കോളേജിൽ മാനസികപീഡനമെന്ന് ആരോപണം: മൂന്ന് വിദ്യാ‌ർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
November 11,2017 | 08:21:09 am
Share this on

തിരുവല്ല: ഇന്റേണൽ മാർക്ക് അകാരണമായി കുറച്ചെന്നും പ്രിൻസിപ്പലും അദ്ധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നെന്നും രാഷ്ട്രീയമായി സംഘടിക്കാൻ അവസരമില്ലെന്നും ആരോപിച്ച് തിരുവല്ലയിലെ സ്വകാര്യ കോളേജിലെ മൂന്ന് രണ്ടാം വർഷ ഫാർമസി വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം കടയ്ക്കൽ കൊള്ളിപ്പച്ചയിൽ ഹാറൂൺ യൂസഫ് (21), കോട്ടയം ചിറക്കടവ് തെക്കേടത്ത് കവലയിൽ വയലിൽ വീട്ടിൽ നിഖിൽ ശങ്കർ (21), കൊല്ലം ചന്ദനത്തോപ്പ് ചിത്തിരവീട്ടിൽ അതുൽ കെ. ജോണി (21)എന്നിവരാണ് ഇന്നലെ ജീവനൊടുക്കാൻ ഒരുങ്ങിയത്.

രാവിലെ കോളേജിലെ ശൗചാലയത്തിൽ വച്ച് ഇടതു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ ഹാറൂണിനെ അധികൃതർ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് 12ന് നിഖിൽ ശങ്കറും അതുലും കോളേജിലെ അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഫയർഫോഴ്‌സും പൊലീസും വിദ്യാർത്ഥികളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വിവരമറിഞ്ഞെത്തിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ ധ‌ർണ നടത്തി. തുട‌ർന്ന് നേതാക്കളുമായി നടന്ന ചർച്ചയിൽ പ്രശ്‌നത്തെക്കുറിച്ച് അഞ്ചംഗസമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതികാരനടപടി ഉണ്ടാകില്ലെന്നും ഉറപ്പ് നൽകി. വിവരമറിയിച്ചതോടെയാണ് വിദ്യാർത്ഥികൾ കെട്ടിടത്തിനു മുകളിൽ നിന്നിറങ്ങിയത്.
 
 
അദ്ധ്യാപകർക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ തിങ്കളാഴ്ച അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് റോബിൻ അറിയിച്ചു. എന്നാൽ വിദ്യാർത്ഥികൾ ആരോപിക്കുന്ന പ്രശ്‌നങ്ങൾ കോളേജിലുണ്ടായിട്ടില്ലെന്നും ആരും പരാതി പറഞ്ഞിട്ടില്ലെന്നുമാണ് കോളേജ് അധികൃതരുടെ ഭാഷ്യം.

RELATED STORIES
� Infomagic - All Rights Reserved.