ഏതു സീസണിലും കാലാവസ്ഥയിലും ഉപയോഗിക്കാന്‍ അനുയോജ്യമായ കാര്‍ഗോ പാന്‍റ്സ്
November 04,2017 | 10:59:03 am
Share this on

തൊണ്ണൂറുകളില്‍ സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു കാര്‍ഗോ പാന്‍റ്സ് അഥവാ കാര്‍ഗോ ട്രൗസേഴ്സ് (മിലിറ്ററിക്കാര്‍ ഉപയോഗിച്ചിരുന്നത് കൊണ്ട് 'കോംബാറ്റ് ട്രൗസേഴ്സ്' എന്ന മറ്റൊരു നാമവും ഇതിനുണ്ട്) . മിക്കവാറും ഔട്ട് ഡോര്‍ ആക്ടിവിറ്റികള്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ള ഇവയുടെ പ്രത്യേകത രണ്ടോ നാലോ വലിയ കാര്‍ഗോ പോക്കറ്റുകളാണ്.

ക്യാഷ്വല്‍ കൂള്‍ എന്ന വാക്കിന് പൂര്‍ണത നല്‍കിയിരുന്ന ഈ ഐറ്റം ഇപ്പോഴും ആണുങ്ങളുടെയിടയില്‍ പോപ്പുലറാണ്. വിദേശരാജ്യങ്ങളില്‍ പ്ലംബര്‍മാരും നിര്‍മാണത്തൊഴിലാളികളും യൂണിഫോം ആയി ധരിക്കുന്ന വസ്ത്രമാണിത്. നല്ല കട്ടിയുള്ള തുണിത്തരത്തില്‍ തീര്‍ത്തിട്ടുള്ള ഇവയുടെ പോക്കറ്റില്‍ അത്യാവശ്യം പണിയായുധങ്ങളും കൊണ്ടുനടക്കാന്‍ പറ്റും.

കട്ടിയുള്ളതോ കുറഞ്ഞതോ ആയ കോട്ടണ്‍ അല്ലെങ്കില്‍, പോളിയസ്റ്റര്‍ ബ്ലെന്‍ഡില്‍ ഇവ ലഭ്യമാണ്. ഏതു സീസണിലും കാലാവസ്ഥയിലും ഉപയോഗിക്കാന്‍ അനുയോജ്യമായ കാര്‍ഗോസ് സിമ്പിളായ പ്ലെയിന്‍ ടി-ഷര്‍ട്ടിന്‍റെ കൂടെ ധരിക്കുന്നതിന്‍റെ ഭംഗി ഒന്നു വേറെതന്നെയാണ്. ട്രഡീഷണല്‍ ഫിറ്റില്‍ ലഭ്യമായ കാര്‍ഗോ പാന്‍റ്സുകള്‍ വീക്കെന്‍ഡ് സ്റ്റൈലിങ്ങിന് പറ്റിയവയാണ്.

നേവി, കാക്കി, ഒലിവ് ഗ്രീന്‍, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ ഇവ കോട്ടണ്‍ ഡ്രില്‍, ലൈറ്റ് വെയ്റ്റ് എന്ന മെറ്റീരിയലുകളില്‍ മാത്രമല്ല, ഡെനിമിലും ലഭ്യമാണ്. എന്നാല്‍, ഒരു കാര്‍ഗോസ് സ്വന്തമാക്കിയേക്കാം എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഏതാനും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഏതൊക്കെ സ്റ്റൈലുകള്‍ വിപണിയിലുണ്ടെന്നു അറിഞ്ഞാല്‍ ശരീരാകൃതിക്കും പൊക്കത്തിനും യോജിക്കുന്ന ഒരെണ്ണം തിരഞ്ഞെടുക്കാന്‍ എളുപ്പമായിരിക്കും.

ട്രഡിഷണല്‍ കാര്‍ഗോ പാന്‍റ്സ്
കാര്‍ഗോ പാന്‍റ്സിന്‍റെ ഏറ്റവും ആദ്യം ഉത്ഭവിച്ച സ്റ്റൈല്‍ ഇതാണ്. വളരെ ലൂസും ബാഗിയുമായ ഇവയെ ആര്‍മിക്കാരാണ് പ്രശസ്തമാക്കിയത്. നാലോ അഞ്ചോ ഫ്രന്‍ഡ് പോക്കറ്റും ലെഗ് പോക്കറ്റും ഉള്ള ഇവ കാക്കി ബ്രൗണ്‍ നിറത്തിലാണ് സാധാരണ കാണാറുള്ളത്. ലൈറ്റ് നിറമുള്ള ടി-ഷര്‍ട്ടിന്‍റെയോ, ഷര്‍ട്ടിന്‍റെയോ കൂടെ ഡെനിം ജാക്കറ്റും സ്നീക്കേഴ്സും കൂടി ധരിച്ചാല്‍ എഫര്‍ട്ട്ലെസ് സ്റ്റൈല്‍ ആയി.

