കാറിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം ഇരട്ടിയായി; ബൈക്കിനും പത്ത് ശതമാനം
October 11,2018 | 03:50:50 pm

പുതിയ വാഹനം സ്വന്തമാക്കുമ്പോള്‍ ഉടമകള്‍ അടയ്‌ക്കേണ്ട ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയോളം വർധിച്ചു. സെപ്തംബര്‍ മുതലാണ് പുതുക്കിയ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. കോടതി വിധിയെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ വര്‍ധനവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വാഹനങ്ങള്‍ക്ക് ബാധകമാക്കിയുള്ളതായിരുന്നു ഇത് സംബന്ധിച്ച ആദ്യത്തെ വിധി. 15 ലക്ഷം രൂപയുടെ അപകട രക്ഷാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നതായിരുന്നു രണ്ടാമത്തെ വിധി. ഇതോടെ സെപ്തംബര്‍ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയായിരുന്നു.

നിലവിലെ നിയമം അനുസരിച്ച്‌ ഇരുചക്ര വാഹനം വാങ്ങുന്നയാള്‍ നിര്‍ബന്ധമായും അഞ്ച് വര്‍ഷത്തേക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സും ഒരു വര്‍ഷത്തേക്കുള്ള അപകടരക്ഷാ ഇന്‍ഷൂറന്‍സും എടുത്തിരിക്കണം. വാഹനമെടുക്കുമ്ബോള്‍ ചേരുന്ന പോളിസിക്ക് പുറമേയാണിത്. ഇതോടെ 75,000 രൂപ വിലയുള്ള 150 സിസി ബൈക്ക് വാങ്ങുന്നയാള്‍ ഇന്‍ഷൂറന്‍സിനത്തില്‍ മാത്രം 7,600 രൂപ നല്‍കണം.

ഇതുപോലെ തന്നെ കാറ് വാങ്ങുമ്ബോള്‍ മൂന്ന് വര്‍ഷത്തേയ്ക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയവും പഴ്‌സണല്‍ ആക്‌സിഡന്റ് പരിരക്ഷ നല്‍കുന്നതിനുള്ള 750 രൂപയും നല്‍കേണ്ടതുണ്ട്. വാഹനം എടുക്കുമ്ബോള്‍ ഡീലര്‍ നല്‍കുന്ന പരിരക്ഷയ്ക്ക് പുറമേയാണിത്. ഇതോടെ 10,00 സിസി കാര്‍ വാങ്ങുന്ന ഉപഭോക്താവ് 20,000 രൂപ ഇന്‍ഷൂറന്‍സ് പ്രീമിയമായി മാത്രം നല്‍കേണ്ടി വരും. മുന്‍പ് ഇത് 10,000 രൂപയായാണ് നിശ്ചയിച്ചിരുന്നത്.

വ്യക്തികളുടെ പേരിലെടുക്കുന്ന അപകടരക്ഷാ ഇന്‍ഷൂറന്‍സ് ഗഡുക്കളായി അടയ്ക്കാമെന്ന് ഐആര്‍ഡിഎഐ കഴിഞ്ഞയാഴ്ച വ്യക്താക്കിയിരുന്നു.

 
� Infomagic- All Rights Reserved.