അയ്യായിരം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിസാന്റെ നോട്ടിസ്
December 03,2017 | 07:13:53 am

ചെന്നൈ: 77 കോടി ഡോളര്‍ (ഏകദേശം 4928 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജപ്പാന്‍ വാഹനനിര്‍മാണ കമ്പനി നിസാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നോട്ടിസ് അയച്ചു. കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചതെന്ന് ആരോപിച്ച് രാജ്യാന്തര തലത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് നോട്ടിസ്.

എന്നാല്‍, രാജ്യാന്തര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിലേക്കു പോകാതെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നു തമിഴ്‌നാട് സര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി കമ്പനി അധികൃതരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഫ്രഞ്ച് കാര്‍ നിര്‍മാണ കമ്പനിയായ റെനോയുമായി ചേര്‍ന്നു ചെന്നൈയില്‍ കാര്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ 2008ല്‍ ഒപ്പുവച്ച കരാറുമായി ബന്ധപ്പെട്ടാണു തര്‍ക്കം.

നികുതി ഇളവ് ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ കരാറിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഇവ നല്‍കിയില്ല. ഇക്കാര്യം ഓര്‍മിപ്പിച്ചു പലവട്ടം കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് കമ്പനി ചെയര്‍മാന്‍ നേരിട്ടു പ്രധാനമന്ത്രിക്ക് അയച്ച അപേക്ഷയും പരിഗണിച്ചില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു രാജ്യാന്തര തര്‍ക്ക പരിഹാര സംവിധാനത്തിലേക്കു നീങ്ങാന്‍ തീരുമാനിച്ചതെന്നു കമ്പനി പറയുന്നു.

 

 
� Infomagic - All Rights Reserved.