ജെ.ഡി.യുവിന് ഇടത് മുന്നണിയിലേയ്ക്ക് സ്വാഗതമെന്ന് കോടിയേരി
January 11,2018 | 03:39:50 pm
Share this on

തിരുവനന്തപുരം: ഇടതു മുന്നണിയിലേയ്ക്ക് വരാന്‍ ജനതാദള്‍ (യു) തീരുമാനിച്ചത് സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ അവര്‍ ഇടത് മുന്നണി വിട്ടപ്പോള്‍ തന്നെ ആ തീരുമാനം പുനരാലോചിയ്ക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. ജെ.ഡി.യു യു.ഡി.എഫ് വിടുന്നതോടെ ഐക്യജനാധിപത്യമുന്നണി കൂടുതല്‍ ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു വിന് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. യാതൊരു ഉപാധികളും അവര്‍ മുന്നില്‍ വെച്ചിട്ടില്ല. ബാക്കി കാര്യങ്ങളൊക്കെ പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്യുമെന്നും അവരുടെ പ്രഖ്യാപനം വന്നതല്ലേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ശ്രേയാംസ് കുമാര്‍ എം.എല്‍.എ ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി കൂടി കാഴ്ച്ചയും നടത്തി.

ഇന്നു ചേര്‍ന്ന ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടത് മുന്നണിയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.എല്‍.ഡി.എഫിലേക്ക് പോകാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം. പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനം അംഗീകരിച്ച നിലയ്ക്ക് നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ തീരുമാനം പാസാക്കും.

ബിജെപി ചേരിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എം. പിയായി തുടരാനാകില്ലെന്ന നിലപാട് കൈക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം. പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. ഇത് ഇടത് മുന്നണി പ്രവേശനത്തിന് വേണ്ടിയായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷണം.

 

 

RELATED STORIES
� Infomagic - All Rights Reserved.