വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് രഹസ്യ വഴിയില്ല; ആരും പേടിക്കേണ്ടെന്ന് ഫെയ്‌സ്ബുക്ക്
January 11,2018 | 04:09:56 pm
Share this on

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ ജര്‍മ്മന്‍ ഗവേഷകര്‍ വലിയ സുരക്ഷാ പിഴവ് കണ്ടെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്ക്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് രഹസ്യ വഴിയൊന്നുമില്ലെന്ന് ഫെയ്‌സ്ബുക്കിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് ട്വിറ്ററില്‍ പറഞ്ഞു. 

ഒരു പുതിയ അംഗം ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ മറ്റ് അംഗങ്ങള്‍ക്കെല്ലാം അത് കാണാം. അപ്പോള്‍ ഗ്രൂപ്പ് ചാറ്റില്‍ ഒളിച്ചുകടന്നവരെ കണ്ടെത്താന്‍ മറ്റുള്ളവര്‍ക്ക് എളുപ്പമാണ്. മാത്രവുമല്ല ഒരാള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ആരെല്ലാം കണ്ടു എന്ന് അറിയാനുള്ള ഒന്നിലധികം വഴികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നല്‍കിയിട്ടുമുണ്ടെന്നും സ്റ്റാമോസ് പറയുന്നു. ഒപ്പം സാഹചര്യം വിശദമാക്കുന്നൊരു സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചു.

'വാട്‌സ്ആപ്പ് സെര്‍വ്വറുകള്‍ സാധാരണ വാട്‌സ്ആപ്പ് സ്റ്റാഫിനും, നിയമപരമായി അനുമതിയുള്ള സര്‍ക്കാര്‍ അധികാരികള്‍ക്കും അതിവിദഗ്ദരായ ഹാക്കര്‍മാര്‍ക്കും മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. 

അത്തരം ഹാക്കര്‍മാര്‍ക്ക് തീര്‍ച്ചയായും ഗ്രൂപ്പ് മെമ്പര്‍ഷിപ്പില്‍ തിരിമറികള്‍ നടത്താന്‍ സാധിക്കും. എന്നാല്‍ അവര്‍ സ്വയം അവരെ ഗ്രൂപ്പുകളില്‍ ചേര്‍ത്താല്‍ അവര്‍ക്ക് ആ ഗ്രൂപ്പില്‍ ഉള്ള പഴയ സന്ദേശങ്ങളൊന്നും കാണാന്‍ സാധിക്കില്ല. 

കാരണം അവയെല്ലാം എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആണ്. അതായത് സന്ദേശങ്ങള്‍ നേരത്തെ എന്‍ക്രിപ്റ്റ് ചെയ്തതായതിനാല്‍ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ തുറക്കാനുള്ള കീകള്‍ (Keys) അവരുടെ പക്കലുണ്ടാവില്ല.

കടന്നു കയറിയാണെങ്കിലും ഹാക്കര്‍ ഒരു ഗ്രൂപ്പില്‍ അംഗമായാല്‍ എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അത് കാണാന്‍ സാധിക്കും. പുതിയ ആള്‍ അംഗത്വമെടുക്കുമ്പോള്‍ ലഭിക്കുന്ന അറിയിപ്പിനെ തടയാന്‍ ഒരു വഴിയും ഇല്ല. ' സ്റ്റാമോസ് പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ വിശദമാക്കുന്നു.

അതായത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കടന്നു കയറുന്ന ഒരാള്‍ക്ക് ആ ഗ്രൂപ്പില്‍ അതുവരെ അയക്കപ്പെട്ട സന്ദേശങ്ങളൊന്നും തന്നെ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഗ്രൂപ്പിലെ ഭാവി സന്ദേശങ്ങളെല്ലാം കാണാനും സാധിക്കും. പക്ഷെ ഒരാള്‍ ഗ്രൂപ്പില്‍ അംഗമായാല്‍ അത് മറ്റുള്ളവരെല്ലാം അറിയും. ഇതുവഴി നുഴഞ്ഞുകയറ്റക്കാരനെ കണ്ടെത്താം. അയക്കുന്ന സന്ദേശങ്ങള്‍ ആരെല്ലാം കണ്ടു എന്ന് അറിയാനുള്ള സംവിധാനം ഗ്രൂപ്പ് ചാറ്റില്‍ ഉള്ളതിനാല്‍ അവിടെയും അപരചിതനെ തിരിച്ചറിയാനുള്ള വഴിയുണ്ട്. - വാട്‌സ്ആപ്പ് സുരക്ഷാ വീഴ്ചയെ വിശദീകരിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്കിന്റെ പ്രതികരണം ഇങ്ങനെയാണ്.

അതേസമയം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഗൗരവതരമായാണ് വീക്ഷിക്കുന്നതെന്നും. ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പിന്റെ ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ഫീച്ചറില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരുമെന്നും കൂടുതല്‍ സംരക്ഷണം നല്‍കുന്ന ഒരു പകരം സംവിധാനം വേണ്ടിവരുമെന്നും അലെക്‌സ് സ്റ്റാമോസ് പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.