കണ്ണൂര്‍ വിമാനത്താവളം: തൊഴില്‍ അവസരങ്ങളും സംരംഭകത്വ സാധ്യതകളും
April 16,2018 | 12:43:38 pm

കണ്ണൂരിലെയും അനുബന്ധ ജില്ലകളിലേയും പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വലിയൊരു ആശ്വാസമായാണ് കണ്ണൂര്‍ എയര്‍പ്പോര്‍ട് വരുന്നത്. എയര്‍പ്പോര്‍ട്ട് വരുന്നതോടെ നിരവധി തൊഴിലവസരങ്ങളും സംരംഭകത്വ സാധ്യതകളും തുറന്നിടുന്നുണ്ട്. വിമാനത്താവളം തുറക്കുന്നതിനായുള്ള അവസാനവട്ട പണികളാണ് നിലവില്‍ പുരോഗമിക്കുന്നത്. 

പണിപൂര്‍ത്തിയാകുന്നതോടെ നിരവധി തൊഴിലവസങ്ങള്‍ ലഭ്യമാകും. നിലവില്‍ ബാഗേജ് ഹാന്‍ഡ്‌ലിംഗിനായി രണ്ട് ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ഇവിടെ തദ്ദേശീയരെ തന്നെ ജീവനക്കാരായി നിയമിക്കും. ഹൗസ് കീപ്പിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയുടെ കരാര്‍ നല്‍കി. വിമാനങ്ങളുടെ ചെറിയ തോതിലുള്ള റിപ്പയറിംഗിനുള്ള കരാറും നല്‍കി. ഇവിടെയും തൊഴിലവസരമുണ്ട്.

പുതിയ സംരംഭം ആരംഭിക്കുന്നതില്‍ പ്രധാനമായ ഒന്നാണ് ടൂറിസം. താമസ സൗകര്യം, ടൂര്‍ ഓപറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ വലിയ സാധ്യതകള്‍ തുറന്നു വരും. ഇതിനു പുറമേ ബാഗേജ് റാപ്പിംഗ് സര്‍വീസ്, ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് സര്‍വീസ്, ഏവിയേഷന്‍ ട്രെയ്‌നിംഗ് സ്‌കൂള്‍, ഏവിയേഷന്‍ ഇന്‍ഡസ്ട്രിക്കായുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സി, പ്രൈവറ്റ് ജെറ്റ് ബുക്കിംഗ് സര്‍വീസ്, എയര്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ്, പാക്കിംഗ് മെറ്റീരിയല്‍ ഉല്‍പ്പാദനം തുടങ്ങി വിവിധ സംരംഭക അവസരങ്ങളും ഇതിനോട് ചേര്‍ന്ന് ഉയര്‍ന്നു വരുന്നുണ്ട്.

ഇത്കൂടാതെ, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പുതിയൊരു ആപ്പ് കൂടി പുറത്തിറക്കുന്നുണ്ട്. കരാര്‍ വ്യവസ്ഥയില്‍ ഏജന്‍സികള്‍ക്ക് ഇതിന്റെ ചുമതല നല്‍കും. ഓണ്‍ലൈന്‍ ടാക്‌സി സേവനം, ഫ്‌ളൈറ്റ് പുറപ്പെടുന്നതും എത്തുന്നതുമായ സമയം, ഷോപ്പിംഗ് എന്നിവയെല്ലാം ഈ ആപ്ലിക്കേഷനിലൂടെ നടത്താനും അറിയാനുമാകും.

നിര്‍മാണവുമായി ബന്ധപ്പെട്ട അവസരങ്ങള്‍

  •  കാര്‍ഗോ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തിയില്‍ പരിചയസമ്പന്നരായവര്‍ക്ക് പങ്കെടുക്കാം
  • സിഐഎസ്എഫ് ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ബാരക് നിര്‍മാണം.
  • കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ഓഫീസ് കോംപ്ലക്‌സ് നിര്‍മാണം
  • എയര്‍പോര്‍ട്ടിന് പുറത്തുള്ള ഏകദേശം 40 കിലോമീറ്ററോളം വരുന്ന റോഡ് നിര്‍മാണം.
  • ലാന്‍ഡ് സ്‌കേപിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇതിനും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

