മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടി; കളക്ടറുടെ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
November 14,2017 | 04:10:43 pm
Share this on

കൊച്ചി: കായല്‍ കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സർക്കാരിനെ എതിർകക്ഷിയാക്കി മന്ത്രിക്കു ഹർജി നൽകാനാവില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്. രണ്ട് ജ‍ഡ്ജിമാരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വാദം കേട്ടത്. റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ കലക്ട‍റെ 15 ദിവസത്തിനകം സമീപിക്കണമെന്നു ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ നിർദേശിച്ചു. എന്നാൽ കോടതിയെ സമീപിച്ചതു ഭരണഘടനാ വിരുദ്ധമാണെന്നാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശമോ നടപടി നിർ‌ദേശമോ ഇല്ല. ഭാവിയിൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

അവസരം നല്‍കിയിട്ടും ഹര്‍ജി പിന്‍വലിക്കാതെ മുന്നോട്ടു പോയ മന്ത്രി തോമസ് ചാണ്ടിയോട് രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി ഉച്ചയ്ക്കുശേഷം വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിസ്ഥാനത്തിരുന്ന് സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കുമെന്നും കോടതി ഉച്ചയ്ക്കുശേഷം നടന്ന ഹര്‍ജിയിലെ വാദത്തിനിടെ ചോദിച്ചിരുന്നു. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമത്തെ മാനിക്കുന്നുവെങ്കില്‍ ദന്തഗോപുരത്തില്‍നിന്ന് താഴെ ഇറങ്ങിവരണമെന്നും കോടതി അഭിപ്രായപ്പെട്ടു. സാധാരണക്കാരനെപ്പോലെ നിയമനടപടി നേരിടണമെന്നും കോടതി പറഞ്ഞിരുന്നു.

ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ഹര്‍ജി പരിഗണിച്ചു തുടങ്ങിയപ്പോള്‍ രാവിലെയും ഹൈക്കോടതി നടത്തിയത്. സര്‍ക്കാരിനെതിരെ മന്ത്രിസഭാംഗം തന്നെ കോടതിയെ സമീപിച്ചതിലൂടെ തോമസ് ചാണ്ടിയെ അയോഗ്യനാക്കാനുള്ള സഹചര്യമുണ്ടെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിനെതിരെ മന്ത്രി എങ്ങനെ ഹര്‍ജി നല്‍കുമെന്ന് കോടതി ആരാഞ്ഞു. ഹര്‍ജി പിന്‍വലിക്കുന്നുവോയെന്നും ഹര്‍ജിയുടെ വാദത്തിന്റെ അന്തിമ ഘട്ടത്തില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകനായ വിവേക് തന്‍ഖയോട് കോടതി ചോദിച്ചിരുന്നു.

തന്‍ഖയുടെ വാദം തുടങ്ങുന്നതിനുമുമ്പേ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂട്ടുത്തുരവാദിത്വമുള്ള മന്ത്രിസഭയില്‍ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കാതെ ഹൈക്കോടതിയെ സമീപിച്ചത് അയോഗ്യതയ്ക്ക് ഉത്തമ ഉദാഹരണമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലാപാട് എടുക്കാത്തത് കോടതിയെ ആശ്ചര്യപ്പെടുത്തി. ഈ ഘട്ടത്തില്‍ മന്ത്രിയാകുന്നതിനു മുമ്പാണ് തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങള്‍ നടന്നതെന്ന് സര്‍ക്കാരിനു വേണ്ടി അറിയിച്ച സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചപ്പോള്‍ അദ്ദേഹത്തെയും കോടതി വിമര്‍ശിച്ചു. നിങ്ങളെന്താണ് പറയുന്നതെന്നായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണിയോടുള്ള കോടതിയുടെ പ്രതികരണം.

തുടര്‍ന്ന് മന്ത്രിയെ തള്ളി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ നിലപാട് എടുത്തു. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജിയുമായി എത്തിയത് അനുചിതമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് ഹര്‍ജി തള്ളേണ്ടി വരുമെന്നും വേണമെങ്കില്‍ പിന്‍വലിക്കാമെന്നും കോടതി തോമസ് ചാണ്ടിയോട് പറഞ്ഞത്. കളക്ടറെ സമീപിച്ചാണ് വാദങ്ങള്‍ നിരത്തേണ്ടതെന്ന് കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. നിഷ്‌കളങ്കനാണെങ്കില്‍ എന്തുകൊണ്ടാണ് കളക്ടറുടെ മുന്നില്‍ പോയി വാദങ്ങള്‍ നിരത്താത്തതെന്നും കോടതി ചോദിച്ചു.

ഉച്ചയ്ക്ക് 1.45 വരെ ഹര്‍ജി പിന്‍വലിക്കാന്‍ സമയം തരാമെന്നും ഇല്ലെങ്കില്‍ ഹര്‍ജിയുമായി കോടതിയിലെത്തിയതിനെ വിമര്‍ശിച്ച് തങ്ങള്‍ക്ക് ഉത്തരിവിറക്കേണ്ടിവരുമെന്നും കോടതി ഓര്‍മപ്പെടുത്തി ഉച്ചയോടെ കോടിതി നടപടികള്‍ അവസാനിപ്പിക്കുയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം കോടതി ചേര്‍ന്നപ്പോഴും ഹര്‍ജിയുമായി മന്ത്രിയുടെ അഭിഭാഷകന്‍ മുന്നോട്ട് പോകുകയായിരുന്നു. മന്ത്രിയായല്ല ഹര്‍ജി നല്‍കിയതെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. തനിക്ക് നോട്ടിസ് നല്‍കാതെയാണ് കളക്ടറുടെ റിപ്പോര്‍ട്ട് തന്റെ ഭാഗം പറയാന്‍ അവസരം കിട്ടിയില്ല. അതിനാല്‍ കോടതിതന്നെ തീര്‍പ്പുണ്ടാക്കണമെന്നും ഉചയ്ക്കു ശേഷം തോമസ് ചാണ്ടി ആവശ്യപ്പെട്ടു. ഹര്‍ജി പിന്‍വലിച്ചാല്‍ പരാമര്‍ശം ഒഴിവാക്കാമെന്ന് കോടതി ഈ ഘട്ടത്തില്‍ അറിയിച്ചിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.