കുമ്മനത്തെ അവതരിപ്പിച്ചതുപോലെ കേരളത്തില്‍ അപ്രതീക്ഷിത പുതുമുഖം തേടി ബിജെപി
January 13,2018 | 08:52:19 am
Share this on

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെ അവതരിപ്പിച്ചതുപോലെ അപ്രതീക്ഷിത പുതുമുഖത്തിനായി ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളമുള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ബിജെപി പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കം. മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസിനെ വീണ്ടും സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നതില്‍ ആര്‍എസ്എസിന് അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരും സംസ്ഥാന അധ്യക്ഷ പദവിയില്‍ പരിഗണിക്കപ്പെടാമെന്നും സൂചനയുണ്ട്. ഫെബ്രുവരിയില്‍ പുതിയ സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ ഭാരവാഹികളെയും പ്രഖ്യാപിക്കാനാണു നീക്കം. കേരളത്തിന് ഒരു കേന്ദ്രമന്ത്രി കൂടി വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ഉന്നയിച്ചിട്ടുണ്ട്.

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം സംസ്ഥാന ബിജെപിയില്‍ കാര്യമായ ആവേശം ഉയര്‍ത്തിയിട്ടില്ലെന്ന അഭിപ്രായം പ്രധാന നേതാക്കള്‍ക്ക് ഉണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു സഹായകരമാകുന്ന വിധം ഒരു നേതാവിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച 15ല്‍ നിന്ന് ഒന്‍പത് ശതമാനത്തിലേക്കു താഴുന്നതായി ദേശീയ ചാനലിന്റെ സര്‍വേ ഫലം ഗൗരവമായാണ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്.

മറ്റു പാര്‍ട്ടികളിലെ പ്രധാന നേതാക്കളെ ആരെയെങ്കിലും ബിജെപിയില്‍ എത്തിച്ചു സംസ്ഥാന അധ്യക്ഷനാക്കാനുള്ള സാധ്യതയ്ക്കാണ് മുഖ്യ പരിഗണന. കോണ്‍ഗ്രസിലും സിപിഎമ്മിലുമുള്ള ക്ലീന്‍ ഇമേജ് നേതാക്കളെ ബിജെപിയിലേക്കു കൊണ്ടു വരാന്‍ ഇടനിലക്കാര്‍ വഴിയുള്ള നീക്കമാണ് നടത്തുന്നത്. കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവുമായി മുംബൈയിലെ വ്യവസായി വഴി പല തവണ കൂടിക്കാഴ്ച നടന്നതായും വിവരമുണ്ട്.

 

RELATED STORIES
� Infomagic - All Rights Reserved.