സ്ലിം കാര്‍ഗോ പാന്‍റ്സ്
ബാഗി സ്റ്റൈല്‍ ഇഷ്ടമില്ലാത്തവരുടെ പ്രാര്‍ത്ഥന ഫാഷന്‍ ഡിസൈനര്‍മാര്‍ കേട്ടതിന്‍റെ ഫലമായി ഉണ്ടായതാണ് സ്ലിം ഫിറ്റ് കാര്‍ഗോ പാന്‍റ്സ്. കെട്ടിടം പണിക്ക് പോവുകയല്ലെന്നു തോന്നണമെന്നുള്ളവര്‍ക്ക് ഏറ്റവും പറ്റിയതാണ് സ്ട്രക്ചേര്‍ഡ് ആയിട്ടുള്ള ഈ സ്റ്റൈല്‍. ആണുങ്ങള്‍ക്കിടയില്‍ ഇപ്പോഴുള്ള ട്രെന്‍ഡ് ആണ് സ്ലിം കാര്‍ഗോസിന്‍റെ കൂടെ റിപ്ഡ് ടി-ഷര്‍ട്ട് ധരിക്കുന്നത്.

ലൂസ് കാര്‍ഗോ ഷോര്‍ട്സ്
കനത്ത ചൂടില്‍ ആശ്വാസത്തോടെ ധരിക്കാന്‍ പറ്റിയ ഇനമാണ് ലൂസ് കാര്‍ഗോ ഷോര്‍ട്സ്. ധാരാളം വായുസഞ്ചാരം ലഭിക്കുന്ന ഈ വസ്ത്രം ലൂസ് ആയതിനാല്‍ ബള്‍ജ് ചെയ്തു നില്‍ക്കാതെ പോക്കറ്റില്‍ അത്യാവശ്യം സാധനങ്ങള്‍ കൊണ്ട് നടക്കുകയുമാവാം. ഫോട്ടോഗ്രാഫി ഹോബി ആയവര്‍ക്ക് ധരിക്കാന്‍ ഏറ്റവും പറ്റിയ ഐറ്റം ആണിത്. ഒരു സ്ലീവ്ലെസ് വെസ്റ്റും കാന്‍വാസ് ഷൂസും കൂടി ധരിച്ചാല്‍ സ്റ്റൈലിഷ് ആന്‍ഡ് കംഫര്‍ട്ടബ്ള്‍ ലുക്ക് കൈവരുമെന്നു തീര്‍ച്ച.

റിപ് സ്റ്റോപ്പ് കാര്‍ഗോ പാന്‍റ്സ്
പരുക്കനായ ഉപയോഗത്തിനു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ള ഇവ പെട്ടെന്ന് കീറുകയോ വലിയുകയോ ഇല്ല. ഡെനിം ജീന്‍സിനേക്കാള്‍ കൂടുതല്‍ ആയുസ്സുള്ള ഇവ മിലിറ്ററി പ്രിന്‍റിലും കാക്കി നിറത്തിലും ലഭ്യമാണ്. വട്ടക്കഴുത്തുള്ള ഹാഫ് സ്ലീവ്സ് അണ്ടര്‍ ഷര്‍ട്ടും ബൂട്സും ധരിച്ചാല്‍ ഒരു മാന്‍ലി അപ്പിയറന്‍സ് ലഭിക്കും. സ്റ്റൈല്‍ ഏതു തന്നെയായാലും കാര്‍ഗോ പാന്‍റ്സ് തിരഞ്ഞെടുക്കുമ്പോള്‍ സ്ലിം, സ്ട്രെയ്റ്റ്, ലുക്ക് ആണെങ്കില്‍ ഒരുമാതിരി എല്ലാ ശരീരാകൃതിയുള്ളവര്‍ക്കും ചേരും. അതുപോലെ, പോക്കറ്റുകളുടെ സൈസ് ചെറുതായിരിക്കാനും ശ്രദ്ധിക്കുക. വാലറ്റ്, കീ, ഫോണ്‍ മുതലായ സാധനങ്ങള്‍ കൊണ്ട് നടക്കുമ്പോള്‍ വല്ലാതെ ഇടിഞ്ഞു കിടക്കാതിരിക്കാനാണിത്. വീട്ടിലെ അറ്റകുറ്റ പ്പണികളൊക്കെ ചെയ്യുമ്പോള്‍ ധരിക്കാന്‍ പറ്റിയതാണ് കടുംനിറത്തിലുള്ള കാര്‍ഗോസ്.

ചെളിയും പാടുകളും പെട്ടെന്ന് അറിയില്ലെന്നു മാത്രമല്ല, വസ്ത്രത്തിനു കേടുവരുമോ എന്ന പേടിയും വേണ്ട. ഹൈക്കിങ് പോലുള്ള ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുമ്പോള്‍ കടുത്ത കാലാവസ്ഥയില്‍ നിന്ന് സംരക്ഷണമേകാന്‍ കാര്‍ഗോ പാന്‍റ്സിനെക്കാള്‍ നല്ലൊരു വസ്ത്രമില്ല. ഇതിന്‍റെ കൂടെ ശരിയായ പാദരക്ഷകള്‍ ധരിക്കാന്‍ മറേക്കണ്ട.

 

RELATED STORIES
� Infomagic - All Rights Reserved.