സ്വിഫ്ടിനോട് മത്സരിക്കാന്‍ കൂടുതല്‍ ഫീച്ചറുകളുമായി മൈക്ര
August 09,2018 | 07:54:12 am


പുതിയ ഫീച്ചറുകളുമായി 2018 മോഡല്‍ നിസാന്‍ മൈക്ര വിപണിയിലെത്തി. മാരുതി സ്വിഫ്ട് , ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന ബി പ്ലസ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്ന മൈക്രയുടെ എക്‌സ്ഷോറൂം വില 6.20 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.


രണ്ട് എയര്‍ ബാഗുകളും എബിഎസും പുതിയ മൈക്രയുടെ എല്ലാ വകഭേദത്തിനുമുണ്ട്. മുമ്പ് താഴ്ന്ന വകഭേദങ്ങള്‍ക്ക് ഡ്രൈവര്‍ എയര്‍ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്. വേഗം തിരിച്ചറിഞ്ഞ് സ്വയം ഡോര്‍ ലോക്ക് ചെയ്യുന്ന സംവിധാനം, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും പുതിയ ഫീച്ചറുകളാണ്.

ബാഹ്യരൂപത്തില്‍ മാറ്റങ്ങള്‍ കുറവാണ്. ഇരുവശങ്ങളിലുമുള്ള റിയര്‍ വ്യൂ മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പെടുത്തിയത് പുതുമ. ഓട്ടോ ഹെഡ്‌ലാംപുകള്‍ , റയിന്‍ സെന്‍സിങ് വൈപ്പര്‍ ,സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോളുകള്‍ , ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചേഴ്‌സ് പുതിയ മോഡലിലും നിലനിര്‍ത്തിയിരിക്കുന്നു. കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ പുതിയ സൗകര്യങ്ങളാണ്.


ഡാഷ്‌ബോര്‍ഡിലെ 6.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മിറര്‍ ലിങ്ക് നല്‍കി പരിഷ്‌കരിച്ചു. റിയര്‍ പാര്‍ക്കിങ് സെന്‍സറും റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറും പുതുതായി നല്‍കി.
പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ മൈക്രയ്ക്കുണ്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 76 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും നല്‍കും. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണിതിന്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 63 ബിഎച്ച്പി-160 എന്‍എം ആണ് ശേഷി. ഗീയര്‍ബോക്‌സ് അഞ്ച് സ്പീഡ് മാന്വല്‍. മൈലേജ് : ഡീസല്‍ - 23.08 കിമീ/ ലീറ്റര്‍ , പെട്രോള്‍ ഓട്ടോമാറ്റിക് 19.34 കിമീ/ ലീറ്റര്‍.

കൊച്ചി എക്‌സ്ഷോറൂം വില

പെട്രോള്‍  ഓട്ടോമാറ്റിക് :6.20 ലക്ഷം രൂപ- 7.61 ലക്ഷം രൂപ.
ഡീസല്‍ : 7.21 ലക്ഷം രൂപ-7.90 ലക്ഷം രൂപ.

 
Related News
� Infomagic - All Rights Reserved.