യാസ്മിനും 500 പെണ്ണുങ്ങളും; തെന്നലയുടെ മുല്ലപ്പൂ വിപ്ലവം
April 10,2019 | 03:52:46 pm

മലപ്പുറം ജില്ലയിലെ തെന്നല എന്ന ചെറിയ പ്രദേശം ഇന്ന് അറിയപ്പെടുന്നത് വിഷരഹിതമായ 'തെന്നറ റൈസ്'ന്റെ പേരിലാണ്. ഗുണമേന്മയില്‍ മികച്ചു നില്‍ക്കുന്ന ജൈവ അരികള്‍ പലവിധമാണ് തെന്നല റൈസിന്റെ ബ്രാന്റുകളിലുള്ളത്. മട്ട അരി,തവിടുള്ള അരി,ഉണങ്ങലരി,അരിപ്പൊടി,അവില്‍ തുടങ്ങി നിരവധി ഇനം ഉല്‍പ്പന്നങ്ങളാണ് ഈ കൊച്ചുഗ്രാമത്തില്‍ നിന്ന് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഉപഭോക്താക്കള്‍ക്കായി വണ്ടി കയറുന്നത്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഒരു ഗ്രാമം എങ്ങിനെ ഒരു നല്ല കാര്‍ഷിക ഗ്രാമമെന്ന ഐഡന്റിന്റി ഉണ്ടാക്കിയെടുത്തുവെന്നത് ഏവരുടെയും മനസില്‍ ഉയരുന്ന ചോദ്യമാണ്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് പിറകിലുള്ള ഉത്തരം ഒരു മുസ്ലിംസ്ത്രീയുടെ പേരിലാണ് അവസാനിക്കുന്നത്. ജാസ്മിന്‍ എന്ന മുപ്പത്തിയഞ്ചുകാരിയുടെ വിയര്‍പ്പും മനക്കരുത്തുമാണ് തെന്നലയെന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കൊച്ചുഗ്രാമത്തെ ഭക്ഷ്യസുരക്ഷയുടെ മടിത്തട്ടാക്കി മാറ്റിയത്. ഇവരു്‌ടെ നേതൃത്വത്തിലുള്ള കൂട്ടായമ പടുത്തുയര്‍ത്തിയ തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് എന്ന സ്ഥാപനം ലോകം മുഴുവന്‍ അറിയപ്പെടുന്ന കമ്പനിയാണ്.

യാസ്മിന്‍ എന്ന മുല്ലപ്പൂ വിപ്ലവം
പല പെണ്‍കുട്ടികളെയും പോലെ പലവിധ കാരണങ്ങളാല്‍ പത്താംക്ലാസില്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഒരാളാണ് യാസ്മിനും.വീട്ടിലെ ദാരിദ്ര്യത്താല്‍ അടുക്കളയില്‍ മാത്രം ഒതുങ്ങിപ്പോയ ജീവിതം. 2006ല്‍ കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചപ്പോള്‍ അത്യാവശ്യം എഴുത്തും വായനയും അറിയാവുന്ന ആളെന്ന നിലയില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഇവര്‍ പറയുന്നു.നാലുവര്‍ഷത്തോളം തന്നോട് സമാനമനസ്‌കതയുള്ള കഷ്ടപ്പാടുകളും ദുരിതങ്ങളുമുള്ളവര്‍ക്ക് ഇടയിലുള്ള ജീവിതമായിരുന്നു. ഇത് തന്റെ മനസ് മാറ്റിമറിച്ചുവെന്ന് യാസ്മിന്‍ ഓര്‍ക്കുന്നു. 2010 ല്‍ യാസ്മിന്‍ വീടുവിട്ടിറങ്ങി പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി നിലകൊണ്ടു.
2011ല്‍ സിഡിഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തന്റെ 28ാം വയസില്‍ പാതിവഴിയില്‍ അവസാനിപ്പിച്ച പഠനം പൂര്‍ത്തിയാക്കാനായി പിന്നെ പരിശ്രമം. തനിക്കൊപ്പം തന്നൈ മറ്റുള്ളവരെ 4,7,10 ക്ലാസുകളിലെക്ക് അതുല്യം തുല്യതാ പരീക്ഷയെഴുതിച്ചു. പിന്നീട് സ്വന്തമായി വരുമാനം വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് കൃഷിയെന്ന മാര്‍ഗത്തെ കുറിച്ച് ചിന്തിക്കുന്നത്.മുസ്ലിം സ്ത്രീകള്‍ പാടത്തും പറമ്പിലുമൊക്കെ പണിയായുധങ്ങളുമായി ഇറങ്ങുന്നതില്‍ ചിലരൊക്കെ പ്രതിഷേധിച്ചെങ്കിലും അതിനെയൊന്നും വകവെച്ചില്ല. ഇടയ്ക്ക് നഷ്ടവും പണിക്ക് ആളെ കിട്ടാത്തതും കാരണം ജോലി നിര്‍ത്തിവെച്ചപ്പോള്‍ അവരൊക്കെ കളിയാക്കിയെങ്കിലും പിന്നീട് അഞ്ഞൂറ് സ്ത്രീകളെയും കൂടെക്കൂട്ടി പാട്ടത്തിനെടുത്ത പറമ്പിലും പാടത്തും പൊന്നുവിളയുന്നത് കണ്ട് അത്ഭുതം കൂറുന്നത് കണ്ടിട്ടുണ്ടെന്ന് യാസ്മിന്‍ ഓര്‍ക്കുന്നു.
ഇന്ന് തെന്നല അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണിവര്‍.

