മഴയ്ക്ക് ശേഷം കാര്‍ ഉടനടി കഴുകണമെന്ന് പറയാന്‍ കാരണം
December 13,2017 | 01:03:51 pm

കാര്‍ വൃത്തിയായി കൊണ്ടുനടക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ദിവസവും കാര്‍ കഴുകാനുള്ള മെനക്കേട് കണക്കിലെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ അല്ലെങ്കില്‍ രണ്ടാഴ്ചയില്‍ ഒരിക്കലായാകും മിക്കവരും കാര്‍ വൃത്തിയാക്കുക. ഇനി ഇടയ്ക്ക് ഒരു മഴ പെയ്താല്‍ കൂടുതല്‍ സന്തോഷം. ഒരുപരിധി വരെ മഴവെള്ളത്തില്‍ കാര്‍ വൃത്തിയായി കിട്ടുമല്ലോ! പെയ്തിറങ്ങുന്ന മഴയില്‍ കാറിന്മേലുള്ള ചെളിയും പൊടിയും ഏറെക്കുറെ വൃത്തിയാക്കപ്പെടുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ ഈ പതിവ് ശരിയാണോ? യാഥാര്‍ത്ഥ്യത്തില്‍ കാറില്‍ മഴവെള്ളമേല്‍ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. കാരണം പല അവസരത്തിലും മഴവെള്ളത്തില്‍ വായുവിലുള്ള മാലിന്യങ്ങളും ഉള്ളടങ്ങിയിട്ടുണ്ടാകും. ഇത് ജലത്തിന്റെ അമ്ലത്വം വര്‍ധിപ്പിക്കും. മഴയ്ക്ക് ശേഷം കാര്‍ പെയിന്റിന് മേലെ പ്രത്യക്ഷപ്പെടുന്ന ജല കണങ്ങളുടെ പാടുകള്‍ ഇതേ അമ്ലത്വത്തിന്റെയും കൂടി പ്രഭാവമാണ്.

മഴയ്ക്ക് ശേഷം കാറിന് മേലുള്ള ജലം നീരാവിയായി പോകുമെങ്കിലും മാലിന്യങ്ങള്‍ സൂക്ഷമപാളിയായി കാറില്‍ തന്നെ അടിഞ്ഞുകൂടും. ഇത് എക്സ്റ്റീരിയര്‍ പെയിന്റ് ഫിനിഷില്‍ മങ്ങലേല്‍പിക്കും. അതിനാല്‍ മഴയ്ക്ക് ശേഷം കാര്‍ വൃത്തിയായി കഴുകാതിരുന്നതാല്‍ പെയിന്റ് അതിവേഗം മങ്ങും. മഴയ്ക്കൊപ്പം മഞ്ഞും കാര്‍ പെയിന്റിനെ സാരമായി ബാധിക്കും. മഞ്ഞിലുപരി മഞ്ഞ് ഉരുകാന്‍ റോഡില്‍ ഉപയോഗിക്കുന്ന റോഡ് സാള്‍ട്ടുകളും (Road Salt) കാറില്‍ ഏറെ ദോഷം ചെയ്യും. റോഡ് സാള്‍ട്ടില്‍ ഉള്ളടങ്ങിയിട്ടുള്ള രാസഘടകങ്ങളാണ് പെയിന്റില്‍ കോട്ടം വരുത്തുക. അതിനാല്‍ മഞ്ഞ് പ്രദേശത്തിലൂടെ സഞ്ചരിച്ച കാര്‍ കുറഞ്ഞ പക്ഷം പത്ത് ദിവസത്തിനുള്ളിലെങ്കിലും വൃത്തിയായി കഴുകേണ്ടത് അനിവാര്യമാണ്. കാര്‍ കഴുകുമ്പോള്‍ ശുദ്ധമായ വെള്ളം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. റിസൈക്കിള്‍ ചെയ്ത വെള്ളം ഉപയോഗിച്ച്‌ കാര്‍ കഴുകാതിരിക്കുന്നതാണ് ഉചിതം. അതേസമയം പൊടിയും ചെളിയും നിറഞ്ഞ ഇന്ത്യന്‍ കാലാവസ്ഥയില്‍ കാറിന്റെ തിളക്കം എത്രത്തോളം സൂക്ഷിക്കാന്‍ സാധിക്കുമെന്നത് ഒരു ചോദ്യചിഹ്നമാണ്.

കാറില്‍ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍

മൈക്രോ ഫൈബര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക

കാര്‍ വൃത്തിയാക്കുന്നതിന് മുമ്പ് മൈക്രോ ഫൈബര്‍ തുണി കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുക. കഴുകിയതിന് ശേഷമുള്ള വെള്ളം അതിവേഗം തുടച്ച്‌ നീക്കാന്‍ മൈക്രോ ഫൈബറിന് സാധിക്കും. മൃദുവായതിനാല്‍ തന്നെ തുടച്ച പാടുകളും കാറിലുണ്ടാകില്ല. 

ഉണങ്ങിയ തുണി ഉപയോഗിച്ച്‌ ഒരിക്കലും കാര്‍ തുടയ്ക്കരുത്.  

ഉണങ്ങിയ തുണി ഉപയോഗിച്ച്‌ കാര്‍ തുടയ്ക്കാന്‍ ശ്രമിച്ചാല്‍ തിളക്കം എളുപ്പം നഷ്ടപ്പെടും. പൊടിപടലങ്ങള്‍ പെയിന്റിന് മേല്‍ സ്ക്രാച്ചുകളും പാടുകളും വീഴ്ത്തുമെന്നതാണ് ഇതിന് കാരണം. നനഞ്ഞ തുണി ഉപയോഗിച്ച്‌ തുടയ്ക്കുന്നതാണ് അത്യുത്തമം.

വൃത്തിഹീനമായ കാര്‍ ഒരിക്കലും മൂടരുത്

ചെളിയും പൊടിയും നിറഞ്ഞ സാഹചര്യത്തില്‍, കവര്‍ ഉപയോഗിച്ച്‌ കാര്‍ മൂടാന്‍ ശ്രമിക്കുന്നതും തിളക്കം കുറയ്ക്കുന്നതിന് വഴിതെളിക്കും. പൊടിയും ചെളിയും പെയിന്റിന് മേല്‍ പാടുകള്‍ വീഴ്ത്തുമെന്നതാണ് ഇതിനും കാരണം. 

പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിക്കുക

നിങ്ങളുടെ കാര്‍ പുതിയതാണ് എങ്കില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിച്ച്‌ തിളക്കം സംരക്ഷിക്കാം. ഹൈവെ യാത്രകളിലാണ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഏറെ ഫലപ്രദമാവുക. ഒരല്‍പം ചെലവേറിയതാണെങ്കിലും കാറിന്റെ പെയിന്റ് സംരക്ഷിക്കുന്നതില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം നിര്‍ണായക പങ്ക് വഹിക്കും.

തിളക്കം നിലനിര്‍ത്താന്‍ ഷാമ്ബൂ

തിളക്കം നിലനിര്‍ത്തുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ കാര്‍ ഷാമ്ബൂ ഉപയോഗിച്ച്‌ കഴുകുക. ഷാമ്ബൂ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കാര്‍ നന്നായി വെള്ളം ഉപയോഗിച്ച്‌ കഴുകേണ്ടതും ആവശ്യമാണ്.

മുകളില്‍ നിന്നും താഴോട്ട് കാര്‍ കഴുകുക

മുകളില്‍ നിന്നും താഴോട്ടാണ് കാര്‍ കഴുകേണ്ടത്. കാരണം ബമ്പറിലും കാറിന്റെ അടിഭാഗത്തുമാണ് ഏറിയ പങ്ക് ചെളിയും പൊടിയും അടിഞ്ഞ് കൂടിയിട്ടുണ്ടാവുക. അതിനാല്‍ താഴെ നിന്നും മുകളിലോട്ട് വൃത്തിയാക്കുന്ന സാഹചര്യത്തില്‍ പെയിന്റിന് മേല്‍ സ്ക്രാച്ചുകളും പാടുകളും വീഴും. 
� Infomagic - All Rights Reserved.