എന്ത് കൊണ്ട് പേചാനല്‍ ബഹിഷ്‌കരണം? കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ നിലപാട് വ്യക്തമാക്കുന്നു...
October 06,2017 | 01:47:50 pm
Share this on

ലോക മാധ്യമ ഭീമനെന്നറിയപ്പെടുന്ന റൂപ്പര്‍ട്ട് മര്‍ഡോകിന്റെ സ്റ്റാര്‍ ടി വി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കേരളാ വിഷന്‍, എസിവി, അടക്കമുള്ള രാജ്യത്തെ 90 ശതമാനം കേബിള്‍ ടി.വി- ഡി.ടി.എച്ച് പ്രൊവൈഡര്‍മാരുമായി പേചാനല്‍ നിരക്ക് വര്‍ദ്ധനവിന്റെ പേരില്‍ തര്‍ക്കത്തിലാണ്. പല ഹെഡ് എന്‍ഡുകളിലും ചാനല്‍ ഓഫാക്കിയതിനാല്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്റ്റാര്‍ ടി.വിക്കെതിരെ സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാണ്. 

കേരളത്തിലെ ടെലിവിഷന്‍ പരസ്യവരുമാനത്തിന്റെ സിംഹഭാഗവും നേടി വന്‍ലാഭത്തിലുള്ള കമ്പനിയാണ് ഏഷ്യാനെറ്റ്. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായത് കൊണ്ട് തന്നെ റേറ്റിംഗിലും പരസ്യ വരുമാനത്തിലും തൊട്ടു താഴെ വരുന്ന മൂന്നോ നാലോ ചാനലുകളുടെ മൊത്ത വരുമാനത്തിലും മുകളിലാണ് ഏഷ്യാനെറ്റിന്റെ പരസ്യവരുമാനം. കേരളത്തിലെ ആകെ പേചാനല്‍ വരുമാനത്തിന്റെ 60 ശതമാനത്തിലധികം ലഭിക്കുന്നതും സ്റ്റാര്‍ ടിവിക്കാണ്. പേചാനലുകള്‍ക്ക് പരസ്യ നിയന്ത്രണമില്ലാത്തതിനാല്‍ പ്രോഗ്രാമുകളുടെ 40 ശതമാനം സമയം വരെ പരസ്യം നല്‍കുന്ന സന്ദര്‍ഭങ്ങളുണ്ട്.

ഇന്ത്യയില്‍ നിന്നും നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന 16000 കോടി പേചാനല്‍ വകയിലുള്ള വരുമാനം 20,000 കോടിയിലേക്കുയര്‍ത്തുകയാണ് സ്റ്റാര്‍ ടി.വിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ കേബിള്‍ ടിവി സേവനം നല്‍കിക്കൊണ്ടിരിക്കുന്ന കേരളവിഷന്‍ പോലുള്ള ചെറുകിട സംരംഭകരില്‍ നിന്നും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പേചാനല്‍ നിരക്ക് മൂന്നോ നാലോ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്റ്റാര്‍ ടി.വിയുടെ ലക്ഷ്യം. ഇതിനായി സ്റ്റാര്‍ ടിവി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചരണം നടത്തി കേബിള്‍ ഓപ്പറേറ്റര്‍മാരെ സമ്മര്‍ദ്ധത്തിലാക്കുകയാണ് . സ്റ്റാര്‍ ടിവിയുടെ ഈ തന്ത്രം വിജയിച്ചാല്‍ മറ്റ് പേചാനല്‍ കമ്പനികളും ഇതേ ആവശ്യവുമായി വരും. അങ്ങനെ സംഭവിച്ചാല്‍ ഇന്ന് താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കേബിള്‍ ടി.വി സേവന നിരക്കില്‍ വന്‍വര്‍ദ്ധനവ് വരുത്തേണ്ടി വരും. 

ഏഷ്യാനെറ്റ് സ്റ്റാര്‍ ചാനലുകള്‍ക്ക് വേണ്ടി നിങ്ങള്‍ തരുന്ന വരിസംഖ്യയില്‍ നിന്നും ഒരുവിഹിതം മാസംതോറും ഞങ്ങള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം റെയില്‍ ടെല്‍, കെ.എസ്.ഇ.ബി ടാറ്റ തുടങ്ങിയ കമ്പനികള്‍ക്ക് വന്‍തുക ഫൈബര്‍ വാടക നല്‍കിയാണ് ഓരോ ചാനലും നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നത്. 

കേബിള്‍ ടിവി സേവനം ഞങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായിട്ടും ഞങ്ങള്‍ ശക്തിയായി പ്രതിഷേധിക്കുന്നത് കേബിള്‍ ടിവി വരിക്കാര്‍ക്ക് കൂടി വേണ്ടിയാണ്. ഇപ്പോള്‍ ഒരു ചാനലിന് വെറും ഏഴ് രൂപയും 10 രൂപയും ചോദിക്കുന്ന സ്റ്റാര്‍ ടിവിയുടെ അടുത്ത വര്‍ഷത്തെ ആവശ്യം 15 രൂപയും 25 രൂപയുമായിരിക്കും.മറ്റ് പ്രധാന മലയാളം ചാനലുകളെല്ലാം ഒരു രൂപ പോലുംവരിസംഖ്യ നല്‍കാതെ ജനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ കോടികള്‍ ലാഭം കൊയ്യുന്ന മാധ്യമഭീമന്‍ മര്‍ഡോകിന്റെ മാധ്യമ അധിനിവേശവും അത്യാര്‍ത്തിയും പഞ്ചപുച്ഛമടക്കി നമ്മള്‍ അനുവദിക്കണോ? . അതോ പ്രതിഷേധിക്കണോ? . പേചാനലുകളില്‍ പരസ്യ സംപ്രേക്ഷണം നടത്തുന്നതിന് സമയനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതല്ലേ? . പേചാനല്‍ നിരക്ക് വര്‍ദ്ധനവിനെതിരെ ഏഷ്യാനെറ്റടക്കമുള്ള സ്റ്റാര്‍ ടി.വി ചാനലുകള്‍ ബഹിഷ്‌കരിക്കാനുള്ള സി.ഒ.എയുടെ ആഹ്വാനത്തിലും പ്രതിഷേധത്തിലും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്

കെ.വിജയകൃഷ്ണന്‍

RELATED STORIES
� Infomagic - All Rights Reserved.