മൈക്രോസോഫ്റ്റ് ഡയറക്ടര്‍സ്ഥാനം രാജിവെച്ച് യുകെയില്‍ നിന്ന് നേരെ പാലായ്ക്ക്; ജെയിംസ് എല്ലാം ചെയ്തത് 'ചക്ക'യ്ക്ക് വേണ്ടി
July 08,2018 | 01:28:48 pm

കേരളത്തില്‍ സീസണായാല്‍ മിക്ക വീടുകളിലും മാങ്ങയെ പോലെതന്നെ സ്ഥിരമായി ചക്കയും ഉണ്ടാകും. ചക്കച്ചുളയും,ചക്കക്കുരുവും കൊണ്ട് എന്തൊക്കെ വിഭവങ്ങളുണ്ടാക്കാന്‍ സാധിക്കുമോ അതൊക്കെ ഉണ്ടാക്കി പരസ്പരം പങ്കുവെക്കുന്നവര്‍ കൂടിയാണ് മലയാളികള്‍. വിദേശത്താണെങ്കില്‍ പോലും ചക്കമധുരം നുകരാന്‍ നാട്ടിലെത്തും പലരും.

എന്നാല്‍ സീസണ്‍ കഴിഞ്ഞാല്‍ നമ്മുടെ ചക്ക സ്‌നേഹവും മാഞ്ഞുപോകും.എന്നാല്‍ കേരളത്തിന്റെ സ്വന്തം ഫലമായ ചക്കയും ചക്കവിഭവങ്ങളും മാത്രം ലക്ഷ്യമിട്ട് ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വന്തം നാടായ പാലായ്ക്ക് വിമാനം കയറിയൊരാളുണ്ട് .ജെയിംസ് ജോസഫ് എന്ന യുവാവാണ് തന്റെ മൈക്രോസോഫ്റ്റ് ഇന്ത്യാ ഡയറക്ടര്‍ പദവിയും രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുപോന്നത്. 

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നി്‌ന് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക് ബിരുദം എടുത്ത ശേഷം ബ്രിട്ടണിലെ വാര്‍വിക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സും നേടിയ ശേഷം യുഎസിലും യൂറോപ്പിലുമായി പതിനെട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതമായിരുന്നു. അതും മൈക്രോസോഫ്റ്റിലും ത്രിഎം,ഫോര്‍ഡ് തുടങ്ങിയ കമ്പനികളിലും ആയിരുന്നു.ലണ്ടനില്‍ മൈക്രോസോഫ്റ്റില്‍ ഇന്ത്യാഡയറക്ടറായിരിക്കെയാണ് ജെയിംസ് ജോസഫ് തന്റെ 'ചക്ക' സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോയത്.

ചക്കയും ചക്ക വിഭവങ്ങളും എന്ന 'ജാക്ക്ഫ്രൂട്ട് 365' സംരംഭത്തിന്റെ പിറവിയായിരുന്നു പിന്നീട് കണ്ടത്. ജോലിയും രാജിവെച്ച് തുടങ്ങിയ ചക്കപ്രേമം കാരണം ചക്ക ഉല്‍പ്പന്നങ്ങളില്‍ 80ലധികം പേറ്റന്റുകള്‍ അദേഹത്തിന് സ്വന്തമാണിപ്പോള്‍. പേര് പോലെ തന്നെ 365 ദിവസവും ചക്ക ലഭ്യമാക്കാന്‍ ചക്കച്ചുള ഫ്രീസ് ഡ്രൈ സാങ്കേതിക വിദ്യയിലൂടെ സംസ്‌കരിക്കും.ഇതുവഴി ചക്കയുടെ 82 ശതമാനം ഭാരം കുറയ്ക്കാമെന്ന് അദേഹം തെളിയിക്കുന്നു.

150 ലധികം മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് അദേഹം ഈ ഫലത്തില്‍ നിന്ന് നിര്‍മിക്കുന്നത്. ജാക്ക് ഫ്രൂട്ട് ബട്ടര്‍ മസാല, പുഡിങ് ,ചക്കപ്പായസം,കബാബ്,കേക്ക് തുടങ്ങിയ വിഭവങ്ങള്‍ നക്ഷത്രഹോട്ടലുകളില്‍ ലഭ്യമാണ്. ചക്കച്ചുളയില്‍ നിന്ന് ജാം,ഹല്‍വ,ജെല്ലി,വൈന്‍,ശീതളപാനീയം,നെക്ടര്‍,വിനാഗിരി,സ്‌ക്വാഷ്,ഐസ്‌ക്രീം,ഫ്രൂട്ട്ബാര്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങളും ജാക്ക് ഫ്രൂട്ട് 365 വിപണിയിലെത്തിക്കുന്നു. അടുത്തിടെ വിപണിയില്‍ താരമായ ചക്ക പപ്പടവും ഇവരുടെ മാത്രം പ്രത്യേകതയാണ്. ജാക്ക്ഫ്രൂട്ട് 365 എന്ന സംരംഭം വിജയകരമാക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അദേഹമിപ്പോള്‍.ഏത് വിഭവവും ഓണ്‍ലൈന്‍ വഴി വാങ്ങാനുമാകും. ഓരോ സീസണിലും കേരളത്തില്‍ 35 കോടി ചക്കകളെങ്കിലും പാഴാക്കികളയുകയാണെന്ന് അദേഹം പറയുന്നു.

 

 
� Infomagic - All Rights Reserved.