ബ്രസീലിൽ നിന്നെത്തിയ അറസാ പേര
September 10,2018 | 11:16:21 am

കുറ്റിച്ചെടിയായി വളരുന്ന ഒരിനംപേര അങ്ങ് ബ്രസീലിൽ നിന്ന് ഇങ്ങ് കേരളത്തിലെത്തി. 'അറസാ പേര' എന്നറിയപ്പെടുന്ന ഇവയുടെ ശാഖകൾ താഴേയ്ക്കൊതുങ്ങിയവും ഇലകൾ ചെറുതുമാണ്. വേനലിലാണ് അറസ പേരയുടെ പൂക്കാലം. ചെറു പൂക്കൾക്ക് നേർത്ത സുഗന്ധവുമുണ്ട്. കായ്കൾക്ക് ഗോളാകൃതിയും പച്ച നിറവുമാണ്. പഴുക്കുമ്പോൾ കടുംമഞ്ഞ നിറം പ്രാപിക്കും. പുളി കലർന്ന മധുരമാണ് പഴങ്ങളുടെ രുചി. കൈതച്ചക്കയുടെ ചോലെയുള്ള മണവുമുണ്ട്. കഴിക്കുന്നതോടൊപ്പം ജ്യൂസ് ഉണ്ടാക്കാനും അനുയോജ്യമാണീ പേര. പഴങ്ങൾക്കുള്ളിലെ വിത്തുകൾ ചെടിച്ചട്ടിയിൽ കിളിർപ്പിച്ച ചെറുകൂടകളിൽ മാറ്റി നട്ട് തയാറാക്കിയ തൈകൾ തോട്ടത്തിൽ അനുയോജ്യമായ സ്ഥലത്തോ വലിയ ചെടിച്ചട്ടികളിലോ നട്ടുവളർത്താം.

ജൈവവളങ്ങൾ ചേർക്കുന്നതും, വേനൽക്കാലത്ത് പരിമിതമായി ജലസേചനം നൽകുന്നതും വളർച്ചയെ സഹായിക്കും. രോഗ - കീടബാധകൾ അറസാ പേരയിൽ ഉണ്ടാകാറില്ല. പ്രകൃതി തന്നെ ബോൾസായ് രൂപം നൽകിയ ഇവ മനോഹരമായ ഉദ്യാന സസ്യം കൂടെയാണ്. ബോണ്‍സായ് ചെടിയാകുമ്പോൾ ഇടയ്ക്കിടെ കൊമ്പുകോതി വളർച്ച കുറയ്ക്കുന്നത് നല്ലതാണ്. സാവധാന വളർച്ചാ സ്വഭാവമുള്ള അറസാ പേര മൂന്നു നാലു വർഷം കൊണ്ട് ഫലമണിയും. വർഷം മുഴുവൻ ഇവയിൽ കായ്കൾ കാണാറുണ്ട്.

 
� Infomagic- All Rights Reserved.