ഹാദിയക്കേസ്: ചാപ്പകുത്ത് തുടരട്ടെ...പക്ഷേ കോടതി വിധി തെറ്റാണ്....ബാഡ് ലോ....
October 06,2017 | 01:58:07 pm
Share this on

 

ഹാദിയക്കേസുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന ഫേസ്ബുക്കിലിട്ട കുറിപ്പ്
പൂര്‍ണ്ണരൂപം താഴെ...
''ഹാദിയക്കേസ് : കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച . സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞുനിര്‍ത്തിയത് .

ഹാദിയാകേസിലെ വസ്തുതകളും സാഹചര്യങ്ങളും സംബന്ധിച്ച് നിരവധി പേര്‍ക്ക് ഉണ്ടായിരുന്ന അവ്യക്തത നീങ്ങാന്‍ ആ പോസ്റ്റ് സഹായിച്ചു എന്നതില്‍ സന്തോഷം . ഇതിനിടെ നടക്കുന്ന സംഘി ചാപ്പ കുത്തല്‍ , എന്റെ ഇത് വരെയുള്ള തൊഴില്‍ ജീവിതം തന്നെ അസത്യമായിരുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒക്കെ ഒരു വഴിക്ക് നടക്കുന്നുണ്ട് .അത് നടക്കട്ടെ .

ഈ കേസില്‍ ഹൈക്കോടതിക്ക് അവിശ്വാസം ജനിപ്പിച്ച സാഹചര്യങ്ങള്‍ നാട്ടുകാരറിയുന്നതിന്റെ വെപ്രാളമാണ് സുഡാപ്പികള്‍ക്കും അവരുടെ അപ്പോളജിസ്റ്റുകളായ സ്വത്വവാദികള്‍ക്കും . അത് കൊണ്ടാണ് ഈ കൈ കാലിട്ടടിക്കല്‍ .കാര്യം തിരിയുന്നവര്‍ക്ക് തിരിയും .അല്ലാത്തവര്‍ നട്ടം തിരിയും .അത്രയേ ഉള്ളൂ .

