തണുപ്പുകാല രോഗങ്ങളില്‍ നിന്നും വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാം
August 09,2017 | 10:55:43 am

തണുപ്പുകാലത്തു വളർത്തുമൃഗങ്ങളിൽ രോഗങ്ങൾ വരാനുള്ള സാധ്യതയേറെയാണെന്നും ഇക്കാരണത്താൽ കർഷകർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മൃഗസംരക്ഷണവകുപ്പ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പൂപ്പൽ വിഷബാധ, കുളമ്പുരോഗം, വയറുപെരുപ്പം, ദഹനക്കേട്, കുരലടപ്പൻ, കരിങ്കാലി (കരിങ്കൊറു), തൊലിപ്പുറത്തുള്ള പരാദരോഗങ്ങൾ, ബെബിസിയോസിസ്, തെയിലേറിയാസിസ്, കോക്സിഡിയോസിസ് എന്നിവയാണു കന്നുകാലികളെ പ്രധാനമായും തണുപ്പുകാലത്തു ബാധിക്കുന്ന രോഗങ്ങൾ.

ശ്വാസകോശങ്ങളിൽ ഏറ്റവും മാരകം ന്യൂമോണിയയാണ്. പനി, ഇടയ്ക്കിടെയുള്ള ചുമ, മൂക്കിൽക്കൂടിയുള്ള പഴുപ്പ്, വിശപ്പില്ലായ്മ, ശ്വാസതടസ്സം, വായ തുറന്നു ശ്വാസം വിടുക എന്നിവയാണു പ്രാരംഭലക്ഷണങ്ങൾ. ഉരുക്കളെ നല്ലതുപോലെ കാറ്റും വെളിച്ചവും കയറുകയും പൊടിപടലങ്ങൾ ഇല്ലാത്തതുമായ അന്തരീക്ഷത്തിലേക്കു മാറ്റണം. വെള്ളം വെട്ടിത്തിളപ്പിച്ച്, വാവട്ടം കുറഞ്ഞ പാത്രത്തിൽ എടുത്തു രണ്ടു–മൂന്ന് തുള്ളി ടിങ്ചർ ബൻസോയിനോ, യൂക്കാലിയോ ഒഴിച്ച് ആവി മൂക്കിലേക്കു കൊള്ളിക്കുന്നതു നല്ലതാണ്. ദ്രവരൂപത്തിലുള്ള മരുന്നുകൾ രോഗം ഗുരുതരമാക്കും. ആന്‍റി ബയോട്ടിക്കുകൾ അടങ്ങിയ കുത്തിവയ്പ്പ് എടുക്കുന്നത് ഉത്തമം.

ധാന്യങ്ങളിലും പിണ്ണാക്കിലുലും വളരുന്ന പൂപ്പലിലെ വിഷാംശമാണ് പൂപ്പൽ വിഷബാധയ്ക്കു കാരണമാകുന്നത്. വിശപ്പില്ലായ്മ, പാലുൽപാദനത്തിൽ കുറവ്, ക്ഷീണം, മഞ്ഞപ്പിത്തം തുടങ്ങിയവാണു രോഗലക്ഷണങ്ങൾ. തീറ്റ വെയിലത്ത് ഇട്ടു ചൂടാക്കുന്നതു വിഷാംശം കുറയ്ക്കും.

ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് കുളമ്പു രോഗം. രോഗാണുക്കൾ വായുവിലൂടെയും തീറ്റയിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കും. കടുത്ത പനി, മൂക്കിൽനിന്നു നീരൊലിപ്പ്, ഉമിനീർസ്രവം, തീറ്റ തിന്നാതിരിക്കൽ, അയവിറക്കാതിരിക്കൽ, പാൽ കുറയുന്നതു തുടങ്ങിയവയാണു പ്രാരംഭ രോഗലക്ഷണങ്ങൾ. വായിലും കുളമ്പുകൾക്കിടയിലും ചെറിയ കുമിളകൾ ഉണ്ടാകുകയും അവ പൊട്ടി വ്രണങ്ങളാകുകയും ചെയ്യും.രോഗം വന്നവയെ മറ്റുള്ളവയിൽനിന്നു മാറ്റിപ്പാർപ്പിക്കണം. കുത്തിവയ്പ്പാണു രോഗപ്രതിരോധത്തിനുള്ള മാർഗം.

ആമാശയത്തിൽ വാതകങ്ങളുടെ ആധിക്യം നിമിത്തം ഉണ്ടാകുന്ന രോഗമാണു വയറുപെരുപ്പം. ഭക്ഷണത്തിലെ ക്രമക്കേട്, പയറുവർഗ ചെടികൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തൽ, വിഷച്ചെടികൾ തീറ്റയിൽ കലരുന്നത് എന്നിവയാണു കാരണങ്ങൾ. വിശപ്പില്ലായ്മ, അയവെട്ടാനുള്ള വിമുഖത, ഉദരസ്തംഭനം, കലശലായ ക്ഷീണം, മലബന്ധം–വയറിളക്കം, വായിൽക്കൂടി പച്ചനിറം കലർന്ന വെള്ളം വരുന്നത് എന്നിവയാണു രോഗലക്ഷണങ്ങൾ. ∙

പന്നികളെ ബാധിക്കുന്ന രോഗങ്ങൾ : ന്യൂമോണിയ, പന്നിഫ്ലൂ, പന്നിപ്പനി എന്നിവയാണു പ്രധാനമായും വളർത്തു പന്നികളെ ബാധിക്കുന്ന രോഗങ്ങൾ. തുമ്മൽ, മൂക്കൊലിപ്പ്, കണ്ണീരൊലിപ്പ്, ചുമ എന്നിവയാണു പന്നി ഫ്ലൂവിന്റെ രോഗലക്ഷണങ്ങൾ. വളരെയധികം സാമ്പത്തിക നഷ്ടത്തിനു കാരണമാകുന്ന വൈറൽ രോഗമാണു പന്നിപ്പനി. ഉയർന്ന മരണനിരക്കു രോഗത്തിന്‍റെ തീവ്രത കൂട്ടുന്നു. ∙

കോഴികളിലെ രോഗങ്ങൾ:  രക്താതിസാരം, പരാദങ്ങൾ, വസൂരി, വസന്ത എന്നിവയാണു തണുപ്പുകാലത്തു കോഴികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും ആന്‍റി ബയോട്ടിക്കുകളിലൂടെയും രോഗത്തെ പടികടത്താം.

RELATED STORIES
� Infomagic - All Rights Reserved.