സൂക്ഷിച്ചില്ലെങ്കില്‍ കോണ്ടാക്‌ട് ലെന്‍സ് അണുബാധയ്ക്ക് കാരണമാകും
November 14,2017 | 10:06:25 am
Share this on

ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍, കാഴ്ച തകരാറുകള്‍ പരിഹരിക്കുന്നതിനും കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും കോണ്ടാക്‌ട് ലെന്‍സുകള്‍ സഹായിക്കും. എന്നാല്‍, ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയും വൃത്തിയാക്കാതിരിക്കുകയും സൂക്ഷിക്കാതിരിക്കുകയും ചെയ്താല്‍, കോണ്ടാക്‌ട് ലെന്‍സുകള്‍ കണ്ണില്‍ അണുബാധ ഉണ്ടാകാനുള്ള അപകടസാധ്യത വര്‍ധിപ്പിക്കും. ഇത്തരത്തിലുള്ള അണുബാധകള്‍ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ ഗുരുതര അണുബാധയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഗുരുതരമായ അണുബാധകള്‍ വേദനയ്ക്കും സ്ഥിരമായ കാഴ്ച നഷ്ടത്തിനും കാരണമായേക്കം.

കണ്ണിലെ അണുബാധകള്‍ :  ശരിയായ രീതിയിലല്ല കോണ്ടാക്‌ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നതെങ്കില്‍ കെരാറ്റൈറ്റിസിന്‍, കോര്‍ണിയയില്‍ ഉണ്ടാകുന്ന കോശജ്വലനം (ഇന്‍ഫ്ളമേഷന്‍)), ഉള്ള അപകട സാധ്യത കൂടുതലായിരിക്കും. നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ കോണ്ടാക്‌ട് ലെന്‍സ് ഉപയോഗിക്കുന്നതാണ് കെരാറ്റൈറ്റിസിനുള്ള പ്രധാനപ്പെട്ട അപകടസാധ്യതകളിലൊന്ന്.

സൂക്ഷ്മാണുക്കള്‍ മൂലം ഉണ്ടാകുന്ന കെരാറ്റൈറ്റിസിനെ  മൈക്രോബിയല്‍ കെരാറ്റൈറ്റിസ് എന്നു വിളിക്കുന്നു. ഗുരുതരമായ അവസ്ഥയിലുള്ള ഇത്തരം കെരാറ്റൈറ്റിസ് ഭേദപ്പെടുത്താന്‍ ചിലപ്പോള്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ആവശ്യമായി വരും. ചിലപ്പോള്‍ ഇത് അന്ധതയിലേക്കും നയിച്ചേക്കാം. ദീര്‍ഘകാലം കോണ്ടാക്‌ട് ലെന്‍സുകള്‍ ഉപയോഗിക്കുകയും അവ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍, സൂക്ഷ്മാണുക്കള്‍ കണ്ണുകളെ ആക്രമിക്കുന്നതു മൂലമാണ് മൈക്രോബിയല്‍ കെരാറ്റൈറ്റിസ് ഉണ്ടാകുന്നത്.  കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രൊബിയല്‍ കെരാറ്റൈറ്റിസിനെ ഇനി പറയുന്ന വിഭാഗങ്ങളായി തരം തിരിക്കാം;

 • ബാക്ടീരിയല്‍ കെരാറ്റൈറ്റിസ്: കണ്ണിന് ഉണ്ടാകുന്ന അണുബാധകളില്‍ ഏകദേശം 80-90 ശതമാനവും ബാക്ടീരിയകള്‍ മൂലമാണ്. സ്യൂഡോമോണസ് എറിജിനോസ അല്ലെങ്കില്‍ സ്റ്റാഫിലോകോക്കസ് ഓറിയസ് എന്നീ ബാക്ടീരിയകളാണ് ഇതിനു കാരണമാവുന്നത്.
 • ഫംഗസ് കെരാറ്റൈറ്റിസ്: ജീവവസ്തുക്കളില്‍ കാണപ്പെടുന്ന ഫ്യൂസേറിയം പോലെയുള്ള ഫംഗസുകളാണ് ഇത്തരം കെരാറ്റൈറ്റിസിന് കാരണമാവുന്നത്.
 • പാരാസൈറ്റിക് കെരാറ്റൈറ്റിസ്: കോര്‍ണിയയില്‍ അകാന്തമീബ എന്ന ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാലാണ് പാരാസൈറ്റിക് കെരാറ്റൈറ്റിസ് ബാധിക്കുന്നത്. ഇത് അപൂര്‍വമായി മാത്രം സംഭവിക്കുന്നു.
 • വൈറല്‍ കെരാറ്റൈറ്റിസ്: ഹെര്‍പ്സ് സിമ്ബ്ളക്സ് വൈറസ് അല്ലെങ്കില്‍ അഡ്നോവൈറസ് ആണ് ഇതിനു കാരണമാവുന്നത്.

സങ്കീര്‍ണത: കോര്‍ണിയയുടെ പുറം പാളിയില്‍ വ്രണങ്ങള്‍, കണ്ണിലെ അണുബാധ ചികിത്സിക്കാത്തതു മൂലം വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും അത് അന്ധതയിലേക്ക് നയിക്കുകയും ചെയ്തേക്കാം.

കണ്ണിലെ അണുബാധയുടെ ലക്ഷണങ്ങള്‍ 

 • കാഴ്ച മങ്ങല്‍
 • ചുവപ്പു നിറം
 • വേദന
 • പ്രകാശത്തോടുള്ള സൂക്ഷ്മസംവേദനക്ഷമത
 • കൂടുതലായി കണ്ണീരൊലിക്കുക അല്ലെങ്കില്‍ സ്രവങ്ങള്‍ ഉണ്ടാകുക

പ്രതിരോധം

നിങ്ങളുടെ കോണ്ടാക്‌ട് ലെന്‍സിന്റെ നിരവധി ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇനി പറയുന്ന ആരോഗ്യകരമായ ശീലങ്ങളും നിര്‍മ്മാതാവ് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും പിന്തുടരുക;

 • വെള്ളം ഒഴിവാക്കുക: നിങ്ങള്‍ നീന്തുമ്പോഴോ കുളിക്കുമ്പോഴോ വെള്ളത്തില്‍ നിന്നുള്ള സൂക്ഷ്മാണുക്കളുമായി സമ്പര്‍ക്കത്തിലാവാം. അതിനാല്‍, നിങ്ങളുടെ കോണ്ടാക്‌ട് ലെന്‍സില്‍ ഉണങ്ങിയ കൈ ഉപയോഗിച്ചു മാത്രമേ സ്പര്‍ശിക്കാവൂ. കണ്ണില്‍ തൊടുന്നതിനു മുമ്പ്, കൈകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച്‌ വൃത്തിയാക്കിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ തുടയ്ക്കണം.
 • കോണ്ടാക്‌ട് ലെന്‍സുകള്‍ വച്ചുകൊണ്ട് ഉറങ്ങരുത്: പകല്‍ സമയത്ത് വായുവില്‍ നിന്നുള്ള മലിനീകാരികളുമായി സമ്പര്‍ക്കത്തിലാവുന്നത്, കോണ്ടാക്‌ട് ലെന്‍സുകള്‍ മൂലം ഓക്സിജന്‍ പ്രസരണം കുറയുന്നത്, ഉറക്കത്തില്‍ കണ്‍പോളകളുടെ ചലനം കുറയുന്നത്, തുടങ്ങിയ സാഹചര്യങ്ങളെല്ലാം ബാക്ടീരികള്‍ക്ക് വളരുവാന്‍ അനുകൂലമാണെന്ന് അറിയുക.
 • മാറ്റേണ്ട കാലാവധി കഴിഞ്ഞിട്ടും ലെന്‍സുകള്‍ തുടര്‍ന്ന് ഉപയോഗിക്കാതിരിക്കുക.
 • ലെന്‍സുകള്‍ അണുനശീകരണം നടത്തി ശരിയായ രീതിയില്‍ സൂക്ഷിക്കുക: ലെന്‍സ് വൃത്തിയാക്കാനുള്ള ലായനിയും സൂക്ഷിക്കാനുള്ള ലായനിയും പുനരുപയോഗം നടത്തരുത്. എല്ലാ ദിവസവും ലെന്‍സ് കെയ്സില്‍ പുതിയ ലായനി ഒഴിക്കുകയും മൂന്ന് മാസം കൂടുമ്പോള്‍ ലെന്‍സ് കെയ്സ് മാറ്റുകയും ചെയ്യുക.
 • കൃത്യമായ സമയങ്ങളില്‍ കണ്ണ് പരിശോധന നടത്തുക.

അപകട സൂചനകള്‍ 

കാഴ്ച തകരാറുകളോ അണുബാധയോ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, ഉടന്‍ ഡോക്ടറെ കാണുക. നേരത്തെ ചികിത്സ ലഭ്യമാക്കുന്നതിലൂടെ മിക്ക സങ്കീര്‍ണതകളും പ്രതിരോധിക്കാന്‍ സാധിക്കും.

RELATED STORIES
� Infomagic - All Rights Reserved.