കേസിലെ വസ്തുതകളും സാഹചര്യങ്ങളും ഇങ്ങനെയാണെങ്കില്‍ പിന്നെ എന്ത് കൊണ്ട് കോടതി വിധി തെറ്റാണെന്നു പറയുന്നു എന്നതായിരുന്നു പലരുടെയും ചോദ്യം . ഇതില്‍ പ്രാഥമികമായി മനസ്സിലാക്കേണ്ടത് തെറ്റ് /ശരി എന്നീ ലളിതമായ ദ്വന്ദയുക്തികളില്‍ ഒതുങ്ങുന്നതല്ല ഈ വിഷയം എന്നതാണ് . സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും കോടതിക്ക് ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ കഴിയുമോ എന്ന സംവാദമാണ് ഈ വിധി ഉയര്‍ത്തുന്നത് . ഒരു വിവാഹം റദ്ദാക്കാനുള്ള original jurisdiction ഹൈക്കോടതിക്ക് ഇല്ല എന്നതാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും പൊതുവായി സമ്മതിക്കുന്ന ഒരു കാര്യം .ആ അധികാരം കുടുംബകോടതികളിലാണ് നിക്ഷിപ്തമായിട്ടുള്ളത് .അത് കൊണ്ട് തന്നെ ഒരു ബാഡ് ലോ (Bad Law) ആയി നിയമവിദഗ്ധര്‍ ഈ വിധിയെ കണക്കാക്കുന്നു . അതേ സമയം ഭരണഘടനയുടെ വകുപ്പ് 226 നല്‍കുന്ന അധികാരങ്ങള്‍ കൃത്യമായി നിര്‍ വചിക്കപ്പെട്ടിട്ടുമില്ല. കോടതിയുടെ വിവേചനാധികാരം എന്നതും പൊതുവായി നിര്‍വചിക്കാവുന്ന ഒന്നല്ല . ഓരോ കേസിന്റെയും സാഹചര്യമനുസരിച്ചു അത് വ്യത്യാസപ്പെട്ടിരിക്കും . ഹാദിയക്കേസില്‍ ഇങ്ങനെ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന ചോദ്യം വേണമെങ്കില്‍ വിശാഖ കേസിലും അപ്ലൈ ചെയ്യാവുന്നതാണ് .കോടതിക്ക് അത്തരമൊരു ഗൈഡ് ലൈന്‍ പുറപ്പെടുവിക്കാന്‍ അധികാരമുണ്ടായിരുന്നോ എന്ന ഡിബേറ്റ് നിയമവൃത്തങ്ങളില്‍ കാര്യമായി നടന്നിട്ടുണ്ട് . പക്ഷേ ഈ കേസിനെ വ്യത്യസ്തമാക്കുന്നത് ഹൈക്കോടതി പ്രകടിപ്പിച്ച അനാവശ്യമായ തിടുക്കമാണെന്ന് ഞാന്‍ കരുതുന്നു . പോലീസ് റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ സമയമെടുത്ത് പുനരന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്.അത് വരെ ഹാദിയയെ ഹോസ്റ്റലില്‍ താമസിപ്പിച്ചാല്‍ പോലും ഇന്നത്തേക്കാള്‍ എത്രയോ മെച്ചമാകുമായിരുന്നു സ്ഥിതി . അങ്ങനെ ചെയ്യുമ്പോള്‍ ഹാദിയക്ക് നീതി കിട്ടാന്‍ വൈകുമായിരിക്കും .പക്ഷേ നീതിയുടെ വാതില്‍ ഇങ്ങനെ കൊട്ടിയടക്കുന്നതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു അത് . വിവാഹം കഴിച്ചു എന്ന് അറിയിച്ചതിനു ശേഷം ഹാദിയയെ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല എന്നതാണ് മറ്റൊരു വീഴ്ച . വിവാഹം നടത്തിയ രീതി സംബന്ധിച്ച് കോടതിക്ക് എന്ത് തന്നെ സംശയങ്ങള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ഹാദിയയുടേതാണല്ലോ അവസാനവാക്ക് .അത് മാനിക്കാന്‍ തയ്യാറായില്ല എന്നിടത്ത് കോടതിക്ക് ഗുരുതരമായ തെറ്റുപറ്റി . നിയമത്തില്‍ Parens Ptariae എന്ന് വിശേഷിപ്പിക്കുന്ന അതോറിറ്റിയാണ് കോടതി ഹാദിയയുടെ വിഷയത്തില്‍ പ്രയോഗിച്ചിരിക്കുന്നത് .മൈനര്‍ ആയ കുട്ടികളുടെ കാര്യത്തിലാണ് ഈ അധികാരം കോടതികള്‍ പൊതുവെ പ്രയോഗിക്കാറുള്ളത് .അതില്‍ നിന്നും വ്യത്യസ്തമായി കോടതി ഈ അധികാരം ഉപയോഗിച്ചിട്ടുള്ള പ്രശസ്തമായ ഒരു കേസ് ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ടതാണ് . ദുരന്തത്തില്‍ മരിച്ചവരുടെ രക്ഷാധികാരം 'സ്വമേധയാ കയ്യാളുകളായിരുന്നു കോടതി . അതും ഒരു വിവേചനാധികാരമാണ് .നേരത്തെ പറഞ്ഞത് പോലെ വിവേചനാധികാരം എന്നത് ഓരോ കേസിലെയും സാഹചര്യമനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു . എന്നാല്‍ മേല്‍പറഞ്ഞ തരത്തിലുള്ള ഒരു സാഹചര്യവും ഹാദിയയുടെ കേസിലില്ല . ഹാദിയയുടെ സ്വന്തം പിതാവാണ് പെറ്റിഷണര്‍ .ഹാദിയ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ് .അവിടെ Parens Ptariae എങ്ങനെയാണ് പ്രയോഗിക്കാന്‍ കഴിയുക ? സവിശേഷ അധികാരങ്ങള്‍ ഒട്ടും അവധാനതയില്ലാതെ കോടതികള്‍ പ്രയോഗിക്കാന്‍ തുടങ്ങുന്നത് അപകടകരമായ പ്രവണതയാണ് .അതാണ് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് , അപ്പുറത്ത് നില്‍ക്കുന്നത് 'കൈ വെട്ടിനെ ന്യായീകരിച്ച ' സുടാപ്പി' യാണ് എന്ന കേവല വൈകാരികതയില്‍ നിന്ന് പുറത്തു കടന്ന് കാര്യങ്ങളെ കാണാന്‍ തയ്യാറാവണം എന്ന് .

