ഡിസംബര്‍ ഒന്ന് മുതല്‍ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം
November 03,2017 | 12:27:11 pm
Share this on

ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമെന്ന് കേന്ദ്രം. പാസഞ്ചര്‍ കാറുകളും ഗുഡ്സ് വാഹനങ്ങളും ഉള്‍പ്പെടെ വിപണിയില്‍ പുതുതായി എത്തുന്ന എല്ലാ നാല് ചക്രവാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വാഹനങ്ങളിലെ വിന്‍ഡ് സ്ക്രീനിലാണ് ഫാസ്ടാഗ് ഘടിപ്പിക്കുക. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. വില്‍പന വേളയില്‍ അംഗീകൃത ഡീലര്‍മാര്‍ക്കാണ് വാഹനങ്ങളില്‍ ഫാസ്ടാഗ് സംവിധാനം ഘടിപ്പിക്കേണ്ട ഉത്തരവാദിത്വം. ഫാസ്ടാഗ് സംവിധാനത്തിനായി, കേന്ദ്ര മോട്ടോര്‍ വാഹന നിയമം-1989 ന്റെ 138 A വകുപ്പില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഭേദഗതി വരുത്തുകയായിരുന്നു.

ഫാസ്ടാഗ് മുഖേന, ടോള്‍ പ്ലാസകളില്‍ പണമിടപാട് നടത്താതെ തന്നെ വാഹനങ്ങള്‍ക്ക് കടന്നുപോകാം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജിയാണ് ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നത്. തല്‍ഫലമായി വാഹനവുമായി ബന്ധപ്പെടുത്തിയ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നും നികുതി ഈടാക്കപ്പെടും. വിന്‍ഡ്സക്രീനില്ലാതെ ചാസി മാത്രമായാണ് വാഹനം വില്‍ക്കപ്പെടുന്നതെങ്കില്‍, രജിസ്ട്രേഷന് മുമ്പ് വിന്‍ഡ്സ്ക്രീനില്‍ ഫാസ്ടാഗ് ഘടിപ്പിക്കേണ്ടത് ഉടമസ്ഥന്റെ ചുമതലയാണെന്നും കേന്ദ്ര വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്. നിലവില്‍ 371 ദേശീയ പാത ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗുകള്‍ ലഭ്യമാണ്. എല്ലാ ടോള്‍ പ്ലാസകളിലും പ്രത്യേക ഫാസ്ടാഗ് ലെയ്ന്‍ രൂപീകരിക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിക്കേണ്ടത് അതത് ഡീലര്‍മാരുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.