പശുക്കളെ പരിപാലിക്കാം വിളർച്ചയില്ലാതെ
January 02,2018 | 10:17:32 am

ഓജസ്സും തേജസ്സും നഷ്ടപ്പെടുത്തി പശുക്കളുടെ ഉല്‍പാദന പ്രത്യുല്‍പാദന രോഗപ്രതിരോധശേഷികളില്‍ കുറവു വരുത്തി നേരിട്ടും അല്ലാതെയും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന അവസ്ഥയാണ് വിളര്‍ച്ചാരോഗം അഥവാ സാധാരണ ഭാഷയില്‍ ശരീരത്തിലെ രക്തക്കുറവ് എന്നത്.  കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ നല്‍കിയാല്‍ രോഗവിമുക്തി നേടാവുന്ന ഒന്നാണിത്.
സമീകൃത തീറ്റയുടെ അഭാവം, ആന്തരിക-ബാഹ്യ പരാദ രോഗങ്ങള്‍, പോഷകക്കുറവ് തുടങ്ങിയവയാണ് വിളര്‍ച്ചയുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. കന്നുകാലികളിലെ കുടലിലും ആമാശയത്തിലും നാടവിര, ഉരുണ്ട വിര, ഫ്‌ളാറ്റ് വേം എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന വിരകള്‍ കുടല്‍ഭിത്തികളില്‍ വ്രണങ്ങള്‍ ഉണ്ടാക്കി രക്തസ്രാവവും ഒപ്പം ശരിയായ ആഹാര ആഗീരണവും തടയുന്നു. വയറിളക്കം, ക്ഷീണം, വിശപ്പില്ലായമ എന്നിവയായിരിക്കും ഇതിന്‍റെ ഫലം.
പശുവിന്‍റെ ചാണകം നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് കൃത്യമായ ചികിതസ നല്‍കണം. രക്തപരാദങ്ങളുണ്ടാക്കുന്ന പട്ടുണ്ണിപ്പനി, വട്ടന്‍ പനി തുടങ്ങിയ രോഗങ്ങള്‍ രക്തകോശങ്ങളെ നശിപ്പിക്കുന്നു. കന്നുകാലികളുടെ തൊലിയുടെ പുറത്ത് കാണപ്പെടുന്ന ചെള്ള്, പേന്‍ തുടങ്ങിയവ ശരീരത്തില്‍ നിന്നും നേരിട്ട് രക്തം കുടിച്ച് വിളര്‍ച്ചയുണ്ടാക്കുന്നു. ചെള്ള് പോലെയുളള ബാഹ്യപരാദങ്ങള്‍ രക്തപരാദങ്ങളുടെ രോഗവാഹകര്‍ കൂടിയായിരിക്കും. കഠിനമായ പനി, രക്തനിറമുള്ള മൂത്രം, വിളര്‍ച്ച തുടങ്ങിയവയാണ് പ്രധാന രക്തപരാദ രോഗങ്ങളുടെ ലക്ഷണങ്ങള്‍. രക്തപരിശോധന വഴി രോഗനിര്‍ണ്ണയം നടത്തി യഥാവിധി ചികിത്സ പ്രാഥമിക ഘട്ടത്തില്‍ തന്നെ നല്‍കണം.
ഇരുമ്പ്, ചെമ്പ്, കൊബാള്‍ട്ട്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നതിന് ആവശ്യമാണ്. മണ്ണില്‍ ഈ ധാതുക്കള്‍ കുറവായാല്‍ തീറ്റപ്പുല്ലിനും തല്‍ഫലമായി കന്നുകാലികളിലും ഇവയുടെ കുറവുണ്ടാകാം. ധാതുലവണ മിശ്രിതങ്ങള്‍ കന്നുകാലികളുടെ തീറ്റയില്‍ ആവശ്യമനുസരിച്ച് ഉള്‍പ്പെടുത്തി പോഷക ന്യൂനതകള്‍ പരിഹരിക്കാം.
സാധാരണ അവസ്ഥയില്‍ ചുവപ്പുമയത്തില്‍ കാണപ്പെടുന്ന കണ്ണിന് താഴെയുള്ള ശ്ലേഷ്മസ്തരത്തിന്‍റെ  നിറം വിളര്‍ച്ചയുടെ വസ്ഥയനുസരിച്ച് ചെറിയ ചുവപ്പുമയമോ, വെളുപ്പിലോ ആയി കാണാം. കൂടാതെ തളര്‍ച്ച, ക്ഷീണം, പരുക്കന്‍ രോമാവരണം, മിനുസം നഷ്ടപ്പെട്ട ചര്‍മ്മം, കിതപ്പ്, പാലുല്പാദനത്തിലെ കുറവ് എന്നിവ മറ്റു രോഗലക്ഷണങ്ങളാണ്. കിടാവുകളിലും കിടാരികളിലും മണ്ണു തിന്നല്‍, വയറു ചാടല്‍, രോമം കൊഴിച്ചില്‍, വളര്‍ച്ചയില്ലായ്മ, ഭംഗി നഷ്ടപ്പെട്ട രോമാവരണം ഇവ കാണാം.
കൃത്യ സമയത്തുള്ള വിരയിളക്കല്‍ ബാഹ്യ പരാദ നിയന്ത്രണം, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചാണക, മൂത്ര, രക്ത പരിശോധന, കണ്ണിന്‍റെ ശ്ലേഷ്മ സ്തരത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തീറ്റയില്‍ ധാതുലവണ മിശ്രിതങ്ങള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയോടൊപ്പം പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയവും ചികിത്സയും അനിവാര്യം.

� Infomagic - All Rights Reserved.