കാബേജും ക്വാളിഫ്‌ളവറും കൃഷി ചെയ്യാന്‍ സമയമായി....
November 05,2018 | 12:43:38 pm

നവംബര്‍ മാസത്തോടെ ആരംഭിക്കുന്ന മഞ്ഞുകാലത്തോടെ കാബേജ്, ക്വാളിഫ്‌ളവര്‍ തുടങ്ങിയ വിളകള്‍ വീട്ടുവളപ്പിലോ ഗ്രോബാഗിലോ കൃഷി ചെയ്‌തെടുക്കാം. തുറസ്സായ വെയിലുള്ള നീര്‍വാര്‍ച്ചയുള്ള സ്ഥലത്ത് കട്ടകളുടച്ച് ചാണകപ്പൊടി ചേര്‍ത്തിളക്കി വിത്തു പാകാം.ട്രൈക്കോഡര്‍മ ചേര്‍ത്തു സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയാണെങ്കില്‍ കുമിള്‍ രോഗബാധയെ തടയും. അഞ്ച് ദിവസത്തിനകം വിത്തു മുളക്കും.നാലില പ്രായമായാല്‍ പറിച്ചുനടാം. സ്യൂഡോമോണാസ് ലായനിയില്‍ മുക്കി നടുന്നത് ചെടിയുടെ ത്വരിത വളര്‍ച്ചക്കും രോഗപ്രതിരോധത്തിനും ഗുണം ചെയ്യും. ഒരടി വീതിയും, അരയടി താഴ്ചയും, ആവശ്യത്തിനു നീളവുമുള്ള ചാലുകോരിയോ അല്ലെങ്കില്‍ ഗ്രോബാഗിലോ മണല്‍, മേല്‍മണ്ണ്, ചാണകപ്പൊടി എന്നിവയുടെ മിശ്രിതം മുക്കാല്‍ ഭാഗം നിറച്ച് അതിലോ ചെടികള്‍ നടാം. മണലിനുപകരം ശുദ്ധീകരിച്ച ചകിരിച്ചോറും ഉപയോഗിക്കാം. ചെടികള്‍ തമ്മില്‍ രണ്ട് അടി അകലം പാലിക്കണം. വേരുപിടിക്കുന്നതുവരെ നാലഞ്ചുദിവസം തണല്‍ നല്‍കി രണ്ടു നേരവും നനച്ചുകൊണ്ടിരിക്കണം. ചെടികളുടെ വളര്‍ച്ചക്കനുസരിച്ച് ജൈവവളം കുറേശ്ശെ നല്‍കി ആഴ്ചതോറും ചാലുകള്‍ മൂടി മണ്ണ് ഉയര്‍ത്തിക്കൊടുക്കുകയും വേണം. ഒന്നരമാസത്തോടെ ക്വാളിഫ്‌ളവര്‍ വിരിഞ്ഞുവരും. വിളവിന് കൂടുതല്‍ ഭംഗിയും നിറവും ലഭിക്കാന്‍ താഴെയുള്ള ഇലകള്‍കൊണ്ട് മൂടിക്കെട്ടുന്നത് നല്ലതാണ്. രണ്ടാം മാസത്തോടെ കാബേജിനു ആകൃതി കൈവരും. രണ്ടാമത്തെ ആഴ്ച വിളവെടുക്കാം. കീടങ്ങളെ അകറ്റാന്‍ ബ്യുവേറിയ ആഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളുടെ ആക്രമണം കണ്ടുതുടങ്ങിയാല്‍ വേപ്പെണ്ണ-കാന്താരി മുളക് ലായനിയും പ്രയോഗിക്കാം.

 
� Infomagic- All Rights Reserved.