റോഡ്‌ സുരക്ഷ പ്രവര്‍ത്തങ്ങള്‍ ഫലം കണ്ടു; സംസ്ഥാനത്തെ വാഹനഅപകട മരണത്തിലും കുറവ്
January 10,2018 | 01:41:03 pm

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണം, അല്ലെങ്കില്‍ ഗുരുതരപരിക്ക്, മലയാളിക്ക് ഇത് ഇന്നൊരു വാര്‍ത്തയേ അല്ല. നിരത്തുകളില്‍ പൊഴിയുന്ന ജീവനുകള്‍ അനാഥമാക്കപ്പെടുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയം ഫലം കണ്ടുതുടങ്ങിയിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. ഫെസ്ബുക്കിലൂടെ അദ്ദേഹം കണക്കുകള്‍ പുറത്ത് വിടുന്നു.               

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017ൽ കേരളത്തില്‍ റോഡപകടങ്ങളില്‍ കുറവുണ്ടായതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 2016ല്‍ 39420 റോഡപകടങ്ങളുണ്ടായപ്പോൾ 2017ൽ 38462 റോഡപകടങ്ങളെ സംസ്ഥാനത്ത് ഉണ്ടായുള്ളൂ. മൊത്തം മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ട്. 2016ൽ 4287മരണങ്ങളുണ്ടായപ്പോൾ 2017ൽ അത് 4035 ആയി കുറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2016ൽ 30100 എന്നതിൽ നിന്നും 29471 ആയും പരിക്കേറ്റവരുടെ എണ്ണം 14008ല്‍ നിന്നും 12840 ആയും കുറഞ്ഞു.

പോലീസും, മോട്ടോർ വാഹനവകുപ്പും, പൊതുമരാമത്ത് വകുപ്പും ആവിഷ്കരിച്ച നിരവധി പദ്ധതികളാണ് റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കുവാനിടയാക്കിയത്. ശുഭയാത്രാ, അപകടത്തിൽപ്പെട്ടവർക്ക് വേഗത്തിൽ ചികിത്സ കിട്ടുന്നതിന് ദേശീയാംഗീകാരം ലഭിച്ച സോഫ്റ്റ് പദ്ധതി (Save Our Fellow Traveller) തുടങ്ങിയവ കേരള പൊലീസിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചു. റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പും നടപ്പിലാക്കി. അപകടങ്ങൾ നടന്ന മേഖലകളിൽ പോലീസിനെ വിന്യസിച്ചതും, കൂടുതൽ നിരീക്ഷണ ക്യാമറകളും, ഇന്റർസെപ്റ്റർ പോലെയുള്ള ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചതും അപകടങ്ങൾ കുറയ്ക്കാനിടയാക്കിയിട്ടുണ്ട്. അലക്ഷ്യമായ പാർക്കിങ് ഒഴിവാക്കാനുള്ള നടപടികളും രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് എതിരെ കര്‍ശനനടപടികള്‍ കൈകൊണ്ടതും അപകടങ്ങൾ കുറയാൻ കാരണമായിട്ടുണ്ട്. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്തജാഗ്രത സര്‍ക്കാര്‍ തുടര്‍ന്നും പുലര്‍ത്തുന്നതായിരിക്കും.

 
� Infomagic - All Rights Reserved.