പോഷകക്കലവറയായ ചൈനീസ് ആപ്പിൾ
August 10,2018 | 09:58:08 am

ആപ്പിളിന്റെ ആകൃതിയുള്ള പഴം. ഇതിന് ഇലന്തപ്പഴം എന്നാണു തമിഴിൽ പറയുന്നത്. ഹിന്ദിയിൽ ബെർ എന്നും ഇംഗ്ലിഷിൽ ഇന്ത്യൻ‌ പ്ലം, ചൈനീസ് ആപ്പിൾ എന്നും പറയും. ധാരാളം ഇനങ്ങള്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്നതു വൈൽഡ് ബെർ ആണ്. ഇതിന്റെ കായ്കൾക്കു വെസ്റ്റ് ഇന്ത്യൻ ചെറിയുടെ വലുപ്പമേയുള്ളൂ. റാംനേസ്യ കുടുംബത്തിൽപെടുന്ന ഇലന്തപ്പഴത്തിന്‍റെ  ശാസ്ത്രനാമം സിസൈഫസ് മൗറിറ്റ്യാന. വിറ്റമിൻ സി യുടെ കലവറയാണ് ഈ പഴം. കാൽസ്യം, അയൺ, ഫോസ്ഫറസ് എന്നിവയും വിറ്റമിൻ ബിയും ഇതിൽ അടങ്ങിയിട്ടുണ്ട്. വരൾച്ചയെ അതിജീവിക്കുന്ന ഈ വൃക്ഷം നല്ല തണുപ്പുള്ള പ്രദേശങ്ങളിലും കൂടുതൽ മഴയുള്ള പ്രദേശങ്ങളിലും നന്നായി വളരും. ഒന്നര മീറ്റർ മുതൽ 12 മീറ്ററോ അതിലധികമോ ഉയരത്തിൽ വളരും. ഇളം മഞ്ഞ കലർന്ന പച്ച നിറമുള്ള പൂക്കളാണ് ഇതിനുള്ളത്.

കൃഷിരീതി: ഗ്രാഫ്റ്റ് ചെയ്ത തൈകളാണു നടാൻ നല്ലത്. രണ്ടു വർഷത്തിനുള്ളിൽ പൂത്തു തുടങ്ങും. വിത്തു നട്ടാലും കിളിർക്കുമെങ്കിലും കായ്ക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. 2 x 2 x 2 അടി വലുപ്പത്തിൽ കുഴിയെടുത്ത് ചാണകവും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർത്ത് ഒരാഴ്ച കഴിഞ്ഞ് 20 ഗ്രാം വാം ചേർത്ത് തൈ നടാം. ക്ഷാര സ്വഭാവമുള്ള മണ്ണിലാണു ചെടി നന്നായി വളരുന്നത്.അമ്ല ക്ഷാര നില (പിഎച്ച്) 9.2ആണ് യോജ്യം. നല്ലസൂര്യപ്രകാശം ലഭിക്കുന്നിടത്ത് നന്നായി വെള്ളവും വളവും നൽകിയാൽ നിറയെ കായ്ക്കും. കുമ്മായം ഓരോ മാസവും അൽപം നൽകണം.രണ്ടാഴ്ച ഇടവിട്ട് വൈകുന്നേരങ്ങളിൽ ചെടി നനച്ചശേഷം സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. 50 ലീറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ മണ്ണ്, മണൽ, ചാണകം, ചകിരിച്ചോറ്, കുമ്മായം എന്നിവ നിറച്ചശേഷം ജൈവവളം ചേർത്ത് ഒരാഴ്ചയ്ക്കുശേഷം വാം നൽകിയും നടാം. തൈകൾക്കു താങ്ങു കൊടുക്കണം.

വിളവെടുപ്പ്: പഴത്തിന് ഇളം മഞ്ഞ നിറമാകുമ്പോഴാണു വിളവെടുക്കേണ്ടത്. കൂടുതൽ പഴുക്കുമ്പോൾ ബ്രൗൺ നിറമാകും.രുചി കുറയും.

കൊമ്പുകോതൽ: കായ്കൾ വിളവെടുത്തശേഷം ശിഖരങ്ങൾ മുറിച്ചുമാറ്റണം. വളവും ചേർത്തു നനയ്ക്കണം . പുതിയ ശിഖരങ്ങളിലാണു പൂക്കളുണ്ടാകുന്നത്.

ഉപയോഗം: കായ്കൾ പച്ചയായും ഉണക്കിയും കഴിക്കാം. അച്ചാർ, ജാം,വൈൻ മുതലായവ ഉണ്ടാക്കാം. പഴം ഉണക്കി കുരു കളഞ്ഞ്, പുളി, ഉണക്കമുളക്, ശർക്കര, ഉപ്പ് എന്നിവ ചേർത്ത് അരച്ച് കഴിക്കാം. തമിഴ്നാട്ടിൽ പഴം, മേൽചേരുവകളുടെ കൂടെ ചതച്ച് വെയിലത്ത് ഉണക്കി ഇലന്തവട ഉണ്ടാക്കുന്നു .

 
� Infomagic - All Rights Reserved.