അന്തരീക്ഷ മലിനീകരണം: ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സൌജന്യ യാത്ര
November 10,2017 | 05:20:26 pm
Share this on

ന്യൂഡല്‍ഹി: വര്‍ധിച്ച അന്തരീക്ഷ മലിനീകരണ പ്രശ്‌നത്തിന് പരിഹാരമെന്നോണം ഒറ്റ-ഇരട്ട അക്ക സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കും. ഡി.ടി.സി(ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകളും ക്ലസ്റ്റര്‍ ബസുകളുമാണ് സൗജന്യ യാത്ര നല്‍കാന്‍ തയ്യാറായിട്ടുള്ളത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗോഹ്‌ലോട്ട് പറഞ്ഞു. 

നവംബര്‍ 13 മുതല്‍ 17 വരെയാണ് ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ഗതാഗത നിയന്ത്രണ സംവിധാനം വരുന്നത്. ഒറ്റ അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇടവിട്ടുള്ള ദിവസങ്ങളില്‍ നിരത്തിലിറക്കുന്ന രീതിയാണ് ഇത്. അന്തരീക്ഷ മലീനീകരണം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിലാണ് ഈ രീതി ഡല്‍ഹിയില്‍ തിരിച്ച് കൊണ്ടുവന്നത്. മുമ്പ് മൂന്ന് തവണ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക സമ്പ്രദായം നടപ്പിലാക്കിയിരുന്നു. 2016 ജനുവരിയിലും ഏപ്രില്‍ മാസത്തിലുമായിരുന്നു മുമ്പ് നടപ്പാക്കിയത്.

യാത്രാ സൗജന്യം നടപ്പിലാക്കുന്നത് ഡല്‍ഹിയിലെ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഏകദേശം 4000 ബസുകളാണ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുള്ളത്. 1600 ക്ലസ്റ്റര്‍ ബസുകളുമുണ്ട്. ഏകദേശം 35 ലക്ഷം യാത്രക്കാര്‍ ദിവസേന പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഗതാഗത നിയന്ത്രണം.  

RELATED STORIES
� Infomagic - All Rights Reserved.