കോടതി പരാമര്‍ശത്തില്‍ ആടിയുലഞ്ഞ് ഇരട്ട ചങ്കന്‍ സര്‍ക്കാര്‍.
November 14,2017 | 01:25:10 pm
Share this on

ഹൈക്കോടതിയില്‍ നിന്നും മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇനി എത്ര സമയം കാത്തിരിക്കണം തോമസ് ചാണ്ടിയുടെ രാജി വാര്‍ത്ത പ്രഖ്യാപിക്കാന്‍ എന്ന അവസ്ഥയിലാണ് ഇടതു ക്യാമ്പ്. പിണറായി എന്ന ഉരുക്ക് നേതൃപാടവത്തിനും നിയന്ത്രിക്കാനായില്ല മന്ത്രിക്കെതിരെയുള്ള ആരോപണങ്ങളെന്നതാണ് ഈ വിഷയത്തിലെ യാഥാര്‍ത്ഥ്യം. ഇ.പി ജയരാജന്റേയും എ.കെ ശശീന്ദ്രന്റേയും രാജി കൊണ്ടുണ്ടായ ഇടത് സര്‍ക്കാരിന്റെ സത്‌പേരിന് കളങ്കം ഉണ്ടാക്കാന്‍ മാത്രമേ പിണറായിയുടെ ഈ കര്‍ക്കശ നിലപാട് കൊണ്ട് കഴിഞ്ഞുള്ളൂ എന്നതും ഖേദകരമാണ്. കളക്ടറുടെ റിപ്പോര്‍ട്ട്, നിയമോപദേശം, സി.പി.ഐയുടെ എതിര്‍പ്പ് തുടങ്ങീ സകലപ്രതിബന്ധങ്ങളേയും അവഗണിച്ചതിന്റെ പരിണിത ഫലമെന്നാണ് പൊതുരംഗത്തുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ രാജിക്കാര്യത്തില്‍ ചാണ്ടിക്കൊപ്പം തന്നെയാണ് സംസ്ഥാനത്തെ എന്‍.സിപിയെങ്കിലും ഇനി എത്ര സമയം പിടിച്ചു നില്‍ക്കാനാവും എന്നാണ് അറിയാനുള്ളത്. മന്ത്രി ജി. സുധാകരന്‍ ചാണ്ടിയെ കുറിച്ച് വിഴുപ്പ് അലക്കി തീരും വരെപേറുകയല്ലാതെ എന്ത് ചെയ്യാനെന്ന്' ചോദിച്ചതും സി.പി.എമ്മിലെ നേതൃനിരയിലുള്ളവരുടെ തന്നെ അഭിപ്രായമാണെന്നതും വ്യക്തം. അതേസമയം മുഖ്യമന്ത്രിയെടുക്കുന്ന എന്ത് നിലപാടും എന്‍.സി.പിക്കും ബാധകമാണെന്ന് കോടിയേരി പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നും ഏറെക്കുറെ സുവ്യക്തമാണ്. കേരളത്തില്‍ സോളാര്‍ റിപ്പോര്‍ട്ട് ബോംബില്‍ കലങ്ങി നിന്ന യു.ഡി.എഫിന് ഹൈക്കോടി പരാമര്‍ശങ്ങള്‍ പിടിവള്ളിയായപ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിക്കേറ്റ തിരിച്ചടിയാണ് തോമസ് ചാണ്ടി വിഷയം.

മന്ത്രി രാജി വെച്ചാലുമില്ലെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലം മുതല്‍ രാഷ്ട്രീയ ജീവിതത്തിലുടനീളം പിണറായി പുലര്‍ത്തി പോന്ന അച്ചടക്കത്തിനും, നിലപാടുകള്‍ക്കും വിരുദ്ധമായിപോയി ഈ വിഷയം എന്നതാണ് ചാണ്ടി വിഷയത്തിന്റെ പ്രത്യേകത. പിണറായിയുടെ അര്‍ത്ഥഗര്‍ഭമൗനങ്ങള്‍ പലപ്പോഴും ആശയഗംഭീരമായ തിരിച്ചുവരവിന് വേണ്ടിയാണെങ്കില്‍ ഇത് ആര്‍ക്കുവേണ്ടി,എന്തിന് വേണ്ടി എന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പോലും മനസ്സിലാകാത്ത കാര്യമാണ്. ഈ കാര്യം വിശദീകരിക്കാന്‍ വ്യക്തിപൂജയെ എതിര്‍ക്കുന്ന പാര്‍ട്ടിക്കാര്‍ എന്തായാലും അല്‍പം വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുറപ്പാണ്.

RELATED STORIES
� Infomagic - All Rights Reserved.