രോഗം തടയാന്‍ പച്ചക്കറികളിലും ഗ്രാഫ്റ്റ് തൈകള്‍
March 20,2017 | 11:08:35 am
Share this on

ഗ്രാഫ്റ്റ്ചെയ്ത് തൈകള്‍ ഉണ്ടാക്കുക സാധാരണയായി വിവിധ ഫലവര്‍ഗവിളകളിലാണെന്നാണ് നമുക്കുള്ള പൊതുധാരണ. അത്യുല്‍പ്പാദനശേഷിയുള്ളതും, രോഗപ്രതിരോധശേഷിയുള്ളതും, സ്വാദിഷ്ടമായ ഇനങ്ങളുമെല്ലാം ഉണ്ടാക്കാന്‍ കാര്‍ഷിക ഗവേഷകര്‍ കണ്ടെത്തിയതാണ് ഗ്രാഫ്റ്റിങ് രീതി. എന്നാല്‍ ഈ രീതി പച്ചക്കറികളിലും സ്വീകരിക്കാമെന്ന് മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണം തെളിയിച്ചിരിക്കുകയാണ്.

തക്കാളി, മുളക്, വഴുതിന എന്നിവയിലാണ് ഇത് പ്രയോഗിച്ചത്. ഈ ഇനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വാട്ടരോഗത്തിന് എളുപ്പം വിധേയമാകുന്നു എന്നതാണ്. വലിയ നഷ്ടമാണ് ഈ രോഗം വരുത്തുന്നത്. ഒരുതരം ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്.

മണ്ണിലാണ് ഇവയുടെയും അധിവാസം. ചെടിയുടെ വേരിലും മറ്റും ഉണ്ടാകുന്ന ചെറിയമുറിവുകളിലൂടെ ഈ ബാക്ടീരിയ ചെടിയുടെ അകത്തുകടന്ന് വംശവര്‍ധന നടത്തിചെടികള്‍ക്ക് ഭക്ഷണം വലിച്ചെടുത്ത് മുകളിലേക്കു കൊടുക്കാന്‍തടസ്സമുണ്ടാക്കുന്നു. ഇതുമുലമാണ് ചെടി വാടുന്നത്. ഇവയെ തടയാന്‍ആന്റിബയോട്ടിക്കുകളും മറ്റു പ്രയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.

ഇതിനുപകരം ബാക്ടീരിയയെ ചെറുക്കാന്‍കഴിവുള്ള നമ്മുടെ പ്രദേശത്തെ ചുണ്ടച്ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്യുന്നതാണ് പുതിയ സാങ്കേതികരീതി. ഇതിന് ചുണ്ടയുടെ വിത്ത് മുന്‍കൂട്ടി പ്രോട്രേകളില്‍ പാകി മുളപ്പിക്കും. ഒരുമാസം കഴിയുമ്പോള്‍ 10-12 സെ. മീ. ഉയരമെത്തിയാല്‍ ഗ്രാഫ്റ്റ് ചെയ്യാം. ഒട്ടിക്കാനാവശ്യമായ തക്കാളി, വഴുതിന, മുളക് എന്നിവയുടെ വിത്ത് പാകിമുളപ്പിച്ച്‌ 10-12 സെ. മീ. ഉയരത്തില്‍ വളര്‍ന്നാല്‍ ഇവ മുറിച്ചെടുത്ത് ചുണ്ടയുടെ തൈകള്‍ അഞ്ചു സെ. മീറ്റര്‍ നിര്‍ത്തി മുറിച്ച്‌ ആ ഭാഗം പിളര്‍ന്ന് അതിനകത്ത് പച്ചക്കറി ചെടിയുടെ തലപ്പ് ആപ്പുപോലെ മുറിച്ച്‌ കയറ്റിവച്ച്‌ കെട്ടിനിര്‍ത്തുന്നതാണ് രീതി. ഇവയെ പിന്നീട് മിസ്റ്റ് ചേംബറിലും പോളിഹൌസിലും രണ്ടാഴ്ച സൂക്ഷിച്ചശേഷമാണ് നടാനായി ഉപയോഗിക്കുക. ഗ്രാഫ്റ്റ്ചെയ്ത ഭാഗത്തിനു താഴെനിന്ന് ചുണ്ടയുടെ ഭാഗം മുളച്ചുവരുന്നുവെങ്കില്‍ അവ നുള്ളിക്കളയണം. ഗ്രാഫ്റ്റ് ഭാഗം മണ്ണിനുമുകളില്‍ നില്‍ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇവ ഒന്നുംതന്നെ വാടിനശിക്കില്ല.

ഗ്രാഫ്റ്റിങ് അല്‍പ്പം ശ്രദ്ധിച്ചാല്‍ ആര്‍ക്കും വശത്താകാവുന്നതേയുള്ളു. പരിശീലിച്ചാല്‍ ഒരാള്‍ക്ക് ഒരുദിവസം 600-800 വരെ തൈകള്‍ ഗ്രാഫ്റ്റ്ചെയ്യാമെന്നും സര്‍വകലാശാല പറയുന്നു. കാര്‍ഷിക സര്‍വകലാശാല മണ്ണൂത്തിയുമായി ബന്ധപ്പെട്ട് ഈ രീതി മനസ്സിലാക്കി, പരിശീലനം നേടിയാല്‍ നമ്മുടെ കൃഷിയിടങ്ങളില്‍ വാട്ടരോഗമില്ലാത്ത ഇത്തരം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

RELATED STORIES
� Infomagic - All Rights Reserved.