ഡോഡ്ജ് വൈപ്പര്‍ ഇനിയുണ്ടാവില്ല
February 15,2017 | 04:12:59 pm
Share this on

സ്പോര്‍ട്സ് കാറായ വൈപ്പര്‍ പൂര്‍ണമായും വിറ്റു തീര്‍ന്നെന്നു ഫിയറ്റ് ക്രൈസ്ലറിന്റെ ഉടമസ്ഥതയിലുള്ള ഡോഡ്ജ്. 'വൈപ്പര്‍' നിര്‍മാണം അവസാനിപ്പിക്കുകയാണെന്നു കഴിഞ്ഞ വര്‍ഷമാണു കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാര്‍ നിര്‍മാണത്തിനുള്ള സ്ലോട്ടുകളെല്ലാം വിനിയോഗിക്കുന്നതോടെ വരുന്ന ഓഗസ്റ്റ് 31ന് 'വൈപ്പര്‍' നിര്‍മാണത്തിനു തിരശീല വീഴും.'വൈപ്പര്‍' വിട പറയുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെ ധാരാളം പേര്‍ കാര്‍ സ്വന്തമാക്കാന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ 'വൈപ്പറി'ന് ഓര്‍ഡര്‍ സ്വീകരിക്കുന്നത് ഡോഡ്ജ് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്നു സപ്ലയര്‍മാരുമായി ബന്ധപ്പെട്ട് സ്പെയര്‍ പാര്‍ട്സ് ലഭ്യത ഉറപ്പാക്കിയ ശേഷമാണു കമ്പനി കൂടുതല്‍ കാറുകള്‍ നിര്‍മിക്കാന്‍ സന്നദ്ധരായത്.

പ്രത്യേക പതിപ്പുകളായിട്ടാവും 'ഡോഡ്ജ് വൈപ്പറി 'ന്റെ അവസാന മോഡലുകള്‍ നിരത്തിലെത്തുക. 'വൈപ്പര്‍' പിന്നിട്ട വിവിധ നാഴികക്കല്ലുകളുടെ സ്മരണയ്ക്കായി: 'വൈപ്പര്‍ 1:28 എഡീഷന്‍ എ സി ആര്‍', 'ജി ടി എസ് - ആര്‍' അനുസ്മരണ പതിപ്പായ 'എ സി ആര്‍', 'വൂഡൂ സെക്കന്‍ഡ് എഡീഷന്‍ എ സി ആര്‍', 'സ്നേക്ക്സ്കിന്‍ എഡീഷന്‍ ജി ടി സി'യും 'എ സി ആറും', 'ഡോഡ്ജ് ഡീലര്‍ എഡീഷന്‍ എ സി ആര്‍' എന്നിവയാവും അവസാന ബാച്ചില്‍ നിരത്തിലെത്തുക. കഴിഞ്ഞ വര്‍ഷം 'വൈപ്പര്‍' ഉല്‍പ്പാദനത്തിന്റെ രജത ജൂബിലിയും കമ്പനി ആഘോഷിച്ചിരുന്നു. ലളിതമായ സ്പോര്‍ട്സ് കാറായി 1992ലായിരുന്നു 'വൈപ്പറി'ന്റെ അരങ്ങേറ്റം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഷെവര്‍ലെ 'കോര്‍വെറ്റി'നു കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ 'വൈപ്പറി'നു സാധിച്ചു. എന്നാല്‍ അടുത്ത കാലത്തായി വില്‍പ്പനയില്‍ ഇടിവു നേരിട്ടതും കാറിലെ നാച്ചുറലി ആസ്പിറേറ്റഡ് വി 10 എന്‍ജിന് മലിനീകരണ നിയന്ത്രണത്തില്‍ ഉന്നത നിലവാരം പാലിക്കാനാവാതെ വന്നതുമൊക്കെയാണു ഡോജിനെ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. 'വൈപ്പര്‍' വിട പറയുമ്പോഴും 'ചലഞ്ചര്‍', 'ചലഞ്ചര്‍ എസ് ആര്‍ ടി ഹെല്‍കാറ്റ്' മോഡലുകള്‍ തുടരാനാണു ഡോജിന്റെ തീരുമാനം. കൂടാതെ ഇക്കൊല്ലത്തെ ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ 'ചലഞ്ചര്‍ ഡെമണ്‍' പ്രദര്‍ശിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.