ദിലീപിനെ കുടുക്കിയത് തന്നെ...വാദങ്ങള്‍ പൊളിയുന്നു...
August 12,2017 | 03:44:08 pm


നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് കുറ്റക്കാരനാണെന്ന് നാഴികക്ക് നാല്‍പതു വട്ടം ആവര്‍ത്തിക്കുന്ന പൊലീസ് ഇനിയെങ്കിലും ചില ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയേ തീരൂ.

ഏപ്രില്‍ 10നാണ് തനിക്ക് ഭീഷണി സന്ദേശം വന്നതെന്നും അന്നുതന്നെ ഡിജിപിക്ക് വാട്ട്‌സ്ആപിലൂടെ പരാതി നല്‍കിയെന്നുമാണ്ു ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പൊലീസിന്റെ വാദം. ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രില്‍ 22 നാണ്. പള്‍സര്‍ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചത് മാര്‍ച്ച് 28നും. അതായത് 20 ദിവസങ്ങള്‍ക്കുശേഷമാണ് ദിലീപ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം പരിശോധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മാത്രമല്ല വാട്ട്‌സ്ആപ് വഴി അയച്ച സന്ദേശം പരാതിയായി കണക്കാക്കാനാവില്ലെന്നും കോടതിയില്‍ വാദിക്കും.
ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കുമെന്ന് ഡിജിപി: ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞിരുന്നു. പള്‍സര്‍ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിക്കുകയും. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അനന്തം അജ്ഞാതം എന്ന പോലെയുള്ള ഈ കേസ് അന്വേഷണവും കോടതിയിലെ നിലപാടും എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ കാഴ്ച്ചക്കാരനില്‍ ന്യായമായും ഉയരുന്ന ചില സംശയങ്ങളുണ്ട്. കേസ് അന്വേഷണം ദിലീപിലേക്ക് കേന്ദ്രീകരിച്ചത് മുതല്‍ താന്‍ എല്ലാം ഡി.ജി.പിയോട് പറഞ്ഞതാണെന്ന് ദിലീപ് ആവര്‍ത്തിച്ച സംഭവമാണ് അത്. ആ സമയത്ത് തന്നെ കുടുക്കാന്‍ ലക്ഷ്യമാക്കിയുള്ള ഒരു ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ ആദ്യമേ സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ചു കൊടുക്കാന്‍ മാത്രം കേസില്‍ പങ്കുള്ള ഒരാള്‍ മുതിരുമോ എന്നുള്ളതാണ് ഒരു സംശയം. സംസ്ഥാനത്തെ ഇത്രമാത്രം പ്രമാദമായ ഒരു കേസില്‍ കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രമുഖനായ ഒരാള്‍ നല്‍കിയ വാട്ട്‌സ്ആപ് സന്ദേശം പരാതിയായി സ്വീകരിക്കാനാവില്ല എന്ന് പൊലീസ് പറയുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എന്നതാണ് രണ്ടാമത്തെ സംശയം. ദിലീപിലേക്ക് അന്വേഷണം വന്നത് ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലല്ല. അതു പോലെ തന്നെ ആരെങ്കിലും തന്നെ ലക്ഷ്യം വെക്കുന്നുവെന്ന് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കേസില്‍ ഒരാള്‍ പറഞ്ഞാല്‍ സ്വാഭാവികമായും അന്വേഷണപരിധിയില്‍ വരേണ്ട വിഷയത്തെ തള്ളികളഞ്ഞതിനെ രേഖാമൂലം പരാതി നല്‍കാനുള്ള ദിവസങ്ങളുടെ കണക്ക് കൊണ്ട് നേരിടാനാകുമോ? സംസ്ഥാനത്തെ പോലീസ് മേധാവി ഗൗരവമുള്ള ഒരു കേസിനെ പോലും ഇങ്ങിനെയാണോ നേരിടുന്നത്?

ഇനി ദിലീപ് അന്വേഷണം തന്നിലേക്കെത്താതിരിക്കാന്‍ സ്വീകരിച്ച തന്ത്രമാണിതെങ്കില്‍ സാങ്കേതികവിദ്യകള്‍ ഇത്രയും സജീവമായ കാലത്ത് എന്ത് കൊണ്ട് ഇതുവരെയും പോലീസിന് ഇതൊന്നും തെളിയിക്കാനായില്ല. ദിലീപിനെതിരെ പൊലീസിന്റെ കയ്യിലുള്ള ശാസ്ത്രീയ തെളിവുകളെന്തൊക്കെയാണ്? അത്തരത്തില്‍ തെളിവുകളുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് മിടുക്ക് തെളിയിക്കുകയല്ലേ വേണ്ടത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്ത കണ്ടവനെ പോലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പൊലീസ് അന്വേഷണം എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. മൂന്നാം വിവാഹം,അനധികൃത സ്വത്ത് സമ്പാദനം, പുറമ്പോക്ക് കയ്യേറ്റം, അങ്ങനെ വാര്‍ത്താ ആഘോഷങ്ങളുടെ പട്ടിക നിരത്തി ദിലീപിനെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രത ഒരുവശത്ത് പ്രകടമാകുമ്പോള്‍ ആരോപണ വിധേയനായ വ്യക്തി പൊലീസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാനാവുമോ? കാരണം പൊലീസ് ഒരു കുറ്റമറ്റ സംവിധാനമൊന്നുമല്ലെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടതാണ്.

ഈ കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലര്‍ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവര്‍ ഒന്നാംപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാള്‍ തന്റെ സുഹൃത്ത് നാദിര്‍ഷായ്ക്ക് 2017 ഏപ്രില്‍ 10നു ഫോണ്‍ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാന്‍ കഴിയുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചനയാണു തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ജാമ്യാഹര്‍ജിയില്‍ ദിലീപ് പറയുന്നു. ശബ്ദരേഖയും കോള്‍ വന്ന ഫോണ്‍ നമ്പറും നല്‍കി. സുനിലിനെ തനിക്കറിയില്ല, ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നര കോടി രൂപയ്ക്കു താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നു സുനില്‍ പറയുന്നതു സാങ്കല്‍പികമാണെന്നും അദ്ദേഹം ആരോപിക്കുന്നു. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യം പരസ്യമായി പറഞ്ഞ നടിക്ക് കേസ് അന്വേഷിക്കുന്ന എഡിജിപിയുമായി അടുപ്പമുണ്ട്. തന്നെ കുടുക്കാന്‍ ലക്ഷ്യമിടുന്ന ചില പൊലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രചാരണത്തിന്റെയും ഇരയാണു താന്‍. ചോദ്യം ചെയ്യല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനാവരുതെന്നതുള്‍പ്പെടെ അന്വേഷണത്തെക്കുറിച്ചു മുന്‍ ഡിജിപി പറഞ്ഞ അഭിപ്രായങ്ങള്‍ പ്രസക്തമാണെന്നും പൊലീസിനെ വെട്ടിലാക്കുന്ന രീതിയില്‍ ദിലീപ് ജാമ്യാഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെ യൊക്കെ ആയ സ്ഥിതിക്ക്  18ന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഡി.ജി.പി ലോക്‌നാഥ ബെഹ്‌റയും അന്വേഷണ ഉദ്യോഗസ്ഥരും  ഇതിനെല്ലാം ഉത്തരം പറയാന്‍ പാടുപെടേണ്ടി വരും.

 

 

 

RELATED STORIES
� Infomagic - All Rights Reserved.