ഓഡോമീറ്ററിലെ തിരിമറി കണ്ടുപിടിക്കാന്‍
July 10,2018 | 03:22:04 pm

വാഹനം ഇതിനോടകം ഓടിയിട്ടുള്ള ദൂരംകാണിക്കുന്ന ഓഡോമീറ്ററില്‍ കൃത്രിമം കാണിക്കുന്നത് യൂസ്ഡ് കാര്‍ വിപണിയില്‍ സ്ഥിരം ഏര്‍പ്പാടാണ്. ഓഡോമീറ്ററില്‍ അറുപതിനായിരത്തില്‍ താഴെ കിലോമീറ്റര്‍ കാണിക്കുന്ന വണ്ടി വാങ്ങി ഏതാനും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാകും താന്‍ തട്ടിപ്പിന് ഇരയായെന്ന് ഉടമയ്ക്ക് മനസിലാകുക. വണ്ടിയില്‍ പതിച്ച സര്‍വീസ് സ്റ്റിക്കറില്‍ നിന്നോ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നോ ഒക്കെയാകും യാഥാര്‍ഥ്യം വെളിപ്പെടുന്നത്. അതുകൊണ്ടുതന്നെ യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം.

പഴയ വാഹനങ്ങളില്‍ അക്കങ്ങള്‍ മറിയുന്ന തരം അനലോഗ് ഓഡോമീറ്ററാണുള്ളത്. ഇതിലെ അക്കങ്ങള്‍ പിന്നിലേയ്ക്ക് മറിക്കുന്നത് അനായാസമാണ്. ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ അഴിച്ച മാറ്റി, ഗ്ലാസ് കവര്‍നീക്കി അതിലെ ഡിജിറ്റ് വീലുകള്‍ പിന്നിലേയ്ക്ക് തിരിച്ച് ഏത് കിലോമീറ്റര്‍ റീഡിങ്ങിലേയ്ക്കും മാറ്റാന്‍ സാധാരണ വര്‍ക്ക്ഷോപ്പ് പണിക്കാരനു പോലും കഴിയും.  ഇത്തരം കൃത്രിമം തിരിച്ചറിയാന്‍ പെട്ടെന്നു കഴിയില്ല. എന്നാല്‍ പതിനായിരം കിലോമീറ്റര്‍ ഓടിക്കഴിയുമ്പോള്‍ സത്യസ്ഥിതി വ്യക്തമാകും.കൃത്രിമം കാട്ടിയ ഓഡോമീറ്ററിലെ അക്കങ്ങള്‍ ഒരേ നിരകളില്‍ ആയിരിക്കില്ല.

പുതിയ വാഹനങ്ങളിലെ ഡിജിറ്റല്‍ ഓഡോമീറ്ററില്‍ തട്ടിപ്പൊന്നും നടക്കില്ലെന്ന പരക്കെ ഒരു വിശ്വാസമുണ്ട്. എന്നാല്‍ അത് സത്യമല്ല. ഇവിടെ തട്ടിപ്പ് നടത്തുന്നത് ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഊരിമാറ്റിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ലാപ്ടോപ്പുമായി ബന്ധിപ്പിച്ച് അതിനുള്ളിലെ ചിപ്പിലേയ്ക്ക് ആവശ്യമായ മൈലേജ്  ഫ്ലാഷ് ചെയ്ത് കയറ്റും. സര്‍ക്യൂട്ട് ബോര്‍ഡിലെ ചിപ്പ് മാറിവച്ചും കൃത്രിമം നടത്താറുണ്ട്.

കൃത്രിമം കണ്ടെത്താന്‍ ചില മാര്‍ഗങ്ങള്‍

1 . ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സൂക്ഷ്മമായി പരിശോധിക്കുക. അത് ഫിറ്റ് ചെയ്തിരിക്കുന്നതില്‍ അപാകതയുണ്ടോയെന്നു നോക്കണം.ഉറപ്പിക്കാനുപയോഗിക്കുന്ന സ്ക്രൂകള്‍ അഴിച്ചതിന്റെ സൂചനയുണ്ടോയെന്നും നോക്കുക.

2 .എല്ലാ വാഹനനിര്‍മാതാക്കളും അവരുടെ സര്‍വീസ് സെന്ററുകളില്‍ സര്‍വീസ് ചെയ്ത വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.  സര്‍വീസ് സെന്ററില്‍ ജോലിയുള്ള ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ അവരോട് വണ്ടി നമ്പര്‍ വച്ച് സര്‍വീസ് ചരിത്രം പരിശോധിക്കാന്‍ ആവശ്യപ്പെടുക. അവസാനം ചെയ്ത സര്‍വീസ് സമയത്തെ കിലോമീറ്റര്‍ അതിലുണ്ടാകും.

3 .  വാഹന ഉടമയോട് വാഹനത്തിന്റെ സര്‍വീസ് ചരിത്രം ചോദിക്കുക. സര്‍വീസ് ചെയ്തതിന്റെ ബില്ല് ആവശ്യപ്പെടുക. അതിലും കിലോമീറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

4 . കൂടുതല്‍ ദൂരം സഞ്ചരിക്കുന്നവരാണ് ഡീസല്‍ വാഹനം തിരഞ്ഞെടുക്കുക. രണ്ടോ മൂന്നോ വര്‍ഷം ആകുമ്പോള്‍ തന്നെ ആ വണ്ടികള്‍ ഒരു ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിയും. അതുകൊണ്ടുതന്നെ ഡീസല്‍ വാഹനത്തിന്റെ ഓഡോമീറ്ററില്‍ കൃത്രിമം കാട്ടാനുള്ള സാധ്യത കൂടുതലുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം മാത്രം ഡീസല്‍ വണ്ടി വാങ്ങുക.

5 . ഒരു ലക്ഷം കിലോമീറ്ററിനുമേല്‍ ഉപയോഗിച്ചിട്ടുള്ള വാഹനങ്ങളുടെ ക്ലച്ച് , ബ്രേക്ക്, ആക്സിലറേറ്റര്‍ പെഡലുകള്‍ക്ക് തേയ്മാനം വന്നിട്ടുണ്ടാകും. സീറ്റിന്റെ തേയ്മാനവും പരിശോധിക്കുക. ഓഡോമീറ്ററിലെ റീഡിങ്ങും ഇത്തരം തേയ്മാനങ്ങളും തമ്മില്‍ പൊരുത്തക്കേട് തോന്നിയാല്‍ ആ വാഹനം വാങ്ങാതിരിക്കുക.

 
� Infomagic - All Rights Reserved.