പച്ചക്കറിയിലെ പുതുമുഖമായ കോള്‍റാബി
October 08,2018 | 10:45:20 am

ചെടി നടുമ്പോള്‍ സാധാരണ കാബേജിന്‍റെ തൈകള്‍ പോലെ, വളര്‍ന്നു വരുന്നത്കോളിഫ്ളവറിന്‍റെ തൈപോലെ, എന്നാല്‍ പിന്നീട് ചെടിയുടെ തണ്ട് ചെറിയ പച്ച കൈതച്ചക്ക പോലെ തടിച്ചുവരുന്നു പിന്നീട് ആ കാണ്ഡഭാഗം നാം ആഹാരമാക്കുന്നു. അത്തരം ഒരു ചെടിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒരു ശീതകാല പച്ചക്കറിയാണിത്‌. കാബേജും കോളിഫ്ളവറും വളര്‍ത്തുന്ന പോലെ ഇപ്പോള്‍ ഇത് നമ്മുടെ വീടുകളിലെ ചെടിച്ചട്ടിയിലും ഗ്രോ ബാഗിലും വളര്‍ത്താം. കോള്‍റാബി അല്ലെങ്കില്‍ ടര്‍ണിപ് കാബേജ്, നോള്‍കോള്‍ എന്നൊക്കെ അറിയപ്പെടുന്ന പച്ചക്കറിയിനം നമുക്ക് പുതുമുഖമാണ്. കാബേജ് വര്‍ഗത്തില്‍പ്പെട്ട ശീതകാല പച്ചക്കറി വിളയിണിത്. ബ്രാസിക്ക ഒളറേസ്യ കുടുംബത്തില്‍പ്പെട്ട ഈ വിള ജര്‍മനിയിലും അമേരിക്കന്‍ ഐക്യനാടുകളിലും ധാരാളം ഉപയോഗിക്കുന്നു. ഇത് സാധാരണയായി പലതരത്തില്‍ കണ്ടുവരുന്നു. വൈറ്റ് വിയെന്ന, പര്‍പ്പിള്‍ വിയന്ന, ഗ്രാന്‍ഡ്ഡ്യൂക്ക്, ജിഗാന്‍ഡെ, പര്‍പ്പിള്‍ ഡാന്യൂബ്, വൈറ്റ് ഡാന്യൂബ് എന്നിങ്ങനെയാണ്ഇതിന്റെ തരങ്ങള്‍. ചെടി ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്‌ളവര്‍ പോലെ. വലുതാകുന്തോറും മണ്ണിന് മുകളിലായി കാണ്ഡം വീര്‍ത്തു വരുന്നു. ഏതാണ്ട് ഒരു പന്ത് പോലെ. കോളിഫ്‌ളവറിന്റെ പൂവും കാബേജിന്റെ ഇലയുമാണ് ഭക്ഷ്യയോഗ്യമെങ്കില്‍ കോള്‍റാബിയുടെ വീര്‍ത്തുവരുന്ന തണ്ടാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്.

