സ്ത്രീകള്‍ ജിമ്മില്‍ പോകുമ്പോള്‍ പാലിക്കേണ്ട ചില ശുചിത്വകാര്യങ്ങള്‍
September 13,2017 | 11:10:12 am
Share this on

ദൈനം ദിന ജോലികള്‍ക്ക് ഒപ്പം ആരോഗ്യപരിപാലനത്തിന് സമയം കണ്ടെത്തുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അല്‍പ്പം പ്രയാസമുള്ള കാര്യം തന്നെയാണ്. ദിവസവും 45 മിനിറ്റ് നേരം ജിമ്മില്‍ ചെലവഴിക്കാനായി മാറ്റിവയ്ക്കുക എന്നത് പലപ്പോഴും അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരിക്കും. സ്ത്രീകള്‍  ജിമ്മില്‍ പോകുമ്പോള്‍ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ നിങ്ങള്‍ അവഗണിക്കാന്‍ സാധ്യതയുണ്ട്. ശുചിത്വകാര്യത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ ഊന്നല്‍ കൊടുക്കേണ്ട ചില കാര്യങ്ങളെ കുറിച്ചറിയൂ..

മുടിയുടെ സംരക്ഷണം: നിങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുകയും മുടിയില്‍ വിയര്‍പ്പ് തങ്ങി നിന്ന് അത് ഭാരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി മാറുകയും ചെയ്തേക്കാം. ജിമ്മില്‍ നിന്ന് ഇറങ്ങിയ ശേഷം കഴിവതും വേഗം മുടി കഴുകുകയും കണ്ടീഷന്‍ ചെയ്യുകയും വേണം. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരവും അഴകില്ലാത്ത മുടിയും ആയിരിക്കും ലഭിക്കുക. മുടിയുടെ അവസ്ഥ നിങ്ങള്‍ അത് കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുമെന്ന് ഓര്‍ക്കുക.

  • ജിമ്മില്‍ വ്യായാമം തുടങ്ങുന്നതിനു മുമ്പ് അല്‍പ്പം ഡ്രൈ ഷാമ്പൂ മുടിവേരുകളില്‍ പുരട്ടുന്നത് നന്നായിരിക്കും. ഇത് അധികമായുണ്ടാവുന്ന ഈര്‍പ്പം വലിച്ചെടുക്കുകയും മുടിയെ വിയര്‍പ്പില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
  • വ്യായാമത്തിനു ശേഷം മുടി ഇളം ചൂടുവെള്ളത്തില്‍ കഴുകുകയും ഒരു ക്ളെന്‍സിംഗ് കണ്ടിഷനര്‍ ഉപയോഗിക്കുകയും ചെയ്യുക. കൈയില്‍ ക്ളെന്‍സിംഗ് കണ്ടീഷനര്‍ ഇല്ലെങ്കിലും ഡ്രൈ ഷാമ്പൂപുരട്ടിയിട്ടുണ്ടെങ്കില്‍ അത് സഹായകമാവും. തലകഴുകുമ്പോള്‍ എണ്ണമയവും വിയര്‍പ്പും കുതിര്‍ത്തു കളയാന്‍ ഷാമ്പൂ സഹായിക്കും.
  • പോണിടെയില്‍ വേണ്ട - ജിമ്മില്‍ പോകുമ്പോള്‍ മിക്ക സ്ത്രീകളും തങ്ങളുടെ മുടി പോണിടെയില്‍ രീതിയില്‍ കെട്ടിവയ്ക്കാനാണ് ആഗ്രഹിക്കുന്നത്, എങ്കിലും അത് വേണ്ട. കാരണം അത് മുടി വേരുകള്‍ക്കും മുടിയുടെ അരികുകള്‍ക്കും സമ്മര്‍ദം നല്‍കും. സാധാരണ ബണ്ണും തുണികൊണ്ടുള്ള ഹെഡ്ബാന്‍ഡും അല്ലെങ്കില്‍ ഫിഷ് ടെയില്‍, തുടങ്ങിയവയാവും വ്യായാമത്തിന് അനുസൃതമായിട്ടുള്ളവ.

ആര്‍ത്തവ സമയത്ത് അല്‍പ്പം കരുതല്‍: : സാനിറ്ററി പാഡുകള്‍ തുടയില്‍ ഉരഞ്ഞ് തടിക്കുന്നത് ആര്‍ത്തവ സമയത്ത് മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്. പാഡുകള്‍ക്ക് പകരം ടാമ്പണുകള്‍ ഉപയോഗിക്കുന്നത് പ്രശ്നരഹിതമായി രക്ത്രസ്രാവത്തെ നേരിടാനും ജിമ്മില്‍ വ്യായാമം ചെയ്യുന്നത് കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ടാമ്പണുകള്‍ ഉപയോഗിക്കുന്നത് സുഖകരമായി തോന്നാത്തവര്‍ തുടയിടുക്കില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നത് ചര്‍മ്മം ഉരഞ്ഞ് തടിക്കാതിരിക്കാന്‍ സഹായിക്കും.

ജിമ്മും ആഭരണങ്ങളും: ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ വിവാഹ മോതിരവും താലിമാലയും എങ്ങനെ ഊരിവയ്ക്കും എന്ന് ആശങ്കപ്പെടുന്ന സ്ത്രീകളുണ്ട്. ചില ആഭരണങ്ങള്‍ ഒരിക്കലും ഊരാത്തതോ അല്ലെങ്കില്‍ അതിന് അനുവദിക്കാത്തതോ ആയിരിക്കാം. എന്നാല്‍, ജിമ്മില്‍ പോകുന്ന സമയത്ത് ആഭരണങ്ങള്‍ ഇടാതിരിക്കുകയാണ് ഏറ്റവും ഉത്തമം. ഇത് വ്യായാമം ചെയ്യുമ്പോള്‍ അപകടമുണ്ടാക്കിയേക്കാം എന്നതിനെക്കാളുപരി ആഭരണങ്ങള്‍ക്കടിയില്‍ വിയര്‍പ്പും അണുക്കളും അടിഞ്ഞ് ഭാവിയില്‍ പലതരം ചര്‍മ്മ അണുബാധകള്‍ക്ക് കാരണമായേക്കാം.

നഖ സംരക്ഷണം: നീളമുള്ളതും ചായം പൂശിയതുമായ നഖങ്ങളാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണ്. വ്യായാമം ചെയ്യുമ്പോള്‍ നീണ്ട നഖങ്ങള്‍ക്ക് കേടുപറ്റുമെന്ന് മാത്രമല്ല അവ നെയില്‍ ബെഡില്‍ പരുക്ക് ഏല്‍പ്പിക്കുകയും ചെയ്യും. നിങ്ങളുടെ നഖങ്ങള്‍ വെട്ടി ചെറുതാക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് നഖത്തിനടിയില്‍ സൂക്ഷ്മ ജീവികള്‍ വളരുന്നതിനെ പ്രതിരോധിക്കാനും സഹായിക്കും.

ശരിയായ അടിവസ്ത്രം: പാകത്തിലുള്ള ഒരു സ്പോര്‍ട്സ് ബ്രാ ധരിക്കുന്നത് ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ മാറിടങ്ങള്‍ക്ക് ശരിയായ സംരക്ഷണം നല്‍കും.

സ്വന്തം മാറ്റ് ഉപയോഗിക്കുക: നിലത്ത് കിടന്നുകൊണ്ട് ചെയ്യുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എങ്കില്‍ നിങ്ങള്‍ സ്വന്തം മാറ്റില്‍ വേണം കിടക്കേണ്ടത്. ജിമ്മില്‍ ലഭ്യമാകുന്ന മാറ്റുകള്‍ കഴിവതും ഉപയോഗിക്കാതെയിരിക്കുക.

 

RELATED STORIES
� Infomagic - All Rights Reserved.