ഭവനവായ്പ എങ്ങനെ നേടാം
March 27,2017 | 02:52:17 pm
Share this on

ഭവനം എന്നത് ഒരാളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍പ്പെടുന്ന ഒന്നാണ്. തനിക്ക് ഏറ്റവും അനുയോജ്യമായ വായ്പ തരപ്പെടുത്തി എടുക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം അത് എടുക്കുന്നയാള്‍ക്കു തന്നെ. വീടോ ഫ്ളാറ്റോ വാങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ അതിനു വേണ്ട ബജറ്റ് എത്രയെന്ന് ആദ്യമേ തീരുമാനിക്കണം. വീട് മോടി കൂട്ടാനോ അറ്റകുറ്റപ്പണിക്കോ ആണ് ഭവനവായ്പ എടുക്കുന്നതെങ്കില്‍ അതിനായുള്ള ബജറ്റും ആദ്യമേതന്നെ തീര്‍ച്ചപ്പെടുത്തണം. വായ്പ എടുക്കുംമുമ്പ് ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഇ.എം.ഐ

ഭവനവായ്പ എടുക്കുന്ന ഒരാള്‍ പ്രതിമാസം വായ്പയിലേക്ക് തിരിച്ചടയ്ക്കേണ്ട തുകയാണ് ഇ.എം.ഐ. (Equated Monthly Instalment). വായ്പ എടുക്കുന്ന തുകയ്ക്കും പലിശനിരക്കിനും തിരിച്ചടവ് കാലാവധിക്കും ആനുപാതികമായി ഇ.എം.ഐ.യില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. ഭവനവായ്പ എടുക്കാനുദ്ദേശിക്കുന്ന ഒരാള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഇതുതന്നെ. ബാങ്കുകള്‍ ഒരാള്‍ക്ക് വായ്പ നല്‍കുന്നതിനുള്ള പരമാവധി തുക എത്രയെന്നു നിശ്ചയിക്കുക പലതരത്തിലാണ്. ഉദാഹരണം: ചില ബാങ്കുകള്‍ ഒരാളുടെ ഇതര കിഴിവുകള്‍ക്കു ശേഷമുള്ള പ്രതിമാസ ശമ്പളത്തിന്റെ 25 മടങ്ങോ 30 മടങ്ങോ ഭവനവായ്പയായി നല്കുമ്പോള്‍, മറ്റു ചില ബാങ്കുകള്‍ പ്രതിമാസ തിരിച്ചടവ് മൊത്ത മാസശമ്പളത്തിന്റെ 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്നു. മറ്റു വായ്പകളോ അടവുകളോ ഉണ്ടെങ്കില്‍ അതുകഴിഞ്ഞിട്ടുള്ള തുകയേ ലഭിക്കൂ.

ഉദാഹരണം: ഒരാളുടെ പ്രതിമാസ ശമ്പളം 35,000 രൂപയും പ്രൊവിഡന്റ് ഫണ്ട്, പേഴ്സണല്‍ ലോണ്‍ എന്നീ ഇനങ്ങളിലുള്ള അടവ് 8,000 രൂപയും ആണെന്നിരിക്കട്ടെ. ഇവിടെ അയാളുടെ നെറ്റ് സാലറി 27,000 രൂപയായിരിക്കും. നെറ്റ് സാലറിയുടെ 30 മടങ്ങ് ഭവനവായ്പയായി ലഭിക്കുന്നൊരു ബാങ്കില്‍നിന്നും കിട്ടുക 27,000x30 = 8,10,000 രൂപയായിരിക്കും.

മറ്റൊരു ബാങ്ക് നിഷ്കര്‍ഷിക്കുന്നത് ഭവനവായ്പയിലേക്കുള്ള തിരിച്ചടവ് ഉള്‍പ്പെടെ ഒരാളുടെ മൊത്തം തിരിച്ചടവ് അയാളുടെ മൊത്ത ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നാണെന്നിരിക്കട്ടെ. ഈ ഉദാഹരണത്തിലെ ആളുടെ മൊത്ത ശമ്പളം 35,000 രൂപയും, ഇതര ഇനങ്ങളിലുള്ള നിലവിലെ തിരിച്ചടവ് 8,000 രൂപയുമാണ്. ബാങ്കിന്റെ നിയമം അനുസരിച്ച്‌ ഇയാളുടെ മൊത്തശമ്പളമായ 35,000 രൂപയുടെ 50 ശതമാനം, അതായത് 17,500 രൂപയാണ് എല്ലാ ഇനത്തിലുമുള്ള തിരിച്ചടവായി പരിഗണിക്കുക. അതായത് 9,500 രൂപയാണ് (നിലവിലുള്ള തിരിച്ചടവ് 8,000 + 9,500 = 17,500) അനുവദിക്കാന്‍ പോകുന്ന ഭവനവായ്പയുടെ തിരിച്ചടവിലേക്ക് ബാങ്കിന് പരമാവധി കണക്കാക്കാനാവുക. വായ്പയെടുക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ തവണ ആയിരം രൂപയാണെന്നു കരുതിയാല്‍ ഈ ബാങ്കില്‍നിന്നും അയാള്‍ക്ക് പരമാവധി അനുവദിച്ചു കിട്ടുന്ന തുക 9,50,000 രൂപയാകും.

ഭവനവായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നയാള്‍ ബാങ്കില്‍നിന്നും തരപ്പെടുത്തിയെടുക്കാനാകുന്ന തുക എത്രയെന്നും ആയതിലേക്ക് പ്രതിമാസം തനിക്ക് എത്ര രൂപ പരമാവധി തിരിച്ചടയ്ക്കാനാകുമെന്നും ആദ്യം തന്നെ അറിഞ്ഞിരിക്കണം. നിലവിലുള്ള പലിശനിരക്കിന് ആനുപാതികമായി വിവിധ കാലയളവിലേക്ക് എന്തായിരിക്കും ഇ.എം.ഐ. എന്നത് ബാങ്കുകളുടെ വെബ്സൈറ്റില്‍നിന്നോ ശാഖകളില്‍നിന്നോ കൃത്യമായി അറിയാന്‍ സാധിക്കും. പലിശനിരക്കും ഇ.എം.ഐ.യും താരതമ്യം ചെയ്യുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റുചില ചെലവുകള്‍കൂടി താരതമ്യം ചെയ്യണം. ബാങ്കുകള്‍ വായ്പ അനുവദിച്ചു നല്‍കുമ്പോള്‍ ഈടാക്കുന്ന പ്രോസസിങ് ഫീ, വാല്യൂവേഷന്‍ ചാര്‍ജ്, ലീഗല്‍ ചാര്‍ജ്, ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിവയൊക്കെ എത്രയെന്ന് ആദ്യമേതന്നെ ചോദിച്ചറിയണം. വിവിധ ബാങ്കുകള്‍ ഇത്തരത്തില്‍ ഈടാക്കുന്ന ചാര്‍ജുകള്‍ വ്യത്യസ്തമായതിനാല്‍ ഒരു താരതമ്യപഠനം ഇവിടെയും നടത്തേണ്ടതുണ്ട്. ഓരോരുത്തരുടെയും സാമ്പത്തിക ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ ഭവനവും ബജറ്റും ആയിരിക്കണം വിഭാവനം ചെയ്യേണ്ടത്.

കാലതാമസം ഒഴിവാക്കാം

ഭവനവായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളിലും ഇതര ധനകാര്യ സ്ഥാപനങ്ങളിലും നല്‍കേണ്ടുന്ന രേഖകള്‍ ഏതെന്ന് ആദ്യമേ അറിഞ്ഞിരിക്കുന്നത് ഭവനവായ്പ അനുവദിച്ചു കിട്ടാന്‍ വേണ്ടുന്ന കാലതാമസം ഒഴിവാക്കും. നിങ്ങള്‍ വാങ്ങുവാന്‍ പോകുന്ന അഥവാ വീടുവയ്ക്കുവാന്‍ പോകുന്ന സ്ഥലത്തിന്റെ ആധാരം, മുന്നാധാരം, കരം അടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്കെച്ച്‌, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് സാധാരണ ഗതിയില്‍ വായ്പയ്ക്കായി ബാങ്കില്‍ സമര്‍പ്പിക്കേണ്ടിവരിക.

ഇവയില്‍ ആധാരവും മുന്നാധാരവും വായ്പ എടുക്കുന്നയാളുടെ കൈവശം കണ്ടേക്കാം. കരം അടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ വില്ലേജ് ഓഫീസില്‍നിന്നും ബാധ്യത സര്‍ട്ടിഫിക്കറ്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നും അപേക്ഷ നല്‍കി വാങ്ങേണ്ടി വരും. ഒരു വീടോ ഫ്ളാറ്റോ മറ്റോ വാങ്ങാനാണ് വായ്പയെങ്കില്‍ വില്പനക്കാരനോ ബില്‍ഡറോ ആയുള്ള കരാറും പണിപൂര്‍ത്തിയായ വീടോ ഫ്ളാറ്റോ ആണ് വാങ്ങുന്നതെങ്കില്‍ വീടിന്റെ അല്ലെങ്കില്‍ ഫ്ളാറ്റിന്റെ കരം അടച്ച രസീതും ബാങ്കില്‍ നല്‍കേണ്ടി വരും.