കൃഷി ചെയ്യാം

കാബേജും കോളിഫ്‌ളവറും കൃഷിചെയ്യുന്നതിന് സമാനമാണ് കോള്‍റാബിയുടെ കൃഷിയും. നവംബര്‍--,ഡിസംബര്‍ മാസത്തെ തണുപ്പുളള കാലമാണ് കൃഷിയ്ക്ക് അനുയോജ്യം. കാര്‍ഷിക വിപണന ഔട്ട്ലെറ്റില്‍ നിന്ന് സംഘടിപ്പിക്കുന്ന വിത്തുകള്‍ പ്രോട്രേകളിലോ തവാരണകളിലോ മുളപ്പിച്ച് തൈകളുണ്ടാക്കി തൈകള്‍ 10-15 ദിവസം പ്രായമായാല്‍ പറിച്ചു മാറ്റിനടാം. മുളപ്പിച്ചെടുക്കുമ്പോള്‍ ശക്തമായി നനകൊടുക്കാന്‍ പാടില്ല. തൈകള്‍ മാറ്റിനടുമ്പോള്‍ വൈകുന്നേരം തിരഞ്ഞെടുക്കുക. നല്ലവെയിലുള്ള സ്ഥലമാണെങ്കില്‍ തണല്‍ നല്‍കാന്‍ മറക്കരുത്. പ്രധാന കൃഷിയിടത്തിലേക്കോ ചട്ടികളിലേക്കോ ഗ്രോ ബാഗിലേക്കോ മാറ്റി നടാം. വെളളക്കെട്ടില്ലാത്ത നീര്‍വാര്‍ച്ചയുളള ജൈവാംശം കൂടുതലുളളമണ്ണാണ് അഭികാമ്യം. നല്ല തോതില്‍ ജൈവവളം നല്‍കാം. ചുരുങ്ങിയത് 6 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. ചൂട് അധികമാകുന്നത് നല്ലതല്ല. ദിവസവും നനയ്ക്കണം. ചുവട്ടില്‍ വെളളം തളം കെട്ടി നില്‍ക്കരുത്. രണ്ടാഴ്ചയിലൊരിക്കല്‍ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ചാണകത്തെളി കലര്‍ത്തിയത്, ഗോമൂത്രം ഒരു ലിറ്ററിന് 10 ലിറ്റര്‍വെള്ളം ചേര്‍ത്തത് എന്നിങ്ങനെ വളപ്രയോഗം നടത്താം. അല്പം പൊട്ടാഷുംകൊടുക്കുന്നത് നല്ലതാണ്. രണ്ട് മാസമാണ് വിളക്കാലം. അധികം മൂപ്പെത്തുന്നതിനു മുമ്പ് വിളവെടുക്കണം. മൂപ്പെത്തിയാല്‍ തണ്ടിന് നാരു കൂടുതലാണ്. നന്നായി വളര്‍ന്നാല്‍ പന്ത് പോലെ തടിച്ച തണ്ടിന് 5 മുതല്‍ 8 സെ.മീ. വരെ വ്യാസം ഉണ്ടായിരിക്കും. അപ്പോള്‍ പറിച്ചെടുത്ത് മസാലയിട്ട് വരട്ടിയോ വറുത്തോ കഴിക്കാം.

പോഷകങ്ങള്‍

കൊഴുപ്പിന്‍റെ അംശംകുറഞ്ഞതില്‍ നാരിന്‍റെ അംശം കൂടുതലാണ്. 100 ഗ്രാമില്‍ 10 ഗ്രാം വരെ കാര്‍ബോ ഹൈഡ്രേറ്റ്അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, തയാമിന്‍ ,റാബോഫ്ളാവിന്‍, നിയാസിന്‍, പാന്തോതെനിക് ആസിഡ്, വിറ്റാമിന്‍ ബി.6, ഡി, ഇ, കെ. എന്നിയും കോള്‍റാബിയില്‍ അടങ്ങിയിരിക്കുന്നു. കാത്സ്യം , അയേണ്‍, പൊട്ടാസ്യം, സോഡിയം, ഫോസ് ഫറസ്തുടങ്ങിയ ധാതുക്കളും കോള്‍റാബിയിലുള്ളതുകൊണ്ട് മികച്ച ഒരു പോക്ഷകാഹാരമാണിത്.

രോഗങ്ങള്‍

അഴുകല്‍ രോഗവും തുരപ്പന്‍ പുഴുക്കളുമാണ് പ്രധാന ശത്രുക്കള്‍. അഴുകലിന്പ്രതിവിധിയായി സ്യൂഡോമോണസ് ലായനിയും പുഴുക്കള്‍ക്കെതിരെ വേപ്പെണ്ണ ലായനിയും തളിക്കാം. പുകയിലക്കഷായം - കാന്താരി വെളുത്തുള്ളി ലായനി  എന്നിവയും നല്ലതാണ്.

 

 
� Infomagic- All Rights Reserved.