മണ്ണിലേക്കിറങ്ങി പൊന്നുവിളയിച്ചു

500 സ്ത്രീകളെ കൂടെ കൂട്ടിയാണ് കാര്‍ഷിക ഗ്രൂപ്പ് രൂപീകരിച്ചത്.ആയിരം രൂപയായിരുന്നു ആദ്യ മൂലധനം. തെന്നല ഗള്‍ഫ് ബൂമില്‍ മറന്നുപോയ കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. സ്ത്രീകളെ കോര്‍ത്തിണക്കി തെന്നല അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചു. തെന്നല റൈസ് എന്ന പേരില്‍ അവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് വിപണിയിലെത്തിച്ചു. വിഷബാധയില്ലാത്ത പരിപൂര്‍ണ ജൈവ നെല്ലിന്റെ ഖ്യാതി ലോകമെങ്ങും പെട്ടെന്ന് തന്നെ വ്യാപിച്ചു. സ്ത്രീകളുടെ വിജയത്തിന് പിറകെ മാറി നിന്നവരും പരിഹസിച്ചവരുമൊക്കെ ഒന്നിച്ചുകൂടി. വാളക്കുളം,എരഞ്ഞിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലൊക്കെ പൊന്നുവിളഞ്ഞു. ഇന്ന് തെന്നലയിലെ കുടുംബശ്രീ ഒന്നാംസ്ഥാനത്താണ്. സ്ത്രീകള്‍ വഴി കുടുംബങ്ങളിലെല്ലാം സാമ്പത്തികമായി മെച്ചമുണ്ടാക്കാന്‍ യാസ്മിന് സാധിച്ചു.

തെന്നല നെല്ല്

അരി ഏറെ നാള്‍ കേടുകൂടാതെ ഇരിക്കാന്‍ രാസമിശ്രിതങ്ങള്‍ ചേര്‍ക്കുന്ന പതിവില്ലാത്തതിനാല്‍ തെന്നല നെല്ല് ആവശ്യത്തിന് മാത്രമാണ് അരിയാക്കുക. നിലവില്‍ 108 ടണ്‍ നെല്ല് അഞ്ച് ഗോഡൗണുകളിലായുണ്ട്. ആവശ്യക്കാരെത്തും മുറയ്ക്ക് നെല്ല് അരിയാക്കും.സാധാരണ അരിപോലെ പ്രാണിശല്യമില്ലാതെ ഒരുപാട് കാലം തെന്നല അരി ഇരിക്കില്ല. എന്നാല്‍ വിഷമില്ലാത്ത ഫ്രഷ് അരി കഴിക്കാന്‍ തെന്നലയേക്കാള്‍ നല്ലൊരു ഓപ്ഷനില്ല.

കമ്പനി
കമ്പനിയുടെ ഖ്യാതി കടല്‍കടന്നിട്ടുണ്ട്. എന്നാല്‍ ഈ വനിതാ സംരംഭത്തിന്റെ പരിമിതികള്‍ ഇനിയും തീര്‍ക്കാനുണ്ട്. തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സിന് ഓഫീസില്ല. സിഇഓയുടെ വീട്ടിലെ ഒറ്റമുറിയാണ് ഓഫീസ്. പാക്കിങ്ങും മറ്റും ഇവിടെ നിന്നുതന്നെ.കമ്പനിയുടെ എംഡി യാസ്മിനും ചെയര്‍പേഴ്‌സണ്‍ ഹാജറയുമാണ്.

 

 
Related News
� Infomagic- All Rights Reserved.