കൈവശം പണം വേണം

കേവലം യോഗ്യതയ്ക്ക് അനുസരിച്ച്‌ മാത്രമല്ല ബാങ്കുകള്‍ വായ്പ നല്‍കുക. ഒരു നിശ്ചിത ശതമാനം തുക വീട് വാങ്ങുന്നതിലേക്കായി 'മാര്‍ജിന്‍' തുകയായി ഓരോരുത്തരും കരുതേണ്ടി വരും. മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ ബാങ്കില്‍നിന്ന് 9.50 ലക്ഷം രൂപ വായ്പയായി അനുവദിച്ചുകിട്ടാന്‍ ഒരാള്‍ക്ക് യോഗ്യത ഉണ്ടെങ്കില്‍ പോലും 10 ലക്ഷം രൂപയുടെ വീടാണ് നിങ്ങള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 20 ശതമാനം മാര്‍ജിന്‍ നിഷ്കര്‍ഷിക്കുന്ന ഒരു ബാങ്കില്‍നിന്നും നിങ്ങള്‍ക്ക് പരമാവധി ലഭിക്കുന്ന വായ്പ എട്ടു ലക്ഷം രൂപ മാത്രമായിരിക്കും. മാര്‍ജിന്‍ ആയ രണ്ടു ലക്ഷം രൂപ ഈ വീട് വാങ്ങാന്‍ കൈവശം ഉണ്ടായിരിക്കണം എന്നു സാരം. ഭവന വായ്പ പ്ലാന്‍ ചെയ്യുമ്പോള്‍ മാര്‍ജിന്‍ മണി എത്ര വേണ്ടിവരുമെന്നും അത് എങ്ങനെ സംഘടിപ്പിക്കാനാകുമെന്നും നേരത്തേതന്നെ ആസൂത്രണം ചെയ്യണം. വീട് എന്ന സ്വപ്നസാക്ഷാത്കാരത്തിന് ശ്രമിക്കുമ്ബോഴും അതിനായി ബജറ്റ് വിഭാവനം ചെയ്യുമ്പോഴും ഇത്രയും കാര്യങ്ങള്‍ ഒാര്‍ത്തേ മതിയാവൂ.

ഇന്‍ഷുറന്‍സ് പരിരക്ഷ വേണം

വായ്പ എടുത്താണെങ്കിലും ഇത്തരത്തില്‍ ഒരു ആസ്തി പടുത്തുയര്‍ത്തുമ്പോള്‍ ഒന്നോര്‍ത്തു സമാധാനിക്കാം. മൂല്യം വര്‍ധിച്ചുവരുന്ന ഈ ആസ്തി വരും കാലങ്ങളില്‍ അടുത്ത തലമുറയ്ക്കു കൈമാറാനുതകുന്ന ഒന്നുതന്നെ. ഇത്തരത്തില്‍ ഈ ആസ്തി അടുത്ത തലമുറയ്ക്കു കൈമാറുക എന്ന ഉദ്ദേശ്യത്തോടെ ഭവനവായ്പ എടുക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. കുറഞ്ഞ പക്ഷം ഭവനവായ്പയുടെ കാലാവധി പൂര്‍ത്തീകരിക്കുംവരെയെങ്കിലും വായ്പ എടുക്കുന്നയാള്‍ക്ക് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം.

പ്രീമിയം ഏറ്റവും കുറഞ്ഞ ടേം ഇന്‍ഷുറന്‍സ് തന്നെയാവണം ഇതിലേക്കായി തിരഞ്ഞെടുക്കേണ്ടത്. അല്ലാത്തപക്ഷം, മൂല്യവര്‍ധനയ്ക്കുതകുന്ന ഒരു ആസ്തി കൈമാറുക എന്ന ലക്ഷ്യത്തോടെ എടുത്ത ഭവനവായ്പ അടുത്ത തലമുറയ്ക്കു ബാധ്യത കൈമാറുന്ന ഒരു ഇടപാടായി പരിണമിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശ്രദ്ധിക്കുക: ഇവിടെ വായ്പയെടുക്കുന്നയാള്‍ വായ്പാ കാലാവധി പൂര്‍ത്തിയാകും വരെയുള്ള കാലത്തേക്ക് റിസ്ക് കവര്‍ ചെയ്യാനുള്ള ടേം ഇന്‍ഷുറന്‍സാണ് വാങ്ങേണ്ടത്. അല്ലാതെ എന്‍ഡോവ്മെന്റ്/മണിബാക്ക് പോളിസികളില്‍ കൈവച്ചാല്‍ വായ്പാ തിരിച്ചടവിനൊപ്പം പ്രതിമാസം ഇതിലേക്കായി മറ്റൊരു തുക വകയിരുത്തേണ്ടി വരും. അവസാനമായി ഒരു കാര്യംകൂടി; ഭവനവായ്പ നല്കുന്ന ബാങ്കുകള്‍ ഭവനത്തിനുകൂടി ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമായി നിഷ്കര്‍ഷിക്കും. വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ വിവിധ കാലയളവിലേക്ക് നല്‍കുന്ന പ്രീമിയം താരതമ്യം ചെയ്ത് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക. മികച്ചൊരു നിക്ഷേപമായി കരുതപ്പെടുന്ന 'ഗൃഹം' സ്വന്തമാക്കാന്‍ നല്ല 'ഗൃഹപാഠം' തന്നെ ആവശ്യമാണ്.

RELATED STORIES
� Infomagic - All Rights Reserved.