വീട്ടുകാര്യങ്ങള്‍ക്കൊപ്പം അല്‍പ്പം ബയോഹൈടെക് കൂണ്‍കൃഷി;ഷൈജിയുടെ വരുമാനം പതിനായിരം രൂപ
September 13,2018 | 03:10:07 pm


വീട്ടുകാര്യങ്ങള്‍ നോക്കി ജീവിതം തള്ളിനീക്കുന്നതിനിടെ പല യുവതികളും ചെറിയൊരു വരുമാനം സ്വന്തമായി വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പുറത്തുപോയി ജോലി ചെയ്യാന്‍ സാധിക്കുകയുമില്ല. വീട്ടിലിരുന്നുള്ള പീസ് വര്‍ക്കുകളാണെങ്കില്‍ മതിയായ തുക വരുമാനം നല്‍കുകയുമില്ല.

എന്നാല്‍ ആലപ്പുഴ എരമല്ലൂര്‍ സ്വദേശിനി ഷൈജിയുടെ കഥയറിഞ്ഞാല്‍ നിങ്ങളൊക്കെ മാറി ചിന്തിച്ചേക്കും. ഷൈജി നേരംപോക്കായി തുടങ്ങിയതായിരുന്നു കൂണ്‍കൃഷി.കൗതുകത്തിന് അപ്പുറത്തേക്ക് മികച്ചൊരു വരുമാനമാര്‍ഗം തന്നെയായി മാറുകയായിരുന്നു.അരൂരിലെ ട്രെയിനിങ് ടെക്‌നോളജി സെന്ററില്‍ നിന്നാണ് കൂണ്‍കൃഷിയെ കുറിച്ച് ഷൈജി പഠിച്ചത്. ബയോഹൈടെക് കൂണ്‍കൃഷിയാണ് ഇവര്‍ നടത്തിയത്.

അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ആദ്യകൃഷി തന്നെ വിജയകരമായതോടെ വീട്ടിലെ ആവശ്യങ്ങള്‍ക്ക് ശേഷം ബാക്കിവരുന്നവ അയല്‍ക്കാര്‍ക്ക് കൊടുത്തുതുടങ്ങി. ഇതോടെ ആവശ്യക്കാര്‍ കൂണ്‍ അന്വേഷിച്ച് ഷൈജിയുടെ വീട്ടിലേക്ക് എത്തിതുടങ്ങി. വരുമാനം തരുന്ന ഈ കൃഷി എന്തുകൊണ്ട് മികച്ച രീതിയില്‍ വളര്‍ത്തിയെടുത്തുകൂടാ എന്നായി ഷൈജിയുടെ ചിന്ത.

വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി വിപുലമാക്കാന്‍ ഭര്‍ത്താവ് തങ്കച്ചനും കൂടെയെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. വീടിനോട് ചേര്‍ന്ന് കൂണ്‍കൃഷിയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി. കൂണ്‍ വില്‍പ്പനയ്‌ക്കൊപ്പം കൂണ്‍വിഭവങ്ങളായ കട്‌ലെറ്റ്,ബ്രഡ്‌റോള്‍,സൂപ്പ്,അച്ചാര്‍,ചമ്മന്തിപ്പൊടി,തീയല്‍,തോരന്‍ എന്നിവയും ഷൈജി ഇപ്പോള്‍ വിപണിയിലെത്തിക്കുന്നു.

എറണാകുളത്തെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലൊക്കെ ഷൈജിയുടെ കൂണാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. കൂണ്‍ഫ്രഷ് എന്ന പേരില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസന്‍സും ഷൈജി സ്വന്തമാക്കിയിട്ടുണ്ട്. കൂണ്‍ വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രത്യേക ലാബും വീടിന്റെ അതിഥി മുറിയോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു. കൂണ്‍ കൃഷി സംബന്ധിച്ച പരിശീലനവും ഷൈജി താല്‍പ്പര്യവുമായി എത്തുന്നവര്‍ക്ക് നല്‍കുന്നുണ്ട്.

എട്ടുവര്‍ഷമായി തുടരുന്ന കൃഷിയിലൂടെ പതിനായിരത്തില്‍പരം രൂപയാണ് ഈ സൈഡ് ബിസിനസില്‍ നിന്ന് ഷൈജിയ്ക്ക് ലഭിക്കുന്നത്. കുടുംബത്തെ സഹായിക്കാന്‍ നല്ലൊരു വരുമാനംകൂടി ഉറപ്പുവരുത്താനായ സന്തോഷത്തിലാണ് ഈ യുവതി.

 

 
� Infomagic- All Rights Reserved.