പൂന്തോട്ടത്തില്‍ ടോര്‍ച്ച് ജിഞ്ചര്‍ വളര്‍ത്താം
July 07,2018 | 05:03:24 am

ഇഞ്ചി വര്‍ഗത്തില്‍പ്പെട്ട മനോഹരപുഷ്പങ്ങളോടുകൂടിയ ഒരു ചെടിയാണ് ടോര്‍ച്ച് ജിഞ്ചര്‍.  ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലില്‍ സമൃദ്ധമായി വളരുന്ന ഈ ചെടി ഇന്ത്യയിലും വളരുന്നുണ്ട്. ശാസ്ത്രനാമങ്ങള്‍ നിരവധിയുണ്ടെങ്കിലും എറ്റ്ലിന്‍ ജറഇലേറ്റര്‍ എന്ന പേരാണ് കൂടുതലും ഉപയോഗിക്കുന്നത്. പൂക്കള്‍ കത്തി നില്ക്കുന്ന പന്തം പോലെ തോന്നിപ്പിക്കുന്നതുകൊണ്ടാണ് ഇതിനെ ടോര്‍ച്ച്ജിഞ്ചര്‍ എന്നു വിളിക്കുന്നത്.

ഈ പൂക്കള്‍ പുഷ്പ സംവിധാനത്തിന് പുറമെ വിവിധ ഭക്ഷ്യ വിഭവങ്ങളിലും ഉപയോഗിക്കുന്നു. മലേഷ്യക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് അസം ലക്സ്. അരികൊണ്ടുണ്ടാക്കുന്ന മറ്റൊരു വിഭവമാണ് നാസി കെറബു. ഈ രണ്ട് വിഭവങ്ങളിലും ഇതിന്റെ പൂക്കളും തണ്ടും ഉപയോഗിച്ച്  വരുന്നു. ഇതിനു പുറമെ വിവിധ സാലഡുകളിലും ഈ പൂക്കള്‍ അരിഞ്ഞു ചേര്‍ക്കാറുണ്ട്. സാധാരണയായി ചുവപ്പ്, പിങ്ക്, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഇവയുടെ പൂക്കള്‍ കാണപ്പെടുന്നത്.

കൃഷിരീതി

മണ്ണില്‍ വേണ്ടത്ര പൊട്ടാസ്യം ഉണ്ടായിരിക്കണം. ഒരടി താഴ്ചയുള്ള തവാരണകളില്‍ മണ്ണു പരിശോധന നടത്തി വേണ്ടത്ര പൊട്ടാസ്യം ചേര്‍ത്ത കൂട്ടുവളമിട്ടുകൊടുക്കണം. ഇവയുടെ കിഴങ്ങുകളാണ് നടുന്നത്. പത്തു ഡിഗ്രി സെന്‍റിഗ്രേഡില് താഴെ അന്തരീക്ഷ താപമുള്ള സ്ഥലങ്ങളില്‍ ഇവ വളര്‍ത്താന്‍ ബുദ്ധിമുട്ടുണ്ട്. ഭാഗികമോ, പൂര്‍ണമോ ആയ തണലില്‍ നല്ലവണ്ണം വളരും.

പ്രജനനം

കിഴങ്ങുകള് വേര്പെടുത്തി നട്ടും പാകമാ ചെടികളുടെ വിത്തുപാകിയുമാണ് ഈ ചെടികളുടെ പ്രജനനം നടത്തുന്നത്. പൂവിന്‍ തണ്ടുകള്‍ക്ക് രണ്ടുമുതല്‍ അഞ്ചു വരെ അടി നീളം കാണും.

വിത്തുകള്‍ പാകുന്ന വിധം

പാകമായ പൂക്കളില്‍ നിന്ന് വിത്തുകള്‍ അടര്‍ത്തിയെടുത്ത് ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

ആറിഞ്ച് വ്യാസത്തിലുള്ള ചട്ടികളില്‍ നല്ലവണ്ണം ഉണക്കിപ്പൊടിച്ച ചാണകവും  മണലും തുല്യ അളവില്‍ ചേര്‍ത്തു മുക്കാലിഞ്ച് ആഴത്തില്‍ രണ്ടോ മൂന്നോ വിത്തുകള്‍  തുല്യ അകലത്തില്‍ പാകുക.

ഹോസുപയോഗിക്കാതെ ഒരു പൂവാലി ഉപയോഗിച്ച് മണ്ണു മുഴുവന്‍ നനയ്ക്കുക.

ചട്ടികള്‍ സുതാര്യവും നേരിയതുമായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി തണലില്‍ വയ്ക്കുക

മണ്ണ് എല്ലായ്പ്പോഴും നനവുള്ളതായിരിക്കണം. എന്നാല്‍വെള്ളം കെട്ടിനില്ക്കാന്‍അനുവദിക്കുകയുമരുത് വിത്തുകള്‍ ചീഞ്ഞുപോകും.

ആറോ ഏഴോ ആഴ്ചകള്‍ക്കുള്ളില്‍ വിത്തുകള്‍  മുളയ്ക്കാനാരംഭിക്കും.

നാലിലകള്‍ വന്നാല്‍വേണ്ടവിധം ഒരുക്കിയ തവാരണകളില്‍ മൂന്നടി അകലത്തില്‍ തൈകള്‍ പറിച്ചു നടണം.

തവാരണകളില്‍ വേരോടിക്കഴിഞ്ഞാല്‍ കമ്പോസ്റ്റോ അഴുകി പൊടിഞ്ഞ കോഴിവളമോ രണ്ടിഞ്ചു കനത്തിലിട്ട് ഒരു ഗാര്‍ഡന്‍ ഫോര്‍ക്ക് കൊണ്ട് ഇളക്കി മണ്ണുമായി ചേര്‍ക്കണം. ആഴ്ചയില്‍ രണ്ടോ മൂന്നോ ഇഞ്ച് കനത്തില്‍ പുതെയിട്ടു കൊടുക്കുന്നത് മണ്ണിന്‍റെ തണുപ്പു നിലനിര്‍ത്തുന്നതിനും മറ്റ് പാഴ്ചെടികള്‍ വളരുന്നത് തടയുന്നതിനും സഹായിക്കും.
 

 
� Infomagic - All Rights Reserved.