എന്തുകൊണ്ടാണ് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപം ലാഭകരമാകുന്നത്. ആറു കാരണങ്ങള്‍
April 05,2017 | 01:26:22 pm
Share this on

ശമ്പളക്കാരുടെ മനസ്സിലെല്ലാം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ് പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) നിക്ഷേപമാണോ ബാങ്ക് ഡിപ്പോസിറ്റുകളാണോ ലാഭകരമെന്നത്. തീര്‍ച്ചയായും പിഎഫ് നിക്ഷേപം തന്നെയാണ് ലാഭകരം. എന്തുകൊണ്ടാണ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ലാഭകരമാകുന്നത്. ആറു കാരണങ്ങള്‍

തീര്‍ച്ചയായും ബാങ്ക് നിക്ഷേപത്തേക്കാള്‍ അധികം പലിശ ലഭിക്കുന്നത് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനാണ്. നിലവില്‍ പിപിഎഫ് 8 ശതമാനം പലിശ നല്‍കുമ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ ഏഴു ശതമാനം മാത്രമാണ് തരുന്നത്.

ബാങ്ക് നിക്ഷേപം പരിപൂര്‍ണമായും ടാക്‌സ് ലെന്‍സിനുള്ളില്‍ വരുന്നതാണ്. ബാങ്ക് നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ വരുമാനമായി കണക്കാക്കും. അതിനുള്ള നികുതി കൂടി നമ്മള്‍ നല്‍കേണ്ടി വരുമെന്ന് ചുരുക്കം. അതേ സമയം പിപിഎഫിലെ പലിശയ്ക്ക് നികുതി കൊടുക്കേണ്ടതില്ല.

പിപിഎഫില്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപവരെ ഒരാള്‍ക്ക് നികുതി ആനുകൂല്യത്തോടെ നിക്ഷേപിക്കാനാകും. 80സി പ്രകാരമുള്ള നികുതി ലാഭം ലഭിക്കുമെന്ന് ചുരുക്കം. എന്നാല്‍ സാധാരണ ബാങ്ക് നിക്ഷേപങ്ങള്‍ ഇത്തരത്തിലുള്ള ഇളവ് നല്‍കുന്നില്ല

ചുരുങ്ങിയത് 15 വര്‍ഷത്തെ കാലയളവിലാണ് പിപിഎഫില്‍ പണം നിക്ഷേപിക്കുന്നത്. ഏഴ് വര്‍ഷത്തെ ലോക്കിങ് പിരിയഡും ഉണ്ട്. ചുരുക്കത്തില്‍ പണം സമ്പാദിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് വിരമിക്കുന്ന സമയത്ത് ഏറെ ഉപകാരപ്പെടുകയും ചെയ്യും. എന്നാല്‍ ബാങ്ക് നിക്ഷേപത്തിന് ഈ മെച്ചം ഇല്ല. അത്യാവശ്യം വന്നാല്‍ ബാങ്കില്‍ നിന്നു നാം പണം എടുക്കുക തന്നെ ചെയ്യും.

വയസ്സുകാലത്തേക്ക് പണം സമ്പാദിച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിപിഎഫ് നല്ലൊരു ഓപ്ഷനാണ്. പുതിയ സംവിധാനമനുസരിച്ച് സ്ഥിരം ജോലി തന്നെ വേണമെന്നില്ല. പോസ്റ്റ് ഓഫിസുകളില്‍ മാത്രമല്ല ബാങ്കുകളിലും പിപിഎഫ് എക്കൗണ്ട് തുറക്കാനും പണം അടയ്ക്കാനും സാധിക്കും. ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകളും പെയ്‌മെന്റുകളും അനുവദിക്കുന്നുണ്ട്.

എളുപ്പത്തില്‍ പണം കൈയില്‍ കിട്ടുന്നുവെന്നത് മാത്രമാണ് ബാങ്ക് നിക്ഷേപത്തിനുള്ള ഒരു മെച്ചം. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് ബാങ്ക് നിക്ഷേപം തിരിച്ചു വാങ്ങാനാകും. എന്നാല്‍ പിപിഎഫില്‍ കാത്തിരിക്കണം. ഭാഗികമായ പിന്‍വലിക്കലിന് പോലും ഏഴ് വര്‍ഷം കാത്തിരിക്കണം. ഇതിനെ നേട്ടമായോ കോട്ടമായോ കാണുന്നത് നിങ്ങളുടെ ഇഷ്ടം. ചുരുക്കത്തില്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് പിപിഎഫ് നിക്ഷേപം. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.

RELATED STORIES
� Infomagic - All Rights Reserved.