്കല്‍ പാളിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ചിതല്‍ പിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് കരിങ്കല്‍പാളിയില്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് വീടിനായി മുളയും കവുങ്ങുമൊക്കെ കൊണ്ടുവന്നത്.

പ്രകൃതിയോട് ഇണങ്ങുന്ന വീടിനോട് വലിയ താത്പര്യമായിരുന്നു. ഇതിനായി സുഹൃത്തുമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഇരുപത് വര്‍ഷത്തോളം അലഞ്ഞു. ഒടുവില്‍ മണ്‍വീടെന്ന ആശയം മാറ്റി മരം കൊണ്ടുള്ള വീടിനോട് ആകൃഷ്ടനായി, അരുണ്‍ തഥാഗത് പറയുന്നു. ഒന്നര വര്‍ഷത്തോളമേ മെറ്റനോയ നിര്‍മിച്ചിട്ട് ആകുന്നുളളൂ.

കവുങ്ങിന്റെ കീറിയ പാളികളാണ് ഈ വീടിന്റെ തറ നിര്‍മിച്ചിരിക്കുന്നത്. വശങ്ങളിലെ ചുമരുകളും മുറികളെ വേര്‍തിരിക്കുന്നതിനുമെല്ലാം കവുങ്ങിന്‍ പാളികളാണ് ഉപയോഗിച്ചിരിക്കുന്നത്. മുറികളെ തമ്മില്‍ വേര്‍തിരിക്കുന്നത് കവുങ്ങിന്‍ പാളികളാണ്. അത് തന്നെ ഭിത്തിയായി വെച്ചു. തുറന്ന വീട് എന്ന സങ്കല്‍പ്പത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണിന്റെ അച്ഛന്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഭൂമിയിലാണ് മെറ്റനോയ പണിതുയര്‍ത്തിയത്. ഒറ്റയാന്‍ ആയതിനാലും വിലപിടിപ്പുളളതൊന്നും ഇല്ലാത്തതിനാലും തുറന്ന വീടെന്ന അരുണിന്റെ സങ്കല്പത്തിന് മാറ്റം വരുത്തിയില്ല. മുളയില്‍ കയര്‍ പാകിയ ഏണിപ്പടികളാണ് മറ്റൊരു ആര്‍ഭാടം. 200 ചതുരശ്ര അടിയുളള ലൈബ്രറിയും ഹാളും ഗസ്റ്റ് റൂമും അടക്കം മൂന്ന് മുറിയും ഒരു ഹാളുമാണ് മെറ്റനോയയ്ക്കുളളത്.

ജനല്‍ വേണ്ട സ്ഥലങ്ങളില്‍ പഴയ നാലുക്കെട്ടിലൊക്കെയുള്ള മുഖപ്പ് നിര്‍മിച്ചിട്ടുണ്ട്. മുഖപ്പുകളില്‍ മുള കൊണ്ടുള്ള അഴികളുമുണ്ട്. ജനലും വാതിലും ഉള്ള വീടായും ഇത് നിര്‍മിക്കാവുന്നതാണ്.ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാവുന്ന ആതിഥേയത്വമാണ് മെറ്റനോയയുടേത്. എറണാകുളം അമ്പലമുകളിന് സമീപം അമ്പലമേട് പാറേക്കാട് വീട്ടില്‍ നാരായണന്റേയും തങ്കമണിയുടെയും മകനാണ് അരുണ്‍ തഥാഗത്. എറണാകുളം കലക്റ്റട്രേറ്റിലെ റവന്യൂ വകുപ്പിലെ സീനിയര്‍ എല്‍.ഡി. ക്ലാര്‍ക്കാണ് ഇദ്ദേഹം.

 

 
Related News
� Infomagic- All Rights Reserved.