പോര്‍ഷെ 911 ജിടി 2 ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍
July 11,2018 | 10:04:28 am


തകര്‍പ്പന്‍ പെര്‍ഫോമന്‍സുകൊണ്ട് വാഹനപ്രേമികളുടെ മനം കീഴടക്കിയ 911 ജിടി 2 ആര്‍എസിനെ പോര്‍ഷെ ഇന്ത്യയില്‍ അവതരിപ്പിച്ചു.  ജര്‍മന്‍ കമ്പനി പോര്‍ഷെ നിര്‍മിച്ചതില്‍ വച്ചേറ്റവും വേഗമേറിയ 911മോഡലാണ് രണ്ടാം തലമുറ 911 ജിടി 2 ആര്‍എസ്.ട്രാക്കിലോടുന്ന സ്പോര്‍ട്സ് കാറിനു സമാനമായ പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന ഈ മോഡലിന് ഇരട്ട ടര്‍ബോയുള്ള 3.8 ലീറ്റര്‍ , ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്.700 ബിഎച്ച്പി - 750 എന്‍എം ശേഷിയുള്ള സ്പോര്‍ട്സ് കാറിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ വെറും 2.8 സെക്കന്‍ഡ് മതി. റിയര്‍ വീല്‍ ഡ്രൈവ് സ്പോര്‍ട്സ് കൂപ്പെയ്ക്ക് മണിക്കൂറില്‍ 340 കിലോമീറ്ററാണ് പരമാവധി വേഗം. ഡബിള്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ് മിഷനാണ് ഉപയോഗിക്കുന്നത്.

ഫുള്‍ ടാങ്ക് ഇന്ധനം അടക്കം 1,470 കിലോഗ്രാം ഭാരമുള്ള സ്പോര്‍ട്സ് കൂപ്പെ രണ്ട് സീറ്ററാണ്. ഒന്നാം തലമുറ 911 ജിടി 2 ആര്‍എസുമായി താരതമ്യപ്പെടുത്തുമ്പോള്‍ കരുത്തും ടോര്‍ക്കും യഥാക്രമം 80 ബിഎച്ച്പി, 50 എന്‍എം കൂടുതലുണ്ട് പുതിയ മോഡലിന്.

കൊച്ചിയിലേത് അടക്കമുള്ള പോര്‍ഷെ സെന്ററുകളില്‍ വില്‍പ്പനയ്ക്കുള്ള 911 ജിടി 2 ആര്‍എസിന് 3.88 കോടി രൂപയാണ് എക്സ്‍ഷോറൂം വില.

 
� Infomagic - All Rights Reserved.