ദിലീപ് ആഘോഷിക്കപ്പെടുമ്പോള്‍ നാട്ടില്‍ സംഭവിക്കുന്നത്...
July 17,2017 | 04:11:31 pm
Share this on

 ജനപ്രിയ നടന്റെ അറസ്റ്റിന് ശേഷം ആ വാര്‍ത്ത പരിധിയും കവിഞ്ഞ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നാട്ടുകാരുടെ അവശ്യ സേവന മേഖലയായ ആരോഗ്യ രംഗത്തുള്‍പ്പെടെയുള്ള പ്രതിസന്ധിയാണ് ആരും കാണാതെ പോകുന്നത്.നടന്റെ അറസ്റ്റ് രാഷ്ട്രീയ നേട്ടമായി ഇടതുപക്ഷം ആഘോഷിക്കുമ്പോള്‍ മുകേഷിന്റേയും,ഗണേഷ്‌കുമാറിന്റേയും,  ഇന്നസെന്റിന്റേയും ചെയ്തികളെ രാഷ്ട്രീയ നേട്ടത്തിനെങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനയിലാണ് പ്രതിപക്ഷം.അന്‍വര്‍ സാദത്ത് എം.എല്‍.എ യുടെ നടനുമായുള്ള ബന്ധം ഇടത്മുന്നണി എടുത്ത് പുറത്തിടുമ്പോള്‍ മുകേഷിന്റെ മൊഴിയെടുക്കല്‍ ചര്‍ച്ചയാക്കുകയാണ് പ്രതിപക്ഷം. എന്റെ മൊഴിയെടുക്കുന്നില്ലെന്ന പി.ടി തോമസ്സിന്റെ പരാതി ഒരുവശത്ത്. നേട്ടം ആഘോഷിക്കാന്‍ ഇടതും കോട്ടം ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷവും മുമ്പെങ്ങുമില്ലാത്തവിധം നടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശ്രമിക്കുമ്പോള്‍ ഇതേ പരിസരത്താണ് മാധ്യമ ശ്രദ്ധയും.കേരളത്തില്‍ പകര്‍ച്ചപ്പനിയും ചിക്കന്‍ഗുനിയയും പടര്‍ന്നുപിടിച്ച് അനുദിനം മരണസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ആരാഗ്യവകുപ്പാകട്ടെ നിസ്സഹായരായി നോക്കിനില്‍ക്കുന്നു. സംസ്ഥാനത്ത് പൊതുജന പ്രശ്‌നങ്ങള്‍ ആരുമുന്നയിക്കാനില്ലാത്ത അവസ്ഥ.

സെന്‍കുമാറിന്റെ ബി.ജെ.പി അനുകൂല പ്രസ്താവനക്ക് കയ്യടിച്ചവര്‍ക്കും അദ്ദേഹത്തെ പുണരാന്‍ വെമ്പിയവര്‍ക്കും പൊതുജന സംബന്ധിയായ വിഷയങ്ങളില്‍ യാതൊരു താത്പര്യവും കാണുന്നില്ല. നനഞ്ഞിടം കുഴിക്കാനാണ് അവര്‍ക്കും താത്പര്യം. പാവപ്പെട്ട ജനങ്ങള്‍ ചകിത്സക്ക് വേണ്ടി ആശുപത്രിയിലേക്ക് നെട്ടോട്ടമോടി കിടക്കാന്‍ സ്ഥലമില്ലാതെ ഡോക്ടര്‍മാരില്ലാതെ മരുന്ന് കിട്ടാതെ അന്ധാളിിച്ചു നില്‍ക്കുമ്പോള്‍ അതൊന്നും നമ്മളെ ബാധിക്കുന്നതേയല്ലെന്ന ധാരണയിലാണ് രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും. അപ്പോള്‍ കിട്ടുന്ന വാര്‍ത്തയുടെ കാണാപ്പുറങ്ങളില്‍ ഖനനം നടത്തുന്ന മാധ്യമങ്ങള്‍ പുതിയതൊന്ന് കിട്ടും വരെ ഇങ്ങനെ തന്നെ തുടരും. ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ അജണ്ടയല്ലാതെയാകുന്ന പുതിയ ദൃശ്യമാധ്യമ സംസ്‌കാരമാണ് നടക്കുന്നത്. നഴ്‌സിംഗ് മേഖലയിലെ സമരം, ജി എസ് ടി യുടെ പേരില്‍ കച്ചവടക്കാന്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചു സാധാരണക്കാരന്റെ ജീവിതം ആശങ്കയിലാക്കുന്നത് തുടങ്ങീ, പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കെല്‍പ്പില്ലാത്ത സര്‍ക്കാര്‍ ദുര്‍ബലമായി നില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് ഒരു പ്രതിപക്ഷമുണ്ടോ എന്ന സംശയമാണുയരുന്നത്. മൂന്നാറിലെ കയ്യേറ്റങ്ങളും ഉദ്ധ്യോഗസ്ത സ്ഥലമാറ്റങ്ങളും അതിനോടനുബന്ധിച്ച വിവാദങ്ങളും പ്രധാനപ്പെട്ട വാര്‍ത്തകളും എല്ലാം ആഘോഷങ്ങളില്‍ ഒലിച്ചുപോയി. വിവിധ വിഷയങ്ങളിലെ ഇടതു മുന്നണിയിലെ സി.പി.എം സി.പി.ഐ പോരും നടന്റെ അറസ്‌റ്റോടെ മുങ്ങിപോയി. ഓരോ വാര്‍ത്തയും ആഘോഷിക്കപ്പെടണം എന്നാല്‍ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് മീതെ ആഘോഷം അരങ്ങുതകര്‍ക്കുമ്പോള്‍ ഉയരേണ്ട ചര്‍ച്ചകളും ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളും അതിസമര്‍ത്ഥമായി കുഴിച്ചുമൂടപ്പെടുകയാണിപ്പോള്‍...

RELATED STORIES
� Infomagic - All Rights Reserved.