മറ്റ് അവസരങ്ങള്‍

  • മറ്റു ജീവനക്കാര്‍ക്കുള്ള താമസ സൗകര്യത്തിനായി കെട്ടിട നിര്‍മാണം നടത്താം. അത് വാടകയ്ക്ക് നല്‍കാം.
  • കാര്‍ഗോ കോംപ്ലക്‌സ് പൂര്‍ത്തിയാകുന്നു. അതോടെ കയറ്റുമതിയും ഇറക്കുമതിയും തുടങ്ങാം. പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, നട്ട്‌സ് എന്നിവ കയറ്റുമതിക്കായി മാത്രം കൃഷി ചെയ്യാം. അതോടൊപ്പം സംസ്‌കരിച്ച് കയറ്റി അയയ്ക്കുന്ന രീതിയും അവലംബിക്കാം.
  • 700 ലേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അത് നിയന്ത്രിക്കുന്നതിനായി ഏജന്‍സിയെ തേടി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.
  • ടെര്‍മിനല്‍ ബില്‍ഡിംഗിനു പുറത്ത് ബിസിനസ് സംരംഭങ്ങള്‍ക്കുള്ള സൗകര്യമുണ്ട്. അതിനായി ടെന്‍ഡര്‍ വിളിച്ചു. 
  • വിമാനത്താവളവുമായി ബന്ധപ്പെട്ട് പുറത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കുന്നതിനായി കരാര്‍ നല്‍കും. ഇതിനുള്ള സ്ഥലം കിയാല്‍ നല്‍കും. ഒരു കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കാനുള്ള പദ്ധതിയുണ്ട്. 
  • എയര്‍പോര്‍ട്ടിന് അകത്ത് മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഡോക്റ്റര്‍ മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ആംബുലന്‍സുമൊക്കെ ഒരുക്കാനാണിത്. നിലവില്‍ ഹോസ്പിറ്റല്‍ നടത്തുന്നവരില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. 
  • പുറത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കാനുള്ള ആലോചനയുണ്ട്. സ്ഥലം കിയാല്‍ നല്‍കും. 
  • ആയുര്‍വേദിക് വെല്‍നെസ് സെന്ററും ഇതോടൊപ്പം പരിഗണനയിലുണ്ട്. റിസോര്‍ട്ട് മാതൃകയില്‍ വിദേശികള്‍ക്ക് ഇവിടെ താമസിച്ച് ആയുര്‍വേദ ചികിത്സ നടത്താനും അതേ കുറിച്ച് പഠിക്കാനും അവസരമൊരുക്കും. 
  • വിമാനത്താവളത്തിന് ആവശ്യമായ വാഹനങ്ങള്‍ ഒന്നും തന്നെ കിയാല്‍ വാങ്ങില്ല, പകരം വാടകയ്ക്ക് എടുക്കാനാണ് ഉദ്ദേശിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാം. അതില്‍ തന്നെ ഡ്രൈവറായി ജോലി ചെയ്യാനുമാകും.
  • ഫ്‌ളൈറ്റ് കിച്ചന്‍: വിമാനത്തിലേക്കും ജീവനക്കാര്‍ക്കുമുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള ഫ്‌ളൈറ്റ് കിച്ചന്‍ നടത്തുന്നതിനു ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. സ്ഥലം കിയാല്‍ നല്‍കും. വിമാനകമ്പനികളുമായി കരാര്‍ വെച്ച് ഭക്ഷണം ഉണ്ടാക്കി നല്‍കാം. 
  • മറ്റു എയര്‍പോര്‍ട്ടുകളിലെന്ന പോലെ പ്രീപെയ്ഡ് ടാക്‌സി സംവിധാനം ഇവിടെയും ഉണ്ടാകും. അത് ഏറ്റെടുത്ത് നടത്താല്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമാന ജീവനക്കാരുടെ യാത്രക്കായുള്ള ബസുകളും വേണം. 
  • ആര്‍ട്ട് വര്‍ക്കുകള്‍: വിമാനത്താവളത്തിനകം അലങ്കരിക്കാന്‍ കലാസൃഷ്ടികള്‍ കൂടി വേണം. പെയ്ന്റിംഗുകള്‍, മ്യൂറല്‍ വര്‍ക്കുകള്‍, ശില്‍പ്പങ്ങള്‍ എന്നിവ ആവശ്യമുണ്ട്. 
  • പരസ്യങ്ങള്‍: വിമാനത്താവളത്തിനകത്ത് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏജന്‍സികള്‍ക്ക് അത് വാടകയ്ക്ക് എടുത്ത് വില്‍ക്കാനാകും.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.