സിപിഎം ഭീകരത നേരിടാൻ ബിജെപിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ: സുരേന്ദ്രൻ
February 13,2018 | 06:23:51 pm
Share this on

കോഴിക്കോട് :സിപിഎമ്മിന്റെ ഭീകരതയെ നേരിടാൻ കോൺഗ്രസ് അണികൾക്ക് ബിജെപിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുരേന്ദ്രന്റെ പ്രതികരണം.

ആർഎസ്എസ്സും സിപിഎമ്മും ഒരുപോലെയാണെന്നു പറഞ്ഞ് ഇത്രയും കാലം സിപിഎമ്മിനെ വെള്ളപൂശുകയായിരുന്നു ചെന്നിത്തലയും കൂട്ടരുമെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിനെ പ്രതിരോധിക്കാൻ കേരളത്തിൽ ഇനി കോൺഗ്രസ്സിനു കഴിയില്ല. കാലങ്ങളായുള്ള ഒത്തുതീർപ്പും കൂട്ടുകച്ചവടവും കോൺഗ്രസ്സിനെ കേരളത്തിൽ നിലംപരിശാക്കിക്കഴിഞ്ഞു. സിപിഎമ്മിന്റെ ഭീകരതയെ നേരിടാൻ കോൺഗ്രസ്സ് അണികൾക്ക് ബിജെപിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂവെന്നും സുരേന്ദ്രൻ കുറിച്ചു.

ജനരക്ഷായാത്രയെ സിപിഎമ്മിനൊപ്പം ചേർന്നു പരിഹസിച്ച രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ വിലാപത്തിന് കാൽക്കാശിന്റെ വില പോലുമില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. 

RELATED STORIES
� Infomagic - All Rights Reserved.