ഹാദിയക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷി ഇല്ല എന്ന് കോടതി നിരീക്ഷിക്കുന്നു . എന്താണ് അതിന്റെ അടിസ്ഥാനം ? അങ്ങനെയെങ്കില്‍ ആദ്യത്തെ റിട്ട് ഹര്‍ജി എന്ത് കൊണ്ട് ഹാദിയക്ക് അനുകൂലമായി വിധിച്ചു ? ആ വിധി പുറപ്പെടുവിച്ച ഡിവിഷന്‍ ബെഞ്ചിനെ പരിഹസിക്കുന്ന പരാമര്‍ശമാണ് അതെന്നതില്‍ സംശയമില്ല.

ഹാദിയയുടെ കാര്യത്തില്‍ സംശയകരമായി തോന്നിയ കാര്യങ്ങളെ പ്രത്യേകമായി തന്നെ പരിഗണിക്കുകയും അത് അന്വേഷിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്യാമായിരുന്നു, കോടതിക്ക് ഹാദിയയുടെ പൗരസ്വാന്ത്ര്യത്തെ ,ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കാതെ തന്നെ. അങ്ങനെ വിവേചനാധികാരം പ്രയോഗിക്കുന്നതില്‍ കോടതിക്ക് ഗുരുതരമായ വീഴ്ച്ച പറ്റി . പാട്രിയാര്‍ക്കിയാണ് കോടതികളെ നയിക്കുന്ന ചാലകശക്തി എന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . 'പബ്ലിക് ഇന്ററസ്റ്റ് ' സംരക്ഷിക്കാന്‍ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാമെന്ന് കോടതിക്ക് തോന്നുന്നത് അത് കൊണ്ടാണ് . അതിന്റെ ഒരു 'ലേ മാന്‍ ' വേര്‍ഷനാണ് , കോടതിവിധിയെ ന്യായീകരിച്ചു കൊണ്ട് ഫേസ് ബുക്കില്‍ കണ്ട പല പോസ്റ്റുകളും . പിതാവെന്ന നിലയില്‍ അശോകന്‍ ഏതറ്റം വരെയും പോകുമായിരിക്കും .പക്ഷേ ,കോടതിക്ക് ഏതറ്റം വരെയും പോകാന്‍ കഴിയില്ല .കോടതി ഹാദിയയുടെ പിതാവല്ല തന്നെ .

ലിബറല്‍ ,സെക്യലര്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് ഇന്ത്യന്‍ ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നത് .വ്യക്തി സ്വാതന്ത്ര്യം ,തിരഞ്ഞെടുപ്പിനുള്ള അവകാശം തുടങ്ങിയവയൊക്ക ലിബറല്‍ മൂല്യങ്ങളാണ് ,അത് പോലെ മത സ്വാതന്ത്ര്യം എന്നത് ഒരു സെക്കുലര്‍ ആശയമാണ് (മതാശയമല്ല ). ലിബറല്‍ ,സെക്കുലര്‍ തുടങ്ങിയ പരികല്‍പനകളെ നാഴികക്ക് നാല്പത് വട്ടം പരിഹസിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നവരും ഈ ആശയങ്ങളുടെ ഗുണഫലങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് പോരാടുന്നത് എന്നത് വേറെ കാര്യം. മതേതരത്വം മുന്നോട്ടു വെക്കുന്ന വിശാലമായ സ്വാതന്ത്ര്യസങ്കല്‍പങ്ങള്‍ ചൂഷണം ചെയ്തും ദുരുപയോഗിച്ചും രാജ്യത്ത് ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം .നാനാജാതി മതസ്ഥരായ യുവതികളും യുവാക്കളും അവരവരുടെ ഇഷ്ടപ്രകാരമുള്ള ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടുന്നതിനായി നിരന്തരം കോടതികളില്‍ എത്തുന്നുണ്ട് .അതിലെല്ലാം തന്നെ(പൊതുവെ) അവര്‍ക്കനുകൂലമായുള്ള തീരുമാനമാണ് കോടതികള്‍ കൈ കൊള്ളാറുള്ളത് . 'ഇസ്ലാമിലേക്ക് ആകൃഷ്ടരാവുന്ന പെണ്‍കുട്ടികളെ കടത്തി കൊണ്ട് പോയി ഒളിപ്പിച്ചു താമസിപ്പിച്ച് 'അച്ഛനുമമ്മയും ഹേബിയസ് കൊടുക്കുന്നത് വരെ വെയിറ്റ് ചെയ്യാം 'എന്ന് പറഞ്ഞു സമൂഹത്തില്‍ ഛിദ്രമുണ്ടാക്കുന്നവര്‍ ഭരണഘടനാപരമായ ഈ അവകാശങ്ങളുടെ അടിത്തറയാണ് മാന്തുന്നത് .(ആതിരയുടെ വാര്‍ത്താസമ്മേളനത്തില്‍ അവള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക ). മതം മാറുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ ,ഹേബിയസ് ഹര്‍ജി വരുമ്പോള്‍ മാതാപിതാക്കളുടെ കൂടെ വിടാതിരിക്കാന്‍ കല്യാണം കഴിച്ചാല്‍ മതി എന്നൊക്ക ആരെങ്കിലും ഉപദേശിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ അവരെയൊക്ക വലിച്ചു പുറത്തിടേണ്ടത് കേരളത്തിലെ മുസ്ലീങ്ങള്‍ തന്നെയാണ് .

ചില ഉത്തരാധുനിക ബുദ്ധിജീവികള്‍ ധരിച്ചു വെച്ചിരിക്കുന്നത് പോലെ കേരളത്തിലെ മതം മാറ്റത്തിന് തുടക്കം കുറിച്ചത് കമലാസുരയ്യ അല്ല . കേരളത്തില്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനു പറ്റാത്ത ഒരു സാഹചര്യം തല്‍ക്കാലം ഇവിടെയില്ല . 1901 ല്‍ സ്ഥാപിതമായ പൊന്നാനിയിലെ മൗനത്തുല്‍ ഇസ്ലാം സഭയെ കുറിച്ച് ഈ പോമോ അമാനവ അനാക്രികള്‍ക്ക് അറിയാഞ്ഞിട്ടാണോ ആവോ .അവിടെ നൂറ്റാണ്ടായി ആയിരക്കണക്കിന് പേര്‍ മതം മാറുന്നുണ്ട് .ഒരു വര്‍ഷം ശരാശരി 1200 പേര്‍ എങ്കിലും അവിടെ മതം മാറുന്നുണ്ടെന്നാണ് കണക്ക് . ബി ജെ പി പോലും ഇന്ന് വരെ ആ കേന്ദ്രത്തെ കുറിച്ച് ഒരാക്ഷേപവും ഉന്നയിച്ചിട്ടില്ല . എന്താ കാരണം ? സുഡാപ്പികളേയും അവര്‍ക്ക് സൈദ്ധാന്തിക അടിത്തറ ഉണ്ടാക്കിക്കൊടുക്കുന്ന മൌദൂദിസ്റ്റുകളേയും ഇത് വരെ അവിടെ കൂട്ടിത്തൊടീച്ചിട്ടില്ല എന്നത് തന്നെ .പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നിലവില്‍ സഭയുടെ പ്രസിഡണ്ട് . (ഓ . ലീഗോ ..അവര് വെറും ദേശീയ മുസ്ലീങ്ങളല്ലേ , ഞങ്ങള്‍ക്ക് താത്പര്യമില്ല , ഇരവാദത്തിന് സ്‌കോപ്പില്ലല്ലോ ).

അവിടത്തെ പ്രവേശന വ്യവസ്ഥകള്‍ കുറച്ചു കര്‍ശനമാണ് .ഏതെങ്കിലും പെണ്‍കുട്ടികള്‍ സുഹൃത്തുക്കളുടെ സ്വാധീനത്തില്‍ ഇസ്ലാമില്‍ ആകൃഷ്ടരായി എന്ന് കേള്‍ക്കുമ്പോഴേക്കും അവരെ റാഞ്ചി കൊണ്ട് പോവാന്‍ മാത്രം ആര്‍ത്തിയൊന്നും അവര്‍ക്കില്ല . കാരണം സമൂഹത്തില്‍ ഛിദ്രമുണ്ടാക്കലല്ല അവരുടെ ഉദ്ദേശം . പ്രായപൂര്‍ത്തി സര്‍ട്ടിഫിക്കറ്റ് ,.സ്വമേധയാ ഉള്ള മതം മാറ്റമാണെന്നുള്ള അഫിഡവിറ്റ് എന്നിവ വേണം, രണ്ടു മാസത്തെ കോഴ്‌സ് അറ്റന്‍ഡ് ചെയ്യണം തുടങ്ങിയ നിബന്ധനകള്‍ ഉണ്ട് . ലവ് ജിഹാദ് വിവാദമുണ്ടായപ്പോള്‍ മറ്റൊരു നിബന്ധന കൂടി ഉള്‍പ്പെടുത്തി. സ്വന്തം പ്രദേശത്തെ മഹല്ലില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റു വേണം എന്നാണ് അത് . ഒരാള്‍ മതം മാറുമ്പോള്‍ വീട്ടിലും ആ പ്രദേശത്തും ഉണ്ടാകാവുന്ന ഭീതിയും അസ്വസ്ഥതകളും ഒരു പരിധി വരെ കുറക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത് . സ്വന്തം പ്രദേശത്തെ മഹല്ലിലെ പിന്തുണ എന്നത് ഒരു നാട്ടില്‍ സമവായത്തിലൂടെ മാത്രം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു കാര്യമാണ് . എന്നാല്‍ കൈ വെട്ട് സംഘങ്ങളുടെ രീതി നേരെ തിരിച്ചാണ് .കടത്തി കൊണ്ട് പോവുക ,അച്ഛനുമമ്മക്കും മക്കളെ കുറിച്ച് ഒരു വിവരവും നല്‍കാതിരിക്കുക ,ഒരു നാടു മുഴുവന്‍ വിഷമിക്കുക അങ്ങനെ ,ഒരാള്‍ ഇസ്ലാമിലേക്ക് വരുമ്പോള്‍ വേറെ നൂറു പേരെ ഇസ്ലാമോഫോബിക് ആക്കുക എന്നതാണ് അവരുടെ രീതി ,അതാണ് അവരുടെ അജണ്ട .
മൗനത്തുല്‍ ഇസ്ലാം സഭയെയാണ് ഹാദിയ ആദ്യം സമീപിച്ചത് എന്നറിയുന്നു . രണ്ടു മാസം അവിടെ താമസിക്കണമെന്നും,അക്കാലയളവില്‍ വീട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും സന്ദര്‍ശനാനുമതി ഉണ്ടാവില്ലെന്നും പറഞ്ഞപ്പോള്‍ തിരിച്ചു പോയി എന്നുമാണ് മൗനത്തുല്‍ ഇസ്ലാം സഭയുടെ അധികൃതരോട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് .'എന്‍ഡിഎഫു'കാരായിരുന്നു കൂടെ ഉണ്ടായിരുന്നത് എന്നും അവര്‍ പറഞ്ഞു .

അത് കൊണ്ട് കോടതി വിധി തെറ്റാണ് .പക്ഷേ വിധിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ് . ഒരു വ്യക്തിയുടെ മതം മാറ്റത്തെ ,കേരളത്തെ തന്നെ വിഭജിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നമായി വളര്‍ത്തിയെടുത്തതില്‍ സുഡാപ്പികള്‍ക്കു അഭിമാനിക്കാം . കഴിഞ്ഞ നൂറു വര്‍ഷം കൊണ്ട് കേരളത്തിലെ സുന്നി മുസ്ലീങ്ങള്‍ക്ക് കഴിയാതെ പോയ ഒരു കാര്യമാണ് .

ഹാദിയക്ക് എത്രയും വേഗം അവളാഗ്രഹിച്ച ജീവിതം ജീവിക്കാന്‍ കഴിയട്ടെ . സമൂഹത്തില്‍ ഛിദ്രമുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്തുന്നവരുടെ 'ഹഗ്ഗി'ല്‍ (Hug) നിന്നും കൂടി അവള്‍ക്കു മോചനം കിട്ടട്ടെ എന്നും ആഗ്രഹിക്കുന്നു .

ഇനി തുടങ്ങാം, ചാപ്പകുത്തിന്റെ രണ്ടാം ഘട്ടം''

ഹാദിയക്കേസ് : കഴിഞ്ഞ പോസ്റ്റിന്‍റെ തുടർച്ച . സാഹചര്യങ്ങൾ എന്ത് തന്നെയായാലും കോടതി വിധി അംഗീകരിക്കാൻ കഴിയില്ല എന്നാണ് കഴി...

Posted by Shahina Nafeesa on Friday, 6 October 2017

 

RELATED STORIES
� Infomagic - All Rights Reserved.