ഹോട്ടൽ ഭക്ഷണത്തിലെ ജിഎസ്ടി നിരക്ക് കുത്തനെ കുറച്ചു
November 10,2017 | 07:24:20 pm
Share this on

ന്യൂഡൽഹി: ഭക്ഷണവില കുറയ്ക്കുന്ന നടപടിയുമായി ജിഎസ്ടി കൗൺസിൽ. ഹോട്ടലുകളിലെ ഭക്ഷണത്തിനു ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽമാത്രം നികുതി 28 ശതമാനമായി തുടരും. പഴയ നിരക്കുപ്രകാരം എസി റസ്റ്ററന്റുകളിൽ 18 ശതമാനവും നോൺ എസി റസ്റ്ററന്റുകളിൽ 12 ശതമാനവുമായിരുന്നു നികുതി. റസ്റ്ററന്റുകളിലെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, വലിയ വിമർശനങ്ങൾ‌ നേരിടേണ്ടി വന്നതോടെ 28 ശതമാനം നികുതി നൽകേണ്ട ഉയർന്ന സ്ലാബിൽ 50 ഉൽപന്നങ്ങളെ മാത്രം നിജപ്പെടുത്താനും തീരുമാനമായി. ഇതോടെ 177 ഉൽപ്പന്നങ്ങളുടെ വിലകുറയും. ഈ ഉൽപന്നങ്ങളുടെ നികുതി 28 ശതമാനത്തിൽനിന്ന് 18 ആയി കുറച്ചതോടെയാണിത്. ഉയർന്ന സ്ലാബിൽ നേരത്തെ 227 ഉൽപന്നങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്.

ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയാണ് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ വിവരങ്ങൾ അറിയിച്ചത്. ഇളവുകൾ സംബന്ധിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫിറ്റ്‌മെന്റ് കമ്മിറ്റി’യുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണു തീരുമാനം.

സാധാരണക്കാർ ദിനംപ്രതിയെന്ന കണക്കിൽ ഉപയോഗിക്കുന്ന ചോക്കലേറ്റ്, ച്യൂയിങ്ഗം, ഷാംപൂ, ഡിയോഡ്രൻഡ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങൾ തുടങ്ങിയവരുടെ നികുതിയാണു കുറച്ചത്. ആഡംബര വസ്തുക്കളുടെ പട്ടികയിലുൾപ്പെടുത്തി വാഷിങ് മെഷീനുകൾ, എയർ കണ്ടീഷണർ, പെയിന്റ്, സിമെന്റ് തുടങ്ങിയവ 28 ശതമാനത്തിൽ‍ തന്നെ നിലനിർത്തിയിരിക്കുകയാണ്. അതേസമയം, ഇത്രയധികം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ 20,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

മൂന്നു കോടിയിലേറെവരുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്‌എംഇ)ക്ക് ആശ്വാസമാകുന്നതാണ് കൗൺസിൽ തീരുമാനം. ജിഎസ്‌ടിയുടെ ഫലമായി ഏറ്റവും കൂടുതൽ പ്രയാസത്തിലായ മേഖലകളിലൊന്ന് എംഎസ്‌എംഇയാണ്. ഈ സംരംഭങ്ങളിൽ ജോലി ചെയ്‌തിരുന്ന അനേകം പേർക്കു തൊഴിൽ നഷ്‌ടപ്പെടുകപോലും ചെയ്‌തു.

RELATED STORIES
� Infomagic - All Rights Reserved.