പോസ്റ്റ് ഓഫീസ് ബാങ്കിംഗിന്റെ മറുവശം തുറന്നുകാണിച്ച് ഒരു മെസേജ്
March 20,2017 | 03:02:47 pm
Share this on

മറ്റു ബാങ്കുകളെല്ലാം ജനങ്ങളെ ദ്രോഹിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ പോസ്റ്റീഫീസ് ബാങ്കിങ് സംവിധാനം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.. എന്നാല്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിനെ സംബന്ധിച്ച് പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും ശരിയല്ലെന്നും നമ്മള്‍ തിരിച്ചറിയേണ്ടതായ കുറച്ചു കാര്യങ്ങള്‍ കൂടി ഉണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് വാട്‌സാപ്പ് വഴി പ്രചരിക്കുന്ന ഈ മെസേജിനെ തള്ളിക്കളയാനാവില്ല. മെസേജിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു...

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് - ചില വസ്തുതകള്‍...

കുറേ ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകളാണ് ഈ പോസ്റ്റിനാധാരം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകളുടെ കഴുത്തറുപ്പന്‍ നിരക്കുകളില്‍ നിന്ന് ഒരു മോചനമെന്ന നിലയില്‍ വന്‍പിച്ച സ്വീകാര്യത നേടുന്ന ഈ വാര്‍ത്തകളില്‍ പലതും അബദ്ധങ്ങളാണെന്നത് തന്നെയാണ് ഈ പോസ്റ്റ് തയാറാക്കാന്‍ പ്രേരിപ്പിച്ച ഘടകം.

ബാങ്കിംഗ് രംഗത്തെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായി ആരംഭിച്ച താഴേത്തട്ടിലെ ബാങ്കിംഗ് സ്ഥാപനമാണ് പേയ്‌മെന്റ്‌സ് ബാങ്കുകള്‍. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ 22-ആം വകുപ്പനുസരിച്ചാണ് 2015 ആഗസ്റ്റ് 19ന് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ഒരു ലക്ഷത്തില്‍ താഴെ തുക മാത്രം നിക്ഷേപം എന്ന പരിധി നിശ്ചയിച്ച് ക്രെഡിറ്റ് കാര്‍ഡോ ലോണുകളോ നല്‍കാന്‍ അനുവാദമില്ലാതെ ഡെബിറ്റ് / എടിഎം കാര്‍ഡുകളും മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗും മാത്രം അനുവദിക്കുന്ന ചെറുകിട ബാങ്കിംഗ് സേവനദാതാക്കളാണ് പേയ്‌മെന്റ് ബാങ്കുകള്‍.

ആദ്യമായി ഭാരതി എയര്‍ടെല്ലും രണ്ടാമതായി പേയ്ടിഎമ്മും മൂന്നാമതായി ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമാണ് ഇന്ത്യയില്‍ പേയ്‌മെന്റ് ബാങ്ക് സേവനങ്ങള്‍ ആരംഭിച്ചത്. പതിനൊന്ന് ലൈസന്‍സുകളാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് അനുവദിച്ചത്. ഒരു ലക്ഷത്തില്‍ താഴെ തുക മാത്രം നിക്ഷേപം എന്ന പരിധി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ചു നല്‍കുമെന്ന് പറയപ്പെടുന്നു. 25% ശാഖകള്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിപ്പെടാത്ത ഗ്രാമീണ മേഖലകളിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സര്‍ക്കാര്‍ മേഖലയിലെ പോസ്റ്റല്‍ വകുപ്പ് ഇന്ത്യയൊട്ടാകെയുള്ള വിശ്വാസ്യമായ ശൃംഘലയിലൂടെ അവതരിപ്പിക്കുന്നുവെന്നതു ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന് വന്‍ പ്രചാരം ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് നമുക്കൊന്ന് നോക്കാം...

സഫല്‍, സുഗം, സരള്‍ എന്നിങ്ങനെ മൂന്ന് തരം അക്കൗണ്ടുകളാണ് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് നല്‍കുന്നത്. പത്ത് വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും കെവൈസി രേഖകള്‍ (ആധാര്‍ കാര്‍ഡ് മതിയാകും) നല്‍കുന്ന പക്ഷം അക്കൗണ്ട് ആരംഭിക്കാം. നൂറു രൂപയാണ് അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ ചുരുങ്ങിയ തുക. ഒരു ഫോട്ടോയും നല്‍കണം. അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ചുരുങ്ങിയ തുകയ്ക്ക് പരിധികള്‍ ഒന്നും ഇല്ല. എന്നാല്‍ പരമാവധി ഒരു ലക്ഷം രൂപയില്‍ അധികം അക്കൗണ്ടില്‍ ഇടാന്‍ പറ്റില്ലെന്നൊരു ന്യൂനതയുണ്ട്. സരള്‍ അക്കൗണ്ടില്‍ ഈ പരിധി അന്‍പതിനായിരം രൂപ മാത്രമാണ്.

എടിഎം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. ഒന്നിലധികം കാര്‍ഡ് വേണമെങ്കിലും ലഭിക്കും. പക്ഷേ നൂറു രൂപ ചാര്‍ജ് നല്‍കണം. ആദ്യ വര്‍ഷം മാത്രമാണ് എടിഎം കാര്‍ഡുകള്‍ സൗജന്യം. ആദ്യ വര്‍ഷത്തിനു ശേഷം നൂറു രൂപ വീതം വാര്‍ഷിക ചാര്‍ജ്ജ് ഈടാക്കും. എടിഎം പിന്‍ നഷ്ടപ്പെട്ടു പോകുകയോ മറന്നു പോകുകയോ ചെയ്താല്‍ അന്‍പത് രൂപ പിന്‍ റീജനറേഷന്‍ ചാര്‍ജ്ജ് ഈടാക്കും.

മാസത്തിലോ ത്രൈമാസികത്തിലോ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ചുരുങ്ങിയ തുകകള്‍ക്ക് പരിധി നിശ്ചയിക്കാത്തതിനാല്‍ ചാര്‍ജ്ജൊന്നുമില്ല. അക്കൗണ്ടില്‍ സൂക്ഷിക്കുന്ന പണത്തിന് 5.5% വാര്‍ഷിക പലിശ ത്രൈമാസികമായി ലഭിക്കും. മൊബൈല്‍ / ഇ-മെയില്‍ വഴി ലഭിക്കുന്ന ഇടപാടുവിവരങ്ങള്‍ സൗജന്യമാണ്. പോസ്റ്റ്മാന്‍ വശം പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാം. അതിന് തുകയനുസരിച്ച് 15 മുതല്‍ 35 രൂപ വരെ ഈടാക്കും. 2000 വരെ പതിനഞ്ച് രൂപയും 2001 മുതല്‍ 5000 വരെ 25 രൂപയും 5001 മുതല്‍ 10000 വരെ 35 രൂപയുമാണ് ഈടാക്കുക. മറ്റ് ബാങ്കുകളിലേക്ക് മാസം രണ്ട് ഇടപാടുകള്‍ സൗജന്യമാണ്. അതിലധികമായാല്‍ ചാര്‍ജ്ജ് ഈടാക്കും.

എന്‍ഇഎഫ്റ്റി വഴി പതിനായിരം രൂപ വരെ 2 രൂപ അന്‍പത് പൈസയും പതിനായിരത്തിനു മുകളില്‍ ഒരു ലക്ഷം വരെ അഞ്ച് രൂപയും ചാര്‍ജ്ജ് ഈടാക്കും. ഐഎംപിഎസ്, യുപിഐ, യൂഎംഎസ് (പരമാവധി 5000 രൂപ) തുടങ്ങിയ മൊബൈല്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് ഇടപാടൊന്നിന് 4 രൂപയും ചാര്‍ജ്ജ് ഈടാക്കും. ആറു മാസത്തിനകം അക്കൗണ്ട് നിര്‍ത്തലാക്കുന്ന പക്ഷം 250 രൂപ സര്‍വീസ് ചാര്‍ജ്ജായി ഈടാക്കും.

ഒരു മാസത്തില്‍ ആദ്യ നാല് ഇടപാടുകള്‍ സൗജന്യമാണ്. അത് നിക്ഷേപമോ പിന്‍വലിക്കലോ ആകാം. അതിനു മുകളിലായാല്‍ ഓരോ ഇടപാടിനും 20 രൂപ നിരക്കില്‍ ചാര്‍ജ്ജുകള്‍ ഈടാക്കും. പ്രതിമാസമാണ് ഇത് കണക്കാക്കുക. ഇന്ത്യ പോസ്റ്റ് / പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎമ്മുകളില്‍ ഇടപാടുകള്‍ സൗജന്യമാണ്. പക്ഷേ ഒരു തവണ പതിനായിരം വരെയും ദിവസം 25000 വരെയുമാണ് പരമാവധി എടുക്കാന്‍ കഴിയുക. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നത് മെട്രോ നഗരങ്ങളില്‍ 3 തവണയും മറ്റിടങ്ങളില്‍ 5 തവണയും സൗജന്യമാണ്. അതിനു മുകളില്‍ 20 രൂപ വീതം സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും.

പ്രതിദിനം എടിഎം വഴി 25000 രൂപ വരേയും കടകളില്‍ സൈ്വപ്പ് ചെയ്യുന്നതിന് 40000 വരേയുമാണ് പരിധി. എടിഎമ്മില്‍ ബാലന്‍സ് പരിശോധിക്കുകയോ മറ്റോ ചെയ്താല്‍ അതിന് 8 രൂപ നിരക്കില്‍ ഈടാക്കും.

എടിഎം കാര്‍ഡ് തപാല്‍ വഴിയാണ് വീട്ടിലെത്തുക. ആളില്ലാതെയോ വിലാസം തെറ്റിയോ അത് മടങ്ങാനിടയായാല്‍ നൂറു രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. ചെക്ക് മടങ്ങാനിടയായാല്‍ അതിനും ക്ലിയറിംഗ് ചാര്‍ജിന്റെ നൂറു ശതമാനം കണക്കാക്കി ഈടാക്കും.

ഈ ചാര്‍ജ്ജുകള്‍ക്കൊക്കെത്തന്നെ അതാതു സമയത്തെ നിരക്കനുസരിച്ച് സര്‍വീസ് ടാക്‌സും അടയ്‌ക്കേണ്ടി വരും. ഇപ്പോഴത്തെ നിരക്കില്‍ അധികമായി നടത്തുന്ന ഒരു ഇടപാടിന് ഇരുപത് രൂപ ഈടാക്കുമ്പോള്‍ അതിന്റെ 15% ആയ 3 രൂപ കൂടി ചേര്‍ത്ത് 23 രൂപയാകും അക്കൗണ്ടില്‍ കുറയുക. അതേപോലെ തന്നെ 115 രൂപയാകും ആദ്യ വര്‍ഷത്തിനു ശേഷം എടിഎം കാര്‍ഡ് നിരക്കായി ഈടാക്കുക.

പ്രധാനമായും പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് പ്രവര്‍ത്തിക്കുക. എടിഎം കേന്ദ്രങ്ങളും അവിടെയാകും. അതിനാല്‍ തന്നെ സാധാരണ നഗരങ്ങളില്‍ പലപ്പോഴും പോസ്റ്റ് ഓഫീസ് തെരഞ്ഞ് സമയം കളയേണ്ടതായി വരും എന്നൊരു പോരായ്മയുണ്ട്. ഒരു ലക്ഷം രൂപയില്‍ അധികം അത് ഒരു ലക്ഷത്തി ഒന്നു രൂപയാണെങ്കില്‍ പോലും അക്കൗണ്ടില്‍ ഇടാന്‍ കഴിയില്ലെന്നതും പോരായ്മയാണ്. അന്‍പതിനായിരം രൂപ അക്കൗണ്ടിലുള്ളപ്പോള്‍ അറുപതിനായിരം രൂപ ഒരു ചെക്കായി ലഭിച്ചാല്‍ അത് ഡിപ്പോസിറ്റ് ചെയ്യണമെങ്കില്‍ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ ഒരാവശ്യവും ഇല്ലെങ്കില്‍ കൂടി പിന്‍വലിക്കേണ്ടതായി വരും.

പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്ന പലതും ഇതുമായി ഒരു പൊരുത്തവും ഇല്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. ഇന്ത്യാ പോസ്റ്റ് വെബ്‌സൈറ്റില്‍ ഈ ചാര്‍ജ്ജുകളെപ്പറ്റി വിശദമാക്കിയിട്ടുള്ളതാണ് ഈ പോസ്റ്റിന്റെ ആധാരം. വായിക്കണം എന്നുള്ളവര്‍ക്ക് ഈ ലിങ്കില്‍ അത് വായിക്കാം.... https://www.indiapost.gov.in/Financial/DOP_PDFFiles/IPPBScheduleofCharges.pdf

പലരേയും വിഡ്ഢികളാക്കുന്ന തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ. സ്വയം ഒന്ന് വിലയിരുത്തിയ ശേഷം ഉത്തമ ബോദ്ധ്യത്തോടെ വേണം എന്തെങ്കിലുമൊക്കെ പ്രചരിപ്പിക്കാന്‍... 

RELATED STORIES
� Infomagic - All Rights Reserved.