മഴക്കാലത്ത് കോഴികളുടെ പരിചരണത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കാം
July 07,2018 | 05:35:55 am

  • കോഴിക്കൂട് നിര്‍മ്മിക്കുവാനായി ഈര്‍പ്പം അധികം വരാന്‍ ഇടയില്ലാത്ത സ്ഥലം തെരഞ്ഞെടുക്കണം.
  • മഴച്ചാറ്റല്‍ ഉള്ളില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്‌വ് നീട്ടിക്കൊടുക്കണം.
  • കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. കൂടാതെ തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിന്ഹാനികരവുമാണ്. അതുകൊണ്ട് വിരിപ്പ് (ലിറ്റര്) ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍ ശ്രദ്ധിക്കണം. ഇളക്കുമ്പോള്‍ കുമ്മായം 100 ചതുരശ്രഅടിയ്ക്ക് 3 കി.ഗ്രാം എന്ന തോതില്‍ ചേര്‍ത്തിളക്കുന്നത് അഭികാമ്യമാണ്.  ഇത്ചുരുങ്ങിയത് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചെയ്യണം. നന്നായി നനഞ്ഞ വിരിപ്പ് ഉടനെ മാറ്റി പുതിയത് വിരിക്കണം.
  •  ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിന ജലം കലരാന്‍ ഇടയുള്ളതുകൊണ്ട് അണുനാശിനി ചേര്‍ത്ത് ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക. ഇതിനായി ബ്ലീച്ചിംഗ് പൗഡറോ, വെള്ളം ശുചിയാക്കുന്നതിന് മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് അണുനാശിനികളോ നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ക്കാവുന്നതാണ്.
  • തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടേയോ, ഇരുമ്പുപലകയുടേയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും.
  • മഴക്കാലത്ത് താരതമ്യേന പകല്‍ വെളിച്ചം കുറവായത്‌കൊണ്ട് മുട്ടക്കോഴികളില്‍ മുട്ടയുല്‍പാദനം കുറയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വെളിച്ചത്തിനായി ഫ്‌ളൂറസെന്റ് ലൈറ്റുകള്‍ ഇട്ട് ദിവസവും 16 മണിക്കൂര്‍ എന്ന തോതില്‍വെളിച്ചം നല്‍കണം
  •  മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാലാഴ്ചകളില്‍ ചൂട്‌കൊടുത്ത് വളര്‍ത്തുമ്പോള്‍ ചൂട് നിലനിര്‍ത്തുന്നതിനായി ഷെഡ്ഡിന്‍റെ ഭാഗികമായി തുറന്ന ഭാഗങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്.
  •  കാലാനുസൃതമായി നല്‍കേണ്ടുന്ന വിരമരുന്നുകളും, പ്രതിരോധ കുത്തിവെയ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായി നല്‍കണം.

 
� Infomagic - All Rights Reserved.