കോസ്മെറ്റിക് തിരഞ്ഞെടുക്കുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
September 14,2017 | 10:28:06 am
Share this on

സൗന്ദര്യം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്ന വസ്തുക്കള്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുത്തും. കോസ്മെറ്റിക്സുകള്‍ തിരഞ്ഞെടുക്കുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കുന്നത് സ്ത്രീകളാണ്. അതുകൊണ്ട് തന്നെ വിപണിയിലിറങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ ലക്ഷ്യം വയ്ക്കുന്നതും സ്ത്രീ ഉപഭോക്താക്കളെയാണ്. എന്നാല്‍ സൗന്ദര്യ വര്‍ധനവിനായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍, അമിതമായാല്‍ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ? 

സൗന്ദര്യവര്‍ധകവസ്തുക്കള്‍ പലവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. കോസ്മെറ്റിക്സുകള്‍, കോസ്മെക്യൂട്ടിക്കള്‍സ്, മെഡിസിനല്‍ ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ. സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഭൂരിഭാഗവും കോസ്മെറ്റിക്സുകളില്‍ ഉള്‍പ്പെടുന്നു. അതായത് മേക്കപ്പ് കിറ്റുകളെല്ലാം തന്നെ കോസ്മെറ്റിക്സുകളാണ്.

മുഖസൗന്ദര്യത്തിനും തലമുടിയുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് ലിപ്സ്റ്റിക്, മസ്ക്കാര, ഫൗഡേഷന്‍സ്, സ്കിന്‍ ലോഷന്‍, ഷാംപൂ തുടങ്ങിയവ.

മറ്റൊന്ന് കോസ്മെക്യൂട്ടിക്കള്‍സാണ്. കോസ്മെറ്റിക്സുകളും ഫാര്‍മക്യൂട്ടികള്‍സും ചേര്‍ന്ന ഉല്‍പന്നങ്ങളാണ് കോസ്മെക്യൂട്ടിക്കള്‍സ്. നിറം വര്‍ധിപ്പിക്കാനും, കറുത്ത പാടുകള്‍ മാറ്റാനും ഉപയോഗിക്കുന്നു.

മറ്റൊന്ന് മെഡിസിനല്‍ ഉത്പന്നങ്ങളാണ്. മെഡിസിനല്‍ ഉത്പന്നങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഭിക്കുന്നവയാണ്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും.

മെഡിസിനല്‍ പ്രൊഡക്ടുകളായതുകൊണ്ട് തന്നെ ഇവയില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് ഇത് എത്രകാലം ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അമിത ഉപയോഗം ചിലപ്പോള്‍ അലര്‍ജിയുണ്ടാക്കാം.

അപകടമാകുന്നതെപ്പോള്‍

സൗന്ദര്യവര്‍ധക വസ്തുക്കള്‍ അപകടമാകുന്നത് എപ്പോഴും ചര്‍മ്മത്തെ ബാധിച്ച്‌ തുടങ്ങുമ്പോഴാണ്. അത് ഓരോരുത്തരുടെയും ചര്‍മ്മത്തെ ആശ്രയിച്ചിരിക്കും. ചര്‍മ്മത്തിന്‍റെ സെന്‍സിറ്റിവിറ്റി അനുസരിച്ചായിരിക്കും ചര്‍മ്മരോഗങ്ങള്‍ ബാധിക്കുക.

വളരെ സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവരെ സംബന്ധിച്ച്‌ എന്തുപയോഗിച്ചാലും ചിലപ്പോള്‍ അലര്‍ജിക്ക് കാരണമാകാം. നോര്‍മല്‍ സ്കിന്‍ ഉള്ളവര്‍ക്ക് ദീര്‍ഘനാള്‍ ഒരു ഉത്പന്നം ഉപയോഗിച്ചാലും പ്രശ്നങ്ങള്‍ ഉണ്ടായെന്നു വരില്ല. ഓരോ വ്യക്തിയുടേയും ചര്‍മ്മത്തിന്‍റെ സെന്‍സിറ്റിവിറ്റി അനുസരിച്ച്‌ വേണം ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍.

ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഏത് തരം സ്കിനാണെന്നതനുസരിച്ചായിരിക്കണം. ചര്‍മ്മത്തിന്‍റെ  പ്രത്യേകത മനസിലാക്കാതെ കോസ്മെറ്റിക്സുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിനു കൂടുതല്‍ ദോഷം ചെയ്യും.

അലര്‍ജി തിരിച്ചറിയാന്‍ ഏറ്റവും നല്ല മാര്‍ഗം പാച്ച്‌ ടെസ്റ്റ് ഉപയോഗപ്പെടുത്തുന്നതാണ്. ചൊറിച്ചില്‍, ചര്‍മ്മം ചുവന്ന് തടിക്കുക, കുമിളകള്‍ ഉണ്ടാകുക,തൊലിപ്പുറമേ വ്യത്യാസങ്ങള്‍ ഉണ്ടാകുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അലജിയുടെ ലക്ഷണങ്ങായി കണക്കാക്കാം. അലര്‍ജി ഉണ്ടായാല്‍ അലര്‍ജിയുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കോസ്മെറ്റിക്സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ അലര്‍ജി ഉണ്ടാക്കുന്നവ അല്ലെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തണം.

2. ഉല്‍പന്നങ്ങള്‍ മുഖത്ത് പുരട്ടുന്നതിനു മുന്‍പ് ചെവിയുടെ പുറകിലോ, കയ്യിലോ പുരട്ടി നോക്കുക. രണ്ട് ദിവസമെങ്കിലും ആ ഭാഗം വെള്ളം നനയ്ക്കരുത്. എന്നിട്ട് മാത്രം പ്രശ്നങ്ങള്‍ ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ മുഖത്ത് പുരട്ടുക. കോസ്മെറ്റിക്സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അലര്‍ജി ഉണ്ടാകുമോ എന്നറിയാന്‍ ചെയ്യുന്ന പാച്ച്‌ ടെസ്റ്റാണിത്. അലര്‍ജി തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ടെസ്റ്റാണ്

3. വെയിലത്ത് ഇറങ്ങുമ്പോള്‍ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുക.

4. ചില ഉല്‍പന്നങ്ങള്‍ ഫോട്ടോസെന്‍സിറ്റിവ് ആയിരിക്കും. ഇത് അലര്‍ജി ഉണ്ടാക്കാം. മഞ്ഞള്‍ അടങ്ങിയ ഉല്‍പന്നങ്ങളാണെങ്കില്‍ വെയിലടിക്കുമ്പോള്‍ ചിലര്‍ക്ക് ചര്‍മ്മത്തില്‍ റിയാക്ഷന്‍ ഉണ്ടാക്കിയേക്കാം. ഫോട്ടോസെന്‍സിറ്റീവ് ഉല്‍പന്നങ്ങള്‍ ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞ് അത്തരം ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക. സൂര്യപ്രകാശം അടിക്കുമ്പോള്‍ റിയാക്ഷന്‍ ഉണ്ടാകാനിടയുള്ള ഉല്‍പന്നങ്ങള്‍ പകല്‍ സമയത്ത് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കോസ്മെറ്റിക്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

കോസ്മെറ്റിക്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നു അറിഞ്ഞിരിക്കണം. സിറോയിഡ്, റെറ്റിനോള്‍, ഫൈബ്രോസിനോണ്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നതാണെങ്കില്‍ വിദഗ്ദ്ധരുടെ ഉപദേശമില്ലാതെ ഉപയോഗിക്കരുത്.

ഏത് ഉല്‍പന്നം ഉപയോഗിക്കുമ്പോഴും അലര്‍ജി ഉണ്ടായാല്‍ അതൊഴിവാക്കേണ്ടതുണ്ട്. സ്കിനിന്‍റെ സ്വഭാവം മനസിലാക്കി അതിനിണങ്ങുന്ന കോസ്മെറ്റിക്സുകള്‍ തിരഞ്ഞെടുക്കുക. ഏത് ഉല്‍പന്നവും അമിതമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും.

അതുകൊണ്ട് സൗന്ദര്യവര്‍ധക വസ്തുക്കള്‍ മിതമായി മാത്രം ഉപയോഗിക്കുക. അമിത ഉപയോഗം ചര്‍മ്മത്തിന്‍റെ സൗന്ദര്യം കാലക്രമേണ നഷ്ടപ്പെടുത്തും. ദീര്‍ഘകാല യൗവ്വനത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ അല്‍പം കരുതലാകാം.

RELATED STORIES
� Infomagic - All Rights Reserved.