ഒരു ലക്ഷം മുതല്‍മുടക്കാം പ്രതിമാസം ലാഭം 1.25 ലക്ഷം രൂപ,മാതൃകയാക്കാന്‍ ഒരു ബിസിനസ് മോഡല്‍
August 07,2018 | 02:10:34 pm

ഒരു ലക്ഷം രൂപ നിക്ഷേപിച്ച് എല്ലാ മാസവും ഒരു ലക്ഷം രൂപ ലാഭം ഉറപ്പുതരുന്ന ഓഹരികളോ,ബോണ്ടോ ഒന്നുംതന്നെ നമുക്ക് കണ്ടെത്താനാകില്ല. എന്നാല്‍ ഒരുലക്ഷം മാത്രം മുതല്‍മുടക്കി വര്‍ഷങ്ങളായി ഒരു ലക്ഷം രൂപ ലാഭം വലിയ ബുദ്ധിമുട്ടില്ലാതെ സ്വന്തമാക്കി കാണിച്ചുതന്ന ഒരും സംരംഭകനുണ്ട് എറണാകുളം ജില്ലയിലെ കോതമംഗലത്ത്. നിതിന്‍ എന്ന യുവാവാണ് അനായാസം ചെറുകിട ബിസിനസിലൂടെ ലാഭം നേടിയെടുക്കുന്നത് എങ്ങിനെ എന്ന് കാണിച്ചുതരുന്നത്. നിതിന്റെ വിസ്മയവാലി.കോം എന്ന വെബ്‌സൈറ്റ് കാപ്പിപ്പൊടി,വിവിധതരം ചായപ്പൊടികള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, ഡ്രൈഫ്രൂട്ട്‌സ്,ചുക്കുകാപ്പി,തേയില,തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോറാണ്. ഉല്‍പ്പാദകരില്‍ നിന്നും ഉപഭോക്താക്കളിലേക്ക് ആവശ്യത്തിനനുസരിച്ച് എത്തിക്കുക മാത്രമാണ് നിതിന്റെ ജോലി. അതായത് ഒരു ഇടത്തട്ട് സേവനം.

ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ തൃക്കരിയൂര്‍ റോഡില്‍ കനാല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ലഘുസംരംഭം വഴി കവര്‍ പാക്ക് ചെയ്ത് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. സാധാരണ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ആളുകള്‍ സാധനങ്ങള്‍ എത്തിക്കുമ്പോള്‍ നിതിന്‍ അക്കാര്യത്തിലും വേറിട്ടരീതിയാണ് അവലംബിക്കുന്നത്. അദേഹത്തിന്റെ സര്‍വീസ് മുഴുവന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിനെ ആശ്രയിച്ചാണ്.40 രൂപ ഷിപ്പിങ് ചാര്‍ജ് നല്‍കിയാല്‍ ഇന്ത്യയില്‍ ഏത് ഭാഗത്തേക്കും അഞ്ഞൂറ് ഗ്രാം വരെയുള്ള സാധനങ്ങള്‍ സ്പീഡ് പോസ്റ്റില്‍ എത്തിക്കാന്‍ സാധിക്കും.

ഈ രീതി കൊറിയറിനേക്കാള്‍ ലാഭകരവും സൗകര്യപ്രദവുമാണെന്നാണ് അദേഹത്തിന്റെ അഭിപ്രായം. കൂടാതെ tin/cst രജിസ്‌ട്രേഷന് പകരം നികുതി നല്‍കിയാണ് കാര്യങ്ങള്‍ നടക്കുന്നത്. സെയില്‍ പ്രൊമോഷന് വേണ്ടി അദേഹം ചെറിയ തുക ഗൂഗിളിനും നല്‍കുന്നു. നെറ്റ്ബാങ്കിങ് വഴി മുന്‍കൂറായി പണം സ്വീകരിച്ചശേഷമാണ് സാധനം ഡെലിവറി ചെയ്യുന്നത്. കൃത്യമായ ഡെലിവറിയും ഉത്തരവാദിത്തവും കാരണം നല്ലൊരുവിഭാഗം ഉപഭോക്താക്കളും സ്ഥിരം കസ്റ്റമറായി കഴിഞ്ഞിട്ടുണ്ട്.കൂടുതല്‍ വിലയും ഈടാക്കാത്തതിനാല്‍ മികച്ച വിലയില്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും സാധിക്കുന്നു.ഒരാളെ മാത്രമാണ് അദേഹം ജോലിക്കാരനായി വെച്ചത്.

ബിസ്‌നസ് തുടങ്ങാന്‍ വെബ്‌സൈറ്റും ,കമ്പ്യൂട്ടര്‍, പാക്കിങ് മെഷീന്‍ ഉള്‍പ്പെടെ ഒരുലക്ഷം രൂപയാണ് അദേഹത്തിന് ഈ സംരംഭത്തിന് മുതല്‍മുടക്ക് വേണ്ടിവന്നുള്ളൂവെന്നതും പ്രത്യേകതയാണ്. പ്രതിമാസം പത്തുലക്ഷം രൂപാവരെ വിറ്റുവരവുണ്ട്. എല്ലാ ചിലവു കഴിഞ്ഞാലും ഒന്നേകാല്‍ ലക്ഷം രൂപയുടെ ലാഭം അദേഹത്തിന്റെ അക്കൗണ്ടിലെത്തുന്നു. ചെറുകിട സംരംഭങ്ങള്‍ക്ക് നല്ല ബിസിനസ് മോഡലുണ്ടായാല്‍ വിജയം ഉറപ്പാണെന്ന് തെളിയിക്കുകയാണ് വിസ്മയ വാലി.കോം.

 
� Infomagic - All Rights Reserved.