കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു; സോളാര്‍ മുഖ്യ ചര്‍ച്ചയാകും
October 12,2017 | 12:26:46 pm
Share this on

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, എം.എം. ഹസന്‍ എന്നിവരെയാണ് വിളിച്ചിച്ചിരിക്കുന്നത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷമുള്ള രാഷ്ട്രീയസാഹചര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനൊപ്പമാണ് പുതിയ രാഷ്ട്രീയസാഹചര്യം കൂടി ഉടലെടുത്തത്. നാളെ ഉച്ചയ്ക്കുശേഷമാണ് കൂടിക്കാഴ്ച.

ദേശീയതലത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണം കോണ്‍ഗ്രസ് ആയുധമാക്കാനൊരുങ്ങുമ്പോഴാണ് സോളാര്‍ കേസില്‍ കേരള നേതാക്കള്‍ക്കെതിരെ കേസ് വരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ചര്‍ച്ച. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്ക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് രമേശ് ചെന്നിത്തല നിലവില്‍ ഡല്‍ഹിയിലുണ്ട്. കൂടുതല്‍ നേതാക്കളെ ചര്‍ച്ചയിലേക്ക് വിളിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ പേരെ വിളിപ്പിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

RELATED STORIES
� Infomagic - All Rights Reserved.