നെടുങ്കണ്ടം പഞ്ചായത്തിന് മാലിന്യം ശാപമല്ല, വരുമാനമാണ്
April 12,2019 | 08:11:05 am

മാലിന്യ സംസ്‌കരണം പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമെല്ലാം എന്നുമൊരു തലവേദനയാണ്. വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമെല്ലാമുളള മാലിന്യം റോഡരികിലും ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലേക്കും തളളുന്നതാണ് സ്ഥിരം കാഴ്ച. എന്നാല്‍ മാലിന്യം ശാപമല്ല വരുമാനമാണ് എന്ന് തെളിയിക്കുകയാണ് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്.

മാലിന്യം സംസ്‌കരിച്ച് ടാറിംഗ് കമ്പനികള്‍ക്ക് നല്കിയും അതിനുപുറമെ ജൈവവളം നിര്‍മിച്ചും മാതൃകയാകുകയാണ് ഈ പഞ്ചായത്ത്. ഇതിനുപുറമെ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റുമുണ്ട്. പദ്ധതി ആരംഭിച്ച് ആറ് മാസത്തിനുളളില്‍ തന്നെ നെടുങ്കണ്ടം പഞ്ചായത്ത് നേടിയത് ഒരു ലക്ഷം രൂപയുടെ വരുമാനമാണ്.

മാലിന്യം ശേഖരിച്ച് കൃത്യമായി സംസ്‌കരണ പ്ലാന്റിലേക്ക് എത്തിക്കും. ഇതിനായി വാര്‍ഡ് തലത്തില്‍ ഹരിത കര്‍മ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. വീടുകള്‍, സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് ജൈവ മാലിന്യങ്ങള്‍, ഖര മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് സംസ്‌കരണം നടത്തും. സംസ്‌കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ടാറിംഗിന് വേണ്ടി ക്ലീന്‍ കേരള കമ്പനി വഴി ടാറിംഗ് കമ്പനികള്‍ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്.

നിലവില്‍ 8000 കിലോ ജൈവവളം, 10,000 കിലോ പ്ലാസ്റ്റിക് മാലിന്യവും വില്പനക്കായി സൂക്ഷിച്ചിരിക്കുകയാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവമാലിന്യത്തില്‍ നിന്നും ജൈവവളം നിര്‍മിച്ച് മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുമുണ്ട്. ഒരു ടണ്ണിലേറെ മാലിന്യം പ്രതിദിനം സംസ്‌കരിക്കുന്നുണ്ട്.

 
Related News
� Infomagic- All Rights Reserved.