ചിയ : ആധുനിക ലോകത്തിന്റെ സൂപ്പർ ഫുഡ്.
May 19,2017 | 10:50:20 am
Share this on

ഭാരത്തിന്‍റെ 22 ശതമാനം മികച്ച നിലവാരമുള്ള മാംസ്യം. കൊഴുപ്പ് മറ്റൊരു 30–35 ശതമാനം. അതിന്‍റെ 60 ശതമാനത്തിലേറെ മത്സ്യത്തിൽനിന്നു ലഭിക്കുന്ന തരത്തിലുള്ള മേന്മയേറിയ ഒമേഗാ 3 ഫാറ്റി ആസിഡ്. മൂന്നിലൊന്നോളം ഭക്ഷ്യനാരുകളും, ഉൽപാദിപ്പിക്കാൻ എളുപ്പം, സംസ്കരിക്കാതെ തന്നെ ഭക്ഷണത്തിൽ ചേർത്തുകഴിക്കാം. ആധുനിക ലോകം ആഗ്രഹിക്കുന്ന തരത്തിലുള്ള സൂപ്പർ ഫുഡാണ് ചിയ. തെക്കേ അമേരിക്കയിൽ പ്രചാരത്തിലുള്ള ഈ വിള മെക്സിക്കോയിൽ നിന്നും മൂന്നു വർഷം മുമ്പ് ഇന്ത്യയിലെത്തിച്ചത് ഏതെങ്കിലും വിത്തുകച്ചവടക്കാരോ നഴ്സറിക്കാരോ അല്ല,  രാജ്യത്തെ ഭക്ഷ്യഗവേഷണത്തിൽ മുൻനിരക്കാരായ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്. രാജ്യത്തെ പോഷകക്ഷാമത്തിനു പരിഹാരമായി കണ്ടെത്തിയ സൂപ്പർ ഫുഡുകളിലൊന്നാണ് ചിയയെന്നു സിഎഫ്ടിആർഐ ഡയറക്ടർ പ്രഫറാം രാജശേഖരൻ പറഞ്ഞു. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ചിയയുടെ ചെറുമണികളാണ് ആഹാരത്തിനുപയോഗിക്കുന്നത്. കേവലം 90 ദിവസങ്ങൾകൊണ്ട് വിളവെടുക്കാവുന്ന ചിയ മാലിന്യം നീക്കി ശുദ്ധീകരിച്ചാൽ ഭക്ഷ്യയോഗ്യമാകും. നൂറു ഗ്രാം ചോറുണ്ണുമ്പോൾ കിട്ടുന്ന ഊർജം 15–20 ഗ്രാം ചിയയിൽ നിന്നു കിട്ടുമത്രെ. നാൽപതിരട്ടി ജലം ആഗിരണം ആഗിരണം ചെയ്യുന്ന ചിയ മണികൾ അമിത വിശപ്പ് ഇല്ലാതാക്കുമെന്നും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ധർ.

രാ‍ജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിനു കൃഷിക്കാർക്ക് വിത്തു നൽകിയാണ് സിഎഫ്ടിആർഐ ഇതു പ്രചരിപ്പിക്കുന്നത്. അവരിലൂടെ കൂടുതൽ കൃഷിക്കാർക്ക് ചിയയുടെ വിത്ത് എത്തിക്കാമെന്ന പ്രതീക്ഷയിലാണിത്. കീടശല്യം കുറവുണ്ടെന്നതും വളരെ കുറച്ചു ജലം മതിയെന്നതും ചിയയെ കൃഷിക്കാർക്കു പ്രിയപ്പെട്ട വിളയാക്കുന്നു. ശീതകാലമായ നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിലും ചിയ കൃഷി ചെയ്യാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഒറ്റനോട്ടത്തിൽ കാട്ടുതുളസിയാണെന്നു തോന്നിക്കുന്ന ചിയയുടെ പൂങ്കുലയ്ക്ക് വയലറ്റ് നിറമാണ്. വിത്തുകൾ പാകി കിളിർപ്പിച്ച ശേഷം പറിച്ചുനടുകയാണ് പതിവ്. കാര്യമായ രോഗകീടബാധകളില്ലെന്നതും മറ്റു വിളകളേക്കാൾ ആദായകരമാണെന്നതും ചിയയുടെ ഗുണമായി കൃഷി ചെയ്തവര്‍ പറയുന്നു. മണ്ണിളക്കിയശേഷം വിതച്ചാൽ മതിയാകുമെങ്കിലും വളരെയേറെ വിത്തു പാഴാകാൻ ഇതിടയാക്കും. ആഴ്ചയിലൊരിക്കൽ മാത്രമാണ് നന. അടിവളമായി ചാണകപ്പൊടി നൽകിയാൽ വളർച്ചയുടെ ഘട്ടത്തിൽ അൽപം യൂറിയ ചേര്‍ക്കാം. ജൈവവളം മാത്രം നൽകുന്നവരുമുണ്ട്.

ശീതകാലത്തും മഴക്കാലത്തും ചിയ കൃഷി ചെയ്യാമെങ്കിലും പകൽ കൂടുതലുള്ള വേനൽക്കാലത്ത് ചിയ പൂവിടില്ല. അരയടി ഉയരത്തിൽ വാരമെടുത്ത ശേഷം തുല്യഅളവ് നേർത്ത മണൽത്തരികളുമായി കലർത്തി ചിയ വിത്തുകൾ നഴ്സറിയിൽ വിതയ്ക്കാം. വിതച്ചശേഷം വെർമികമ്പോസ്റ്റ് മണലുമായി കലർത്തി വിതറി വാരം മൂടുകയും വൈകാതെ നനയ്ക്കുകയും വേണം. വാരത്തിലെ ഈർപ്പം നഷ്ടപ്പെടാതെ തുടർന്നുള്ള ദിവസങ്ങളിലും നന നൽകണം. മൂന്നു നാലു ദിവസത്തിനുള്ളിൽ ചിയ വിത്തുകൾ മുളച്ചുവരും. നൂറു ഗ്രാം വിത്തിൽനിന്നും ഒരേക്കർ കൃഷി ചെയ്യാനാവശ്യമായ തൈകൾ ലഭിക്കും.

പറിച്ചു നടൽ‌: : നാലു ടൺ ചാണകവും 100 കിലോ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റും 16 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷുമാണ് സിഎഫ്ടിആർഐ ചിയയ്ക്ക് അടിവളമായി ശുപാർശ ചെയ്യുന്നത്. നന്നായി ഉഴുതിളക്കിയ കൃഷിയിടത്തിൽ ഇവ ചേർത്ത ശേഷം 60 സെ.മീ. ഇടയകലമുള്ള വരികളിൽ ചിയ തൈകൾ നടണം. മൂന്നാഴ്ച പ്രായമായ തൈകളാണ് നടേണ്ടത്. തൈകൾ തമ്മിൽ 30 സെ.മീ അകലം മതിയാവും. ഒക്ടോബർ–നവംബർ മാസങ്ങളിൽ കൃഷി ചെയ്യുമ്പോൾ വരികൾ തമ്മിലുള്ള അകലം 45 സെ.മീ. ആയി കുറയ്ക്കാം. മഞ്ഞുകാലത്ത് കായികവളർച്ച കുറവായിരിക്കുമെന്നതിനാലാണിത്. പറിച്ചു നട്ട തൈകൾക്ക് നന നൽകാൻ മറക്കരുത്. തുടർന്ന് ഈർപ്പത്തിന്‍റെ ഏറ്റക്കുറച്ചിലനുസരിച്ച് 7–10 ദിവസം ഇടവേളയിൽ നനച്ചാല്‍ മതിയാവും. തൈകൾക്ക് വേരു പിടിച്ചാലുടന്‍ വരികൾക്കിടയിലൂടെ ഏക്കറിന് 50 കിലോ എന്ന തോതിൽ യൂറിയ വിതറണമെന്നും സിഎഫ്ടിആർ ഐ ശുപാർശ ചെയ്യുന്നു. കാര്യമായ രോഗകീടങ്ങൾ പ്രത്യക്ഷപ്പെടാത്ത വിളയാണിതെങ്കിലും ഏതെങ്കിലും കീടസാന്നിധ്യയം കണ്ടാൽ മുൻകരുതലെന്ന നിലയിൽ ഒരു ശതമാനം വീര്യമുള്ള വേപ്പെണ്ണ 0.05 ശതമാനം സോപ്പുലായനിയുമായി ചേർത്തു തളിക്കണം. മൂന്നു മാസമാണ് വിളദൈർഘ്യം. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ കള നീക്കം ചെയ്യണം. 40–55 ദിവസം പ്രായമാകുമ്പോൾ പൂവിടുന്ന ചിയ വീണ്ടും 25–30 ദിവസം കഴിയുമ്പോൾ വിളവെടുക്കാം. മൂപ്പെത്തിയ അരികളടങ്ങിയ പൂങ്കുലയും ചെടിയും മഞ്ഞനിറമാകുന്നതോടെ പിഴുതെടുത്ത് മെതിച്ച ശേഷം വിത്ത് വേർതിരിച്ചെടുത്ത് ഉണക്കി സൂക്ഷിക്കാം. ഏക്കറിനു 350–400 കിലോ ചിയ കിട്ടുമെന്ന് സിഎഫ്ടിആർഐ അവകാശപ്